
കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനജീവിതം സ്തംഭിച്ചു. തിരുവനന്തപുരത്ത് ദേശീയപാത ഉപരോധിച്ചുകൊണ്ടുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കഴക്കൂട്ടം മുതല്‍ കണിയാപുരം വരെയുള്ള ഭാഗങ്ങളില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം നിരത്തില്‍ കുടുങ്ങിക്കിടന്നു. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്‍ട്രന്‍സ് പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥികളും മെഡിക്കല്‍ കോളേജ്, ആര്‍.സി.സി എന്നിവിടങ്ങളിലേക്ക് പോകേണ്ട രോഗികളും യാത്ര തുടരാനാകാതെ വഴിയില്‍ കുടുങ്ങിയത് വലിയ പ്രതിസന്ധിക്കിടയാക്കി.
പലയിടങ്ങളിലും പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. കണിയാപുരത്ത് റോഡില്‍ നിന്ന് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമം ഉന്തും തള്ളിലും കലാശിച്ചു. തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന് മുന്നിലും പള്ളിപ്പുറം സി.ആര്‍.പി.എഫ് ജംഗ്ഷനിലും പ്രതിഷേധക്കാര്‍ ബസുകള്‍ തടഞ്ഞു. നെയ്യാറ്റിന്‍കരയിലും തൊടുപുഴയിലും വാഹനങ്ങള്‍ തടഞ്ഞ സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചത്. പള്ളിപ്പുറത്ത് സ്ത്രീകളടക്കമുള്ള പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചതോടെ കെ.എസ്.ആര്‍.ടി.സി ബസുകളടക്കം വലിയ വാഹനങ്ങള്‍ പൂര്‍ണ്ണമായും തടസ്സപ്പെട്ടു.
കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍, പഴയങ്ങാടി എന്നിവിടങ്ങളിലും ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. കൊല്ലം, കോഴിക്കോട് ജില്ലകളിലും സ്വകാര്യ ബസുകള്‍ പലയിടത്തും തടഞ്ഞു. അതേസമയം, ആലപ്പുഴയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങിയില്ല. എന്നാല്‍ പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള ചില മേഖലകളില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. നിലവില്‍ പോലീസ് ഇടപെടലിലൂടെ സ്വകാര്യ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും ബസ് സര്‍വീസുകള്‍ പലയിടത്തും ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല.