നിതിന്‍ രാജിന്റെ മരണം: പ്രതികളെ സംരക്ഷിക്കാന്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നു; രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, April 23, 2026

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ബോധപൂര്‍വമായ നീക്കം നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നും ഇവര്‍ക്ക് രാഷ്ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭാരതീയ ദളിത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിന് മുന്നില്‍ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിതിന്‍ രാജിന്റെ മരണത്തിന് കാരണക്കാരായ മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കേസില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഭരണകക്ഷിയുടെ പിന്തുണയുള്ളതുകൊണ്ടാണ് അന്വേഷണം മന്ദഗതിയിലാകുന്നത്. ദളിത് യുവാവിന്റെ മരണത്തില്‍ നീതി നടപ്പാക്കേണ്ട പോലീസ്, പ്രതികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടാണ് ദളിത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഉപവാസമനുഷ്ഠിച്ചത്. നീതി ലഭിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സമരസമിതി അറിയിച്ചു. ചടങ്ങില്‍ വിവിധ കോണ്‍ഗ്രസ് നേതാക്കളും ദളിത് കോണ്‍ഗ്രസ് ഭാരവാഹികളും പങ്കെടുത്തു.