സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിക്കൊപ്പം സ്പീക്കറേയും മന്ത്രി ജലീലിനെയും ചോദ്യം ചെയ്യണം: ഡോ. ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Monday, July 20, 2020

പിണറായി സർക്കാരിനെതിരെ കുരുക്ക് മുറുകുകയാണെന്നും ശിവശങ്കറിനെ മാത്രം ബലി കൊടുത്ത് രക്ഷപെടാനുള്ള ശ്രമം നടക്കില്ലെന്നും കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. മുഖ്യമന്ത്രിയിലേയ്ക്ക് മാത്രമല്ല സ്പീക്കറിലേക്കും മന്ത്രിമാരിലേക്കും ആരോപണം ഉയരുമ്പോൾ ഈ സർക്കാരിനെ മുഴുവനായും സ്വർണ്ണക്കടത്ത് സംഘം മോഹവലയത്തിലാക്കിയിരുന്നു എന്നതാണ് മനസ്സിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലുന്ന രാജാവിന് തിന്നുന്ന പ്രജ’ എന്നപോലെയാണ് കേരളത്തിന്‍റെ ഭരണ സിരാ കേന്ദ്രത്തിൽ ഉടലെടുത്തിരിക്കുന്ന സംഭവ വികാസങ്ങൾ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയെയും, സ്പീക്കറെയും, മന്ത്രിമാരെയും അടിയന്തരമായി ചോദ്യം ചെയ്യണമെന്നും ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.

പോസ്റ്റിന്‍റെ പൂർണരൂപം :

‘കൊല്ലുന്ന രാജാവിന് തിന്നുന്ന പ്രജ’ എന്നപോലെയാണ് കേരളത്തിന്‍റെ ഭരണ സിരാ കേന്ദ്രത്തിൽ ഉടലെടുത്തിരിക്കുന്ന സംഭവ വികാസങ്ങൾ.  മുഖ്യമന്ത്രിയുടെ ഓഫീസും, പ്രൈവറ്റ് സെക്രട്ടിയും മാത്രമല്ല; നമ്മുടെ നിയമനിർമ്മാണ സഭയുടെ നാഥൻ മുതൽ, മന്ത്രിമാർ വരെ സ്വർണ്ണക്കടത്ത്, തീവ്രവാദി സംഘങ്ങളുമായി ഉറ്റ ചങ്ങാത്തം പുലർത്തിയിരുന്നു എന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.

‘നിയമസഭ നടക്കുമ്പോൾ മണ്ഡലത്തിലെ സ്വന്തം മുന്നണിയിലെ MLA അറിയാതെ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ കട ഉദ്ഘാടനം ചെയ്യാൻ എന്തിനാണ് സ്പീക്കര്‍ ധൃതിപ്പെട്ടു പോയത്? കള്ളക്കടത്തുകാരിയുടെ സമ്മർദ്ദത്തിന് എന്തിന് സ്പീക്കർ വഴങ്ങി?’ എന്നിങ്ങനെ ചോദ്യങ്ങൾ ഉയരുകയാണ്. UAE കോൺസുലേറ്റിലെ പുറത്താക്കപ്പെട്ട കള്ളക്കടത്തുകാരിക്ക് ഇല്ലാത്ത ഡിപ്ലോമാറ്റ് പരിവേഷം കൽപ്പിച്ചു നൽകി സ്വീകരിച്ചവർക്ക് തടിയൂരാൻ കഴിയില്ല. നിയമസഭയുടെ അന്തസ്സും യശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്‍റെ ഔന്നിത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്‍റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുകയാണ്.

കള്ളക്കടത്തുകാർക്ക് വേണ്ടി യുഎ ഇ കോൺസുലേറ്റ് ജനറലുമായി നേരിട്ട് അനൗദ്യോഗിക സംഭാഷണം നടത്തിയിരിക്കുകയാണ് പിണറായി മന്ത്രിസഭയിലെ മന്ത്രിയായ കെ ടി ജലീൽ. ഫോറിൻ കോൺട്രിബ്യൂഷൻ റെഗുലേറ്ററി ആക്റ്റ് (ഫെറ) നിയമത്തിന്‍റെ പരസ്യമായ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്.

ഫെറ നിയമത്തിലെ മൂന്നാം ചട്ടം അനുസരിച്ച് നിയമനിർമ്മാണ സഭാംഗങ്ങൾ പണമായോ അല്ലാതെയോ വിദേശ സഹായം കൈപ്പറ്റുന്നത് നിരോധിച്ചിട്ടുണ്ട്.യുഎഇ കോൺസുൽ ജനറലുമായി നേരിട്ട് ഇടപാടുകൾ നടത്തിയത് നിയമ പ്രകാരം തെറ്റാണ്. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ഹാൻഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണ്.മന്ത്രി സത്യപ്രതിജ്ഞ ലംഘനം നടത്തിയിരിക്കുന്നു.

കഴിഞ്ഞ കാലങ്ങളിൽ നടത്തിയ അഴിമതികൾ പ്രതിപക്ഷം കൈയോടെ പിടിക്കുമ്പോൾ കളവു മുതൽ തിരികെ ഏൽപ്പിച്ച് യൂടേൺ അടിക്കുന്ന പതിവ് രീതി ഇവിടെ നടക്കില്ല.കാരണം സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ സർക്കാരിൻ്റെ വേണ്ടപ്പെട്ടവർ രാജ്യത്തിനെതിരെ സാമ്പത്തിക യുദ്ധത്തിൽ ഏർപ്പെട്ടവരാണ്, തീവ്രവാദി സംഘങ്ങളാണ്, രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്നവരാണ്.

പിണറായി സർക്കാരിനെതിരെ കുരുക്ക് മുറുകുകയാണ്.ശിവശങ്ക റിനെ മാത്രം ബലി കൊടുത്ത് രക്ഷപെടാനുള്ള ശ്രമം നടക്കില്ല.
ഈ സർക്കാരിനെ മുഴുവനായും സ്വർണ്ണക്കടത്ത് സംഘം മോഹവലയത്തിലാക്കിയിരുന്നു എന്നതാണ് സ്പീക്കറിലേക്കും മന്ത്രിമാരിലേക്കും ആരോപണം ഉയരുമ്പോൾ മനസിലാകുന്നത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയെയും, സ്പീക്കറെയും,മന്ത്രിമാരെ യും അടിയന്തരമായി ചോദ്യം ചെയ്യണമെന്ന് ഞാൻ ശക്തമായി ആവശ്യപ്പെടുകയാണ്.