
തിളച്ചുമറിയുന്ന വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ സജീവമാകുന്നു. കഴിഞ്ഞ ദിവസം മുതൽ തെക്കൻ കേരളത്തിൽ വ്യാപകമായി മഴ ലഭിച്ചു തുടങ്ങിയപ്പോൾ, വടക്കൻ കേരളത്തിലും വരും മണിക്കൂറുകളിൽ മഴയെത്തുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നും വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ചൊവ്വാഴ്ച മുതൽ തെക്കൻ ജില്ലകളിൽ ലഭിച്ച മഴ ചൂടിന് വലിയ ശമനമാണ് നൽകിയിരിക്കുന്നത്. വടക്കൻ കേരളത്തിൽ നിലവിൽ മഴ കുറവാണെങ്കിലും വ്യാഴാഴ്ചയോടെ സാഹചര്യം മാറും.അതേസമയം വ്യാഴാഴ്ച മുതൽ എട്ട് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്.
ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ശനിയാഴ്ചയ്ക്ക് ശേഷം മഴയിൽ നേരിയ കുറവുണ്ടാകുമെങ്കിലും മേയ് പകുതിയോടെ കാലവർഷത്തിന് മുന്നോടിയായുള്ള ശക്തമായ മഴ കേരളത്തിൽ സജീവമാകുമെന്നാണ് സൂചന.താപനില ഉയർന്നതോടെ ഏർപ്പെടുത്തിയിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പുകൾ പലയിടത്തു നിന്നും പിൻവലിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ വടക്കൻ ജില്ലകളിലേക്ക് കൂടി വ്യാപിക്കുന്നതോടെ സംസ്ഥാനം പൂർണ്ണമായും വേനൽച്ചൂടിൽ നിന്ന് മോചിതമാകുമെന്നാണ് പ്രതീക്ഷ.