സ്വർണ്ണക്കടത്ത് : എന്‍.ഐ.എ അന്വേഷണം പ്രതികളിലൊരാളെ സഹായിച്ച ആലപ്പുഴയിലെ വ്യവസായിയിലേക്കും ; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുമായി വ്യവസായിക്ക് അടുത്ത ബന്ധം

Jaihind News Bureau
Monday, July 20, 2020

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട എന്‍.ഐ.എ അന്വേഷണം മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുള്ള വ്യവസായിലേക്ക്. പിടിയിലായ പ്രതികളിലൊരാള്‍ അറസ്റ്റിലാകുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ആലപ്പുഴയിലെ റൈഫിള്‍ ക്ലബ്ബ് നടത്തുന്ന ഈ വ്യവസായിയുടെ വീട്ടിലെത്തിയിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തില്‍ പിടിയിലായ പ്രധാന പ്രതികളിലൊരാള്‍ ഏറെ സമയം ചേര്‍ത്തലയിലെ പള്ളിത്തോടിലെ ഭാഗത്തുള്ള ഈ വ്യവസായിയുടെ വീടില്‍ ചെലവഴിച്ചു എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് വിശ്വസനീയമായ വിവരം ലഭിച്ചിരുന്നു. ഈ പ്രതിക്ക് ജാമ്യാപേക്ഷയ്ക്ക് വക്കീലുമായി സംസാരിക്കുന്നതിനടക്കം ഇവിടെ അവസരം ഒരുക്കിയെന്ന നിര്‍ണ്ണായക വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതേ ദിവസങ്ങളില്‍ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഈ വീട്ടില്‍ എത്തിയതായി നാട്ടുകാരും പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചേര്‍ത്തല വഴി പോകുമ്പോള്‍ മിക്കപ്പോഴും ഇദ്ദേഹത്തിന്‍റെ വസതിയില്‍ കയറാറുണ്ട്. പ്രാദേശിക പാര്‍ട്ടി നേതാക്കളില്‍ പലരും ഇതില്‍ കടുത്ത അസ്വസ്ഥരാണ്. ഈ പ്രദേശങ്ങളിലെ സി.പി.എം നേതാക്കള്‍ക്കെല്ലാം ഇദ്ദേഹവും മുഖ്യമന്ത്രിയടക്കമുള്ള സി.പി.എമ്മിലെ ഉന്നതരുമായുള്ള ബന്ധത്തെക്കുറിച്ച് അറിവുണ്ട്.

ഇദ്ദേഹത്തിന്‍റെ ചേര്‍ത്തല സെന്‍റ്‌ മൈക്കിള്‍സ് കോളേജിന് സമീപമുള്ള റൈഫിള്‍ ക്ലബ് ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇതിന്‍റെ ചിത്രം ജയ്ഹിന്ദ് ടി.വി ഇപ്പോള്‍ പുറത്തുവിടുന്നു. അന്ന് മുഖ്യമന്ത്രിക്കൊപ്പം ഒരു ഡി.ഐ.ജിയും ഉണ്ടായിരുന്നു. ഇതിനു പുറമെ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും റൈഫിള്‍ ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. ഈ  ചിത്രവും ജയ്ഹിന്ദ് ടി.വി ഇപ്പോള്‍ പുറത്ത് വിടുന്നു. ഈ വിവാദ വ്യവസായിയുടെ അരൂരിലുള്ള ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത് മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണ്. വ്യവസായ മന്ത്രി ഇ.പി ജയരാജന്‍, പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, സിവില്‍ സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഈ ഹോട്ടലിന്‍റെ അടുക്കള ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയുടെ കുടുംബാംഗമാണ്.

പിണറായി വിജയന്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ഉപയോഗിച്ചിരുന്ന വാഹനം പിന്നീട് ഉപയോഗിച്ചത് ഈ വ്യവസായിയാണ്. KL 01 AS 7575 എന്ന വാഹനമാണ് 2014 മുതല്‍ നാല് വര്‍ഷം ഇയാള്‍ ഉപയോഗിച്ചത്. 2019 ജൂലൈയിലാണ് ഈ വാഹനം വിറ്റത്.

https://www.facebook.com/JaihindNewsChannel/videos/295184535158189