
ചെന്നൈ: തമിഴ്നാട് നിയമസഭയിലേക്കുള്ള നിര്‍ണ്ണായകമായ വോട്ടെടുപ്പ് ഇന്ന് നടക്കും. 5.67 കോടി വോട്ടര്‍മാര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന ഈ തിരഞ്ഞെടുപ്പിനായി സംസ്ഥാനമൊട്ടാകെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 33,133 കേന്ദ്രങ്ങളിലായി സജ്ജീകരിച്ചിട്ടുള്ള 75,064 പോളിംഗ് സ്റ്റേഷനുകളിലേക്ക് രാവിലെ ഏഴു മണി മുതല്‍ വോട്ടര്‍മാര്‍ എത്തിത്തുടങ്ങും. മൂന്ന് ലക്ഷത്തിലധികം പോളിംഗ് ഉദ്യോഗസ്ഥരെയും എണ്‍പതിനായിരത്തിലേറെ പോലീസ് സേനയെയും സുഗമമായ വോട്ടെടുപ്പിനായി വിന്യസിച്ചിട്ടുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അര്‍ച്ചന പട്നായിക് അറിയിച്ചു.
സ്ത്രീ വോട്ടര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 2.89 കോടി സ്ത്രീകളും 2.77 കോടി പുരുഷന്മാരും 14.5 ലക്ഷത്തോളം കന്നി വോട്ടര്‍മാരും പോളിംഗ് ബൂത്തിലെത്തുന്നുണ്ട്. സുതാര്യത ഉറപ്പാക്കാന്‍ 1.06 ലക്ഷം ബാലറ്റ് യൂണിറ്റുകള്‍ക്കൊപ്പം വിവിപാറ്റ് മെഷീനുകളും സജ്ജമാക്കിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പോളിംഗ് കേന്ദ്രങ്ങളില്‍ ഇത്തവണ സേഫ് ഡെപ്പോസിറ്റ് സംവിധാനം ഏര്‍പ്പെടുത്തിയത് ശ്രദ്ധേയമാണ്. കൂടാതെ, ഭിന്നശേഷിക്കാര്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്കുന്ന മാതൃകാ പോളിംഗ് സ്റ്റേഷനുകളും ഗ്രീന്‍ ബൂത്തുകളും തിരഞ്ഞെടുപ്പ് കമ്മീഷന് ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്ന പോരാട്ടത്തിനാണ് ഇത്തവണ തമിഴ്നാട് സാക്ഷ്യം വഹിക്കുന്നത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ രണ്ടാം ഊഴം ലക്ഷ്യമിടുമ്പോള്‍, കരുത്തുറ്റ തിരിച്ചുവരവിനായി എ.ഐ.എ.ഡി.എം.കെ പോരാടുന്നു. നടന് വിജയ്യുടെ തമിഴക വെട്രി കഴകത്തിന്റെ രാഷ്ട്രീയ അരങ്ങേറ്റവും സീമാന്റെ നാം തമിഴര്‍ കക്ഷിയുടെ സാന്നിധ്യവും മത്സരത്തെ പ്രവചനാതീതമാക്കുന്നു. തിരഞ്ഞെടുപ്പ് കാലത്തെ പണക്കൊഴുപ്പ് തടയുന്നതിനായി നടത്തിയ പരിശോധനകളില്‍ ഏകദേശം 1,262 കോടി രൂപയോളം പിടിച്ചെടുത്തതായും അധികൃതര്‍ വ്യക്തമാക്കി. വോട്ടെടുപ്പിന് ശേഷം 62 കേന്ദ്രങ്ങളിലായിട്ടായിരിക്കും വോട്ടെണ്ണല്‍ നടക്കുക.