നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: ഒളിവിലായിരുന്ന സജി പിടിയില്‍

Jaihind News Bureau
Tuesday, April 28, 2026

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ വീട്ടുവളപ്പില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന സജി (43) പൊലീസ് പിടിയിലായി. വീടിന് സമീപത്തെ മലയില്‍ ഒളിവിലിരുന്ന ഇയാളെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലൂടെയാണ് പൊലീസ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം പൊലീസ് വീട്ടിലെത്തിയതോടെയാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്.

ഡ്രോണും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള വിപുലമായ സന്നാഹങ്ങളുമായി പൊലീസ് നടത്തിയ തിരച്ചിലിനൊടുവിലാണ് സജി പിടിയിലാകുന്നത്. തമിഴ്നാട്ടിലേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ അതിര്‍ത്തി ചെക്ക്പോസ്റ്റുകളില്‍ ഉള്‍പ്പെടെ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇന്ന് രാവിലെ വീടിന് പിന്നിലെ മലമുകളില്‍ വെച്ച് ഇയാളെ പൊലീസ് വളയുകയായിരുന്നു.

പച്ചടി പൊന്നുട്ടയില്‍ മേരിക്കുട്ടി (70), മകന്‍ റെജി (48) എന്നിവരെ ഈ മാസം രണ്ടാം തീയതി മുതല്‍ കാണാതായിരുന്നു. വീട്ടുവളപ്പില്‍ നടത്തിയ പരിശോധനയില്‍ ഇന്നലെയാണ് ശരീരഭാഗങ്ങള്‍ കണ്ടെടുത്തത്. മേരിക്കുട്ടിയെയും റെജിയെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

2018-ല്‍ സജിയുടെയും റെജിയുടെയും പിതാവായ മാത്യുവിനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായിരുന്നു. വീട്ടുവളപ്പില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ മാത്യുവിനെയും സമാന രീതിയില്‍ അപായപ്പെടുത്തിയതാണോ എന്ന് പൊലീസ് സംശയിക്കുന്നു.