വാംഖഡെയില്‍ ‘എല്‍ ക്ലാസിക്കോ’ ആവേശം: രോഹിതും ധോണിയും തിരിച്ചെത്തുന്നു?; ചെന്നൈയും മുംബൈയും ഇന്ന് നേര്‍ക്കുനേര്‍

Jaihind News Bureau
Thursday, April 23, 2026

മുംബൈ: ഐപിഎല്‍ ചരിത്രത്തിലെ ചിരവൈരികളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും ഇന്ന് ഏറ്റുമുട്ടും. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ താളം കണ്ടെത്താന്‍ കഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ നാല് പോയിന്റ് വീതമുള്ള മുംബൈ ഏഴാം സ്ഥാനത്തും ചെന്നൈ എട്ടാം സ്ഥാനത്തുമാണ്.

പരിക്കിന്റെ പിടിയിലായിരുന്ന മുന്‍ നായകന്മാരുടെ സാന്നിധ്യമാണ് ഇന്നത്തെ മത്സരത്തിന്റെ പ്രധാന ആകര്‍ഷണം. ഹാംസ്ട്രിങ് പരിക്ക് മാറിയ രോഹിത് ശര്‍മ മുംബൈ നിരയില്‍ തിരിച്ചെത്തുമ്പോള്‍, കാല്‍മുട്ടിന് പരിക്കേറ്റ എം.എസ്. ധോണി ഇംപാക്ട് പ്ലെയറായി ചെന്നൈയ്ക്കായി ഇറങ്ങിയേക്കും. ഈ സീസണില്‍ ധോണി കളത്തിലിറങ്ങുന്ന ആദ്യ മത്സരമാണിത്.

ബാറ്റിംഗില്‍ മികച്ച ഫോമിലായിരുന്ന യുവതാരം ആയുഷ് മാത്രെ പരിക്കേറ്റ് പുറത്തായത് ചെന്നൈയ്ക്ക് വന്‍ തിരിച്ചടിയാണ്. പകരം ഗുജറാത്ത് താരം ഉര്‍വില്‍ പട്ടേലിനെ ടീം പരിഗണിക്കുന്നുണ്ട്. സഞ്ജു സാംസണ്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലാണ് ചെന്നൈയുടെ പ്രധാന പ്രതീക്ഷ. നായകന്‍ ഋതുരാജ് ഗെയ്ക്വാദ് ഫോമിലേക്കുയരാത്തത് ടീമിനെ അലട്ടുന്നുണ്ട്.

തിലക് വര്‍മ്മയുടെ സെഞ്ച്വറി കരുത്തില്‍ കഴിഞ്ഞ മത്സരം വിജയിച്ചതിന്റെ ആവേശത്തിലാണ് മുംബൈ. സൂര്യകുമാറിന്റെയും ഹാര്‍ദിക്കിന്റെയും ബാറ്റിംഗ് ഫോം ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ജസ്പ്രീത് ബുംറ നയിക്കുന്ന ബൗളിംഗ് നിര കരുത്തുറ്റതാണ്. ഇംഗ്ലീഷ് താരം വില്‍ ജാക്സ് കൂടി ചേരുന്നതോടെ മുംബൈയുടെ ബാറ്റിംഗ് കൂടുതല്‍ ശക്തമാകും. രാത്രി 7:30 ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ്.

സാധ്യതാ ടീമുകള്‍:

മുംബൈ ഇന്ത്യന്‍സ്: ഹാര്‍ദിക് പാണ്ഡ്യ (C), രോഹിത് ശര്‍മ, ക്വിന്റണ്‍ ഡി കോക്ക്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, വില്‍ ജാക്‌സ്, നമാന്‍ ധീര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍, അശ്വാനി കുമാര്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഋതുരാജ് ഗെയ്ക്വാദ് (C), എം.എസ്. ധോണി, സഞ്ജു സാംസണ്‍, സര്‍ഫറാസ് ഖാന്‍, ഉര്‍വില്‍ പട്ടേല്‍, ശിവം ദുബെ, രാഹുല്‍ ചാഹര്‍, മുകേഷ് ചൗധരി, നൂര്‍ അഹമ്മദ്.