തിരഞ്ഞെടുപ്പ് ചരിത്രം തിരുത്തി തമിഴ്‌നാടും ബംഗാളും; വോട്ടെടുപ്പിൽ റെക്കോഡ് പോളിംഗ്

Jaihind News Bureau
Thursday, April 23, 2026

തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ചരിത്രം തിരുത്തിക്കുറിക്കുന്ന വോട്ടർ പങ്കാളിത്തം. തമിഴ്‌നാട്ടിൽ 84.73 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോൾ, പശ്ചിമ ബംഗാളിലെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ 91.46 ശതമാനം എന്ന വിസ്മയിപ്പിക്കുന്ന പോളിംഗാണ് രേഖപ്പെടുത്തിയത്. ഇരു സംസ്ഥാനങ്ങളുടെയും തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കുകളാണിത്.

തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലായി 5.73 കോടി വോട്ടർമാരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 2011-ൽ രേഖപ്പെടുത്തിയ 78.01 ശതമാനമായിരുന്നു ഇതിനുമുമ്പത്തെ റെക്കോഡ്. സ്ത്രീ വോട്ടർമാരുടെ വൻ പങ്കാളിത്തമാണ് തമിഴ്‌നാട്ടിലെ ശ്രദ്ധേയമായ ഘടകം. പുരുഷ വോട്ടർമാരേക്കാൾ (2.83 കോടി) പത്ത് ലക്ഷത്തോളം അധികമാണ് സംസ്ഥാനത്തെ സ്ത്രീ വോട്ടർമാരുടെ (2.93 കോടി) എണ്ണം. 14.6 ലക്ഷത്തോളം വരുന്ന കന്നി വോട്ടർമാരും 7,728 ഭിന്നലിംഗക്കാരായ വോട്ടർമാരും ഇത്തവണത്തെ ജനവിധിയിൽ നിർണ്ണായകമാകും. വോട്ടെടുപ്പ് സുഗമമാക്കാൻ ഒരു ലക്ഷത്തിലധികം ബാലറ്റ് യൂണിറ്റുകളും കനത്ത സുരക്ഷാ സജ്ജീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരുന്നു.

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന 152 മണ്ഡലങ്ങളിലും റെക്കോഡ് പോളിംഗാണ് ഉണ്ടായത്. രഘുനാഥ്‌ഗഞ്ച് മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (96.35%) രേഖപ്പെടുത്തിയത്. തൊട്ടുപിന്നാലെ സംസർഗഞ്ചിലും (95.89%) ശക്തമായ വോട്ടർ പങ്കാളിത്തം ദൃശ്യമായി. ശക്തമായ ഭരണവിരുദ്ധ വികാരവും രാഷ്ട്രീയ മാറ്റത്തിനായുള്ള വെമ്പലും ഇത്രയേറെ ഉയർന്ന പോളിംഗിന് കാരണമായോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.