നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

Jaihind News Bureau
Wednesday, April 22, 2026

തലശ്ശേരി: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യയില്‍ പ്രതികളായ അധ്യാപകര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി നാളത്തേക്ക് മാറ്റി. കേസില്‍ നിതിന്‍ രാജിന്റെ കുടുംബത്തിന്റെ ഭാഗം കൂടി കേള്‍ക്കേണ്ടതുണ്ടെന്ന നിരീക്ഷണത്തെത്തുടര്‍ന്നാണ് കോടതി നടപടി മാറ്റിവെച്ചത്.

മെഡിക്കല്‍ കോളേജ് അധ്യാപകരായ ഡോ. റാം, ഡോ. സംഗീത എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമപ്രകാരമുള്ള (SC/ST Act) ഗുരുതര വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അധ്യാപകര്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഇരുവരെയും കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.

അധ്യാപകരുടെ പീഡനത്തെത്തുടര്‍ന്നാണ് നിതിന്‍ രാജ് ജീവനൊടുക്കിയതെന്ന പരാതിയില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ കോടതിയില്‍ കുടുംബം ശക്തമായി എതിര്‍ക്കും. നാളെ ജാമ്യാപേക്ഷയില്‍ കോടതി സ്വീകരിക്കുന്ന നിലപാട് കേസില്‍ നിര്‍ണ്ണായകമാകും.