യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ ഒരു തർക്കവും നിലനിൽക്കുന്നില്ല; ഏറ്റവും കുറ്റമറ്റ സ്ഥാനാർത്ഥി നിർണയമാണ് വാർഡുതലം മുതൽ സംസ്ഥാനതലം വരെ നടന്നിട്ടുള്ളത് : ഡോ ശൂരനാട് രാജശേഖരൻ

Jaihind News Bureau
Thursday, November 26, 2020

കെ പി സി സിയുടെ സർക്കുലർ പ്രകാരം സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചതിൽ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഒരു തർക്കവും പാർട്ടിയിൽ നിലവിലില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതിയുടെ ചുമതലയുള്ള കെ പി സി സി വൈസ് പ്രസിഡന്‍റ്‌ ഡോ. ശൂരനാട് രാജശേഖരൻ വ്യക്തമാക്കി.

80 ശതമാനം സ്ഥാനാർത്ഥികളെയും നിശ്ചയിച്ചത് വാർഡ് കമ്മറ്റികൾ ഐഖ്യഖണ്ഡേന തന്നെയാണ്. 20 ശതമാനം സീറ്റുകളിൽ അഭിപ്രായ സമന്വയം ഉണ്ടാക്കുവാൻ കെപിസിസി നിയോഗിച്ച മണ്ഡലം ബ്ലോക്ക്‌ ഡിസിസി ഇലക്ഷൻ സമിതികൾ സാധിച്ചു.

ആറു ജില്ലകളിൽ മാത്രമാണ് ജില്ലാ ഇലക്ഷൻ സമിതിയിൽ നിന്നും കെ പി സി സിയുടെ അപ്പീൽ കമ്മിറ്റിയുടെ മുന്നിൽ വന്നതെന്നും ജില്ലാ സമിതികളിലെ അംഗങ്ങൾ അയച്ച അപ്പീലുകൾ കെപിസിസി സർക്കുലർ പ്രകാരം പരിശോധിച്ച് തീരുമാനങ്ങൾ അവരെ അറിയിക്കുവാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തിരഞ്ഞെടുപ്പ് ചിഹ്നം നൽകേണ്ട ഇരുപത്തിമൂന്നാം തീയതിക്ക് മുമ്പ് ഓഫീസർക്ക് ചിഹ്നം ഏൽപ്പിച്ച 4 വാർഡുകളിലാണ് ‘ചിഹ്നത്തിന് കെപിസിസി ഡിസിസി തർക്കം’ എന്ന വാർത്തയുടെ ആധാരം.

15962 ഗ്രാമപഞ്ചായത്ത് വാർഡുകളിലും,2080 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളിലും,330 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും, 3113 മുൻസിപ്പാലിറ്റി ഡിവിഷനുകളിലും,414 കോർപ്പറേഷൻ ഡിവിഷനുകളിലുമടക്കം 21900 സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ ഈ ജനാധിപത്യ പാർട്ടിയിൽ 10ൽ കവിയാത്ത സ്ഥാനാർത്ഥികൾക്ക് മാത്രമാണ് പ്രശ്നമുണ്ടായിരുന്നത്. അതും കെ പി സി സി പരിഹരിച്ചിട്ടുണ്ട് എന്ന് ശൂരനാട് പറഞ്ഞു.

അധോലോക പ്രവർത്തനങ്ങളെ നാണംകെടുത്തും വിധം സംസ്ഥാനത്ത് പ്രവർത്തിക്കുന്ന പിണറായി വിജയൻ സർക്കാരിന് എതിരായിട്ടുള്ള വലിയ ജനരോക്ഷം നിലനിൽക്കുകയാണ്. മികച്ച സ്ഥാനാർത്ഥി നിർണയത്തിലൂടെ മറ്റു മുന്നണികളെക്കാൾ ബഹുദൂരം മുന്നോട്ട് പോകാനും നമുക്ക് സാധിച്ചിട്ടുണ്ട്. സാധാരണക്കാരായ പ്രവർത്തകർക്ക് ജനപ്രതിനിധികൾ ആവാനുള്ള ഒരു വലിയ അവസരമാണ് കൈവന്നിരിക്കുന്നത്. എംഎൽഎമാരെയും എംപിമാരെയും നേതാക്കളെയും ഒക്കെ സൃഷ്ടിച്ചത് ഈ സാധാരണ പ്രവർത്തകരാണ്. സംസ്ഥാനത്ത് എവിടെയെങ്കിലും ഒന്നോ രണ്ടോ തർക്കങ്ങളുടെ പേരിൽ ചാനലുകളുടെ മുന്നിൽ പൊട്ടിത്തെറിക്കുന്ന നേതാക്കന്മാർ സംസ്ഥാനമെമ്പാടും മത്സര രംഗത്തുള്ള നമ്മുടെ സഹപ്രവർത്തകരുടെ മുഖം ഓർക്കുന്നത് നന്നായിരിക്കുമെന്നും കെ പി സി സി വൈസ് പ്രസിഡന്റ്‌ പ്രസ്താവനയിൽ അറിയിച്ചു.