കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ് : ലോഡ് ഷെഡ്ഡിംഗ് ഔദ്യോഗികം

Jaihind News Bureau
Tuesday, April 28, 2026

 

വേനൽച്ചൂടിന് പിന്നാലെ കേരളത്തിന് ഇപ്പോൾ വൈദ്യുതി ബോർഡിന്റെ ഷോക്ക്. വൈകുന്നേരം 6 മുതൽ രാത്രി 12 വരെയുള്ള സമയത്താണ് അരമണിക്കൂർ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തിയിരിക്കുന്നത്. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന ഓമനപ്പേരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അറിയിപ്പില്ലാതെ വൈദ്യുതി കട്ട് ചെയ്തിരുന്നു. എന്നാൽ പ്രതിസന്ധി രൂക്ഷമായതോടെ ഇത് ഔദ്യോഗികമായി അംഗീകരിക്കാൻ അധികൃതർ നിർബന്ധിതരായിരിക്കുകയാണ്.

വൈദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വൈകുന്നേരം ആറുമണിമുതൽ രാത്രി പന്ത്രണ്ടുമണിവരെയുള്ള സമയത്താണ് അരമണിക്കൂർ ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്തുന്നത്. കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഈ സമയം വാഹനചാർജിംഗ്, ഇൻഡക്ഷൻ കുക്കർ എന്നിവയുടെ ഉപയോഗം പാടിലലെന്നും നിർദ്ദേശമുണ്ട്. അത്യാവശ്യത്തിനുമാത്രം എസി ഉപയോഗിക്കണമെന്നും അത് 24-26 ഡിഗ്രിയിൽ സെറ്റുചെയ്യണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് അനിയന്ത്രിതമായ അളവിൽ വൈദ്യുത ഉപയോഗം കൂടിയതോടെയാണ് ലോഡ് ഷെഡ്ഡിംഗ് ഏർപ്പെടുത്താൻ കെഎസ്ഇബി നിർബന്ധിതരായത്. 115 ദശലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ പ്രതിദിന ഉപഭോഗം.

പീക്ക് ലോഡ് മാനേജ്മെന്റ് നടപടി അഥവാ ലോഡ് റെസ്ട്രിക്ഷൻ എന്ന പേരിൽ വൈകിട്ട് ആറുമുതൽ രാത്രി രണ്ടുവരെയുള്ള സമയങ്ങളിൽ 10 മുതൽ 30 മിനിട്ടുവരെ വൈദ്യുതി ഇപ്പോൾ കട്ട് ചെയ്യുന്നുണ്ട്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ഇത്.