‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’: ലോക പുസ്തക ദിനത്തില്‍ വായനക്കാര്‍ക്കായി കെ സി വേണുഗോപാലിന്റെ പുസ്തകം

Jaihind News Bureau
Thursday, April 23, 2026

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ പുസ്തകം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’ എന്ന് പേരിട്ടിരിക്കുന്ന ഗ്രന്ഥം അദ്ദേഹത്തിന്റെ പാര്‍ലമെന്ററി ജീവിതത്തിലെ ശ്രദ്ധേയമായ പ്രസംഗങ്ങളുടെ സമാഹാരമാണ്.

നിയമസഭ, രാജ്യസഭ, ലോകസഭ എന്നിവിടങ്ങളില്‍ കെ.സി. വേണുഗോപാല്‍ നടത്തിയ വിവിധ പ്രസംഗങ്ങളില്‍ നിന്ന് തിരഞ്ഞെടുത്തവയാണ് ഈ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് പതിറ്റാണ്ട് കാലത്തെ തന്റെ നിയമനിര്‍മ്മാണ സഭകളിലെ ഇടപെടലുകള്‍ പുസ്തകത്തിലൂടെ വായനക്കാരിലേക്ക് എത്തുന്നുവെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ കുറിപ്പിലൂടെ അറിയിച്ചു.

സുനാമി ദുരന്തം മുതല്‍ രാജ്യത്തെ തൊഴിലില്ലായ്മ, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്‌നങ്ങള്‍, വിദ്യാര്‍ത്ഥി വിഷയങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ പുസ്തകത്തില്‍ ചര്‍ച്ചയാകുന്നുണ്ട്. ഡിസി ബുക്‌സാണ് പുസ്തകത്തിന്റെ പ്രസാധകര്‍. പുസ്തകദിനത്തില്‍ ഏറെ സന്തോഷത്തോടെയാണ് ഈ കൃതി വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നതെന്ന് അദ്ദേഹം കുറിച്ചു.