
പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെയാണ് . 152 മണ്ഡലങ്ങള്‍ വിധിയെഴുതുന്ന ഈ ഘട്ടത്തില്‍ വടക്കന്‍ ബംഗാളിലെയും പൂര്‍വ മിഡ്നാപ്പൂരിലെയും നിര്‍ണ്ണായക മണ്ഡലങ്ങളാണ് ഉള്‍പ്പെടുന്നത്. രാഷ്ട്രീയ ബലാബലങ്ങള്‍ മാറിമറിയുന്ന ബംഗാളില്‍ ആദ്യഘട്ട പോളിംഗ് ആര്‍ക്കൊപ്പം നില്ക്കും എന്നതിനെ ആശ്രയിച്ചിരിക്കും സംസ്ഥാനത്തിന്റെ അടുത്ത അഞ്ച് വര്‍ഷത്തെ ഭാവി.
ഒരുമാസത്തോളം നീണ്ട ആവേശകരമായ പരസ്യപ്രചാരണത്തിനൊടുവിലാണ് ബംഗാള്‍ ബൂത്തിലെത്തുന്നത്. തുടര്‍ച്ചയായ നാലാം തവണയും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസത്തെ റാലിയില്‍ പ്രഖ്യാപിച്ചു. ‘ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ വരണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നും ബിജെപിയെ ബംഗാളില്‍ നിന്ന് മാത്രമല്ല, ഡല്‍ഹിയില്‍ നിന്നും ഞങ്ങള്‍ പുറത്താക്കുമെന്നും മമത പറഞ്ഞു. ആദ്യഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുന്ന 152 മണ്ഡലങ്ങളില്‍ 54 എണ്ണവും വടക്കന്‍ ബംഗാളിലാണ്. ഡാര്‍ജിലിംഗ്, ജല്‍പായ്ഗുരി, കൂച്ച് ബീഹാര്‍, സിലിഗുരി തുടങ്ങിയ പ്രധാന മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ബിജെപിയുടെ സുബ്രത മൈത്രക്കെതിരെ മത്സരിക്കുന്ന ബഹറാംപൂര്‍, ആര്.ജി കര് ആശുപത്രിയില്‍ കൊല്ലപ്പെട്ട ഡോക്ടറുടെ മാതാവ് രത്ന ദേബ്നാഥ് ബിജെപി സ്ഥാനാര്‍ത്ഥിയായി തൃണമൂലിന്റെ നിര്‍മ്മല്‍ ഘോഷിനെതിരെ മത്സരിക്കുന്ന പാണിഹാട്ടി എന്നി മണ്ഡലങ്ങളിലെ വോട്ടെടുപ്പും ശ്രദ്ധേയമാണ്.
ബംഗാള്‍ രാഷ്ട്രീയത്തിന്റെ ഗതിനിര്‍ണ്ണയിക്കുന്ന നന്ദിഗ്രാം മണ്ഡലമാണ് ഈ ഘട്ടത്തിലെ ഏറ്റവും വലിയ പോരാട്ടവേദി. ബിജെപിയുടെ സുവേന്ദു അധികാരിയാണ് ഇവിടെ സിറ്റിംഗ് എഎല്‍ എയായി ജനവിധി തേടുന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പവിത്ര കര്, കോണ്‍ഗ്രസിന്റെ ഷെയ്ഖ് ജരിയാത്തുല് ഹുസൈന്, സിപിഐയുടെ ശാന്തി ഗിരി എന്നിവരാണ് നന്ദിഗ്രാമിലെ മറ്റ് പ്രധാന സ്ഥാനാര്‍ത്ഥികള്‍. 2021-ല്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പരാജയപ്പെടുത്തിക്കൊണ്ട് സുവേന്ദു അധികാരി നേടിയ വിജയം നന്ദിഗ്രാമിനെ ദേശീയ ശ്രദ്ധയില്‍ എത്തിച്ചിരുന്നു. വ്യാപകമായ പരാതി ഉയര്‍ത്തിയ എസ് ഐആര്‍ പ്രക്രിയയ്ക്കു ശേഷം നടക്കുന്ന നിയമസഭാ തെരഞ്്ഞടുപ്പ് അതീവ നിര്‍ണ്ണായകമാണ്. തമിഴ്നാട്ടിലും ഇതേദിവസം തന്നെയാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29 ന് നടക്കും. മെയ് നാലിനാണ് വോട്ടെണ്ണല്‍.