
തൃശ്ശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരത്തിന്റെ നടത്തിപ്പ് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം നാളെ ഉണ്ടാകും. ദേവസ്വം പ്രതിനിധികളും ജില്ലാ ഭരണകൂടവും തമ്മിലുള്ള ചര്‍ച്ച നാളെ രാവിലെ 10.30-ന് നടക്കും. ഈ യോഗം വിളിച്ചുചേര്‍ക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതായി ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ മാധ്യമങ്ങളെ അറിയിച്ചു.
പൂരം നടത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി ഒരു തീരുമാനവും എടുക്കില്ലെന്നും ദേവസ്വങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി. അപകടസ്ഥലത്ത് എത്രപേര്‍ ഉണ്ടായിരുന്നു എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. ഇന്നത്തെ പരിശോധനയില്‍ ഒരു മൃതദേഹാവശിഷ്ടം കൂടി കണ്ടെത്തിയിട്ടുണ്ട്. ദുരന്ത സാഹചര്യം വിലയിരുത്താന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. മുഖ്യമന്ത്രി ചികിത്സയില്‍ കഴിയുന്നതിനാലാണ് സംഭവസ്ഥലത്ത് നേരിട്ടെത്താത്തതെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ മാറാതെ താന്‍ തൃശ്ശൂരില്‍ നിന്നും മടങ്ങുന്നില്ലെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുമെന്നും വി.എന്‍. വാസവന്‍ കൂട്ടിച്ചേര്‍ത്തു. വെടിക്കെട്ട് അപകടം പൂരത്തിന്റെ ചടങ്ങുകളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന ആശങ്കയിലാണ് പൂരപ്രേമികളും സംഘാടകരും. നാളത്തെ യോഗത്തോടെ ഇതില്‍ പൂര്‍ണ്ണമായ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.