ഗാന്ധിജിയെ കുറിച്ച് പരാമർശിക്കാതെ മോദിയെ പുകഴ്ത്തി ട്രംപിന്‍റെ കുറിപ്പ്

Jaihind News Bureau
Monday, February 24, 2020

ഇന്ത്യ സന്ദർശനത്തിൽ പരസ്പരം പുകഴ്ത്തി മോദിയും ട്രംപും. സബർമതി ആശ്രമം സന്ദർശിച്ച അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്
ഗാന്ധിജിയെ പരാമർശിക്കാതെ മോദിയെ പുകഴ്ത്തി. ഇന്ത്യൻ സന്ദർശനം ഒരുക്കിയക്കിയതിന് നന്ദിയെന്നാണ് ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിലെഴുതിയത്.

രണ്ട് ദിവസത്തെ ഇന്ത്യൻ സന്ദർശനത്തിനായി എത്തിയ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ആദ്യം എത്തിചേർന്നത് സബർമതി ആശ്രമത്തിലാണ്. ഗുജറാത്തിൽ ഗാന്ധിജിയുടെ ആശ്രമം സന്ദർശിച്ച ശേഷമാണ് ട്രംപ് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിലേക്ക് പോയത്.
ആശ്രമത്തിലെത്തിയ ഉടൻ ട്രംപ് മോദിക്കൊപ്പം ഗാന്ധിജിയുടെ ചിത്രത്തിൽ മാലചാർത്തി. ആശ്രമത്തിലെ ചർക്കയിൽ ഭാര്യ മെലാനിയക്കൊപ്പം നൂൽ നൂൽക്കുകയും ചെയ്തു. എന്നാൽ മഹാത്മ ഗാന്ധിയുടെ പേര് പരാമർശിക്കാതെയായിരുന്നു ട്രംപിന്‍റെ മടക്കം. ഇന്ത്യൻ സന്ദർശനം ഒരുക്കിയക്കിയതിന് നന്ദിയെന്നാണ് ട്രംപ് സബർമതി ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ എഴുതിയത്.

സാധാരണ സബർമതി ആശ്രമം സന്ദർശിക്കുന്നവർ ഗാന്ധിജിയെ കുറിച്ചും ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ചുമാണ് എഴുതാറുള്ളത്. എന്നാൽ ട്രംപിന്‍റെ പ്രവർത്തിയിൽ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ വിമർശനമാണ് ഉയരുന്നത്.

2015 ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ടായിരുന്ന ബറാക് ഒബാമ, ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ട് സന്ദർശിച്ചപ്പോൾ മാർട്ടിൻ ലൂതർ കിംഗ് ഗാന്ധിയെക്കുറിച്ച് പറഞ്ഞ വാചകമായിരുന്നു കുറിച്ചത്. ഗാന്ധിയുടെ മൂല്യങ്ങൾ ഇന്നും ഇന്ത്യയിൽ അനശ്വരമാണ്. ലോകത്തിന് തന്നെ അത് വലിയ സമ്മാനമാണ്. എല്ലാ ആളുകളേയും രാജ്യത്തേയും പോലെ നമ്മളും ആ സ്നേഹത്തിന്‍റെ അന്തസത്തയിലായിരിക്കും നിലനിൽക്കുന്നത് എന്നായിരുന്നു ഒബാമ കുറിച്ചത്.

എന്നാൽ പരസ്പരം പുകഴ്ത്തലുകള്‍ക്കാണ് മോദിയുടെയും ട്രംപിന്‍റെയും ഇന്ത്യൻ സന്ദർശനം സാക്ഷിയായത്. ”ടു മൈ ഗ്രേറ്റ് ഫ്രണ്ട് പ്രൈം മിനിസ്റ്റര്‍ മോദി, താങ്ക് യു ഫോര്‍ ദിസ് വണ്ടര്‍ ഫുള്‍ വിസിറ്റ്” എന്നായിരുന്നു ട്രംപ് സബര്‍മതി ആശ്രമത്തിലെ വിസിറ്റേഴ്‌സ് ബുക്കില്‍ കുറിച്ചത്. ഗാന്ധിയെ കുറിച്ച് ഒരുവാക്കുപോലും കുറിക്കാത്ത ട്രംപിന്റെ നടപടി ആശ്ചര്യപ്പെടുത്തുന്നതാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ചിലര്‍ അഭിപ്രായപ്പെട്ടത്.