Vote Chori | ബിഹാറില്‍ വോട്ടര്‍ അധികാര്‍ യാത്രക്ക് നാളെ ഉജ്ജ്വല സമാപനം; മോദിക്കും ബിജെപിക്കുമെതിരെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
August 31, 2025
1 min read
•
Updated: June 05, 2026
പട്ന: ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുക്കി 'ഇന്ത്യ' മുന്നണിയുടെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് തിങ്കളാഴ്ച പട്നയില്‍ ഉജ്ജ്വല സമാപനമാകും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെയും നേതൃത്വത്തില്‍ 1,300 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച്, 110-ലധികം നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോയ യാത്ര പട്‌നയിലെ ഗാന്ധി മൈതാനത്ത് നിന്ന് ഡോ. ഭീം റാവു അംബേദ്കര്‍ പ്രതിമയിലേക്കുള്ള പദയാത്രയോടെയാണ് അവസാനിക്കുക.
ബിഹാറിലെ വോട്ടര്‍ പട്ടികയുടെ പ്രത്യേക സൂക്ഷ്മപരിശോധനയ്ക്കും (SIR) , വോട്ടര്‍ പട്ടികയിലൂടെ 'വോട്ട് മോഷണം' എന്നിവ മുഖ്യ വിഷയമാക്കി ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ ശക്തമായ സന്ദേശം നല്‍കിയാണ് യാത്ര ബിഹാറിലൂടെ കടന്നു പോയത്. 'വോട്ട് ചോര്‍, ഗദ്ദി ഛോര്‍' (വോട്ട് മോഷ്ടിച്ചവരേ, കസേര വിടൂ) എന്ന മുദ്രാവാക്യം 25 ജില്ലകളിലുടനീളം അലയടിച്ചു. യാത്രയിലുടനീളം ഇ്ന്ത്യാ സഖ്യനേതാക്കള്‍ ദിവസേന ജനങ്ങളെ അഭിസംബോധന ചെയ്തു.
'വോട്ടര്‍ അധികാര്‍ യാത്ര' ബിഹാറില്‍ നിന്ന് ആരംഭിച്ച ഒരു 'വിപ്ലവം' ആണെന്ന് രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചു. തിരഞ്ഞെടുപ്പുകളില്‍ 'ഒരു വോട്ട് പോലും മോഷ്ടിക്കപ്പെടുന്നില്ലെന്ന്' ഉറപ്പാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ വിപ്ലവം രാജ്യം മുഴുവന്‍ വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ബിഹാര്‍ വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച നാടാണ്. വോട്ടര്‍ അധികാര്‍ യാത്രയോടുള്ള പ്രതികരണം ബിഹാറില്‍ നിന്ന് മറ്റൊരു വിപ്ലവം ആരംഭിച്ചുവെന്ന് തെളിയിച്ചു. വരും ദിവസങ്ങളില്‍ ഇത് രാജ്യമെമ്പാടും വ്യാപിക്കും,' രാഹുല്‍ ഗാന്ധി പറഞ്ഞു.
യാത്രയിലുടനീളം രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിക്കുകയും പ്രധാനമന്ത്രി മോദിയും ബിജെപി-ആര്‍എസ്എസ് സഖ്യവും അതിസമ്പന്നരുടെ താല്‍പ്പര്യങ്ങള്‍ മാത്രമാണ് സംരക്ഷിക്കുന്നതെന്നും ആരോപിച്ചു. 'ഓര്‍ക്കുക, നിങ്ങളുടെ വോട്ട് മോഷ്ടിക്കപ്പെട്ടാല്‍, നിങ്ങളുടെ ഭാവി മോഷ്ടിക്കപ്പെടും. വോട്ട് ചെയ്യാനുള്ള നിങ്ങളുടെ അവകാശം ഭരണഘടന നിങ്ങള്‍ക്ക് നല്‍കിയതാണ്, അത് മഹാത്മാഗാന്ധിയുടെയും ബാബാസാഹേബ് അംബേദ്കറിന്റെയും ആദര്‍ശങ്ങളുടെ പ്രതീകമാണ്. നമ്മള്‍ അത് സംരക്ഷിക്കണം,' രാഹുല്‍ ഗാന്ധിയുടെ ഈ സന്ദേശമാണ് യാത്രയിലുടനീളം ആവര്‍ത്തിച്ചത്.
ഓഗസ്റ്റ് 17-ന് സസാറാമില്‍ നിന്ന് ആരംഭിച്ച യാത്ര ഔറംഗബാദ്, ഗയ, നവാഡ, നളന്ദ, ലഖിസരായി, മുന്‍ഗര്‍, ഭഗല്‍പൂര്‍, കതിഹാര്‍, പൂര്‍ണിയ, അരാരിയ, സുപോള്‍, മധുബനി, ദര്‍ഭംഗ, സീതാമര്‍ഹി, കിഴക്കന്‍ ചമ്പാരന്‍, പടിഞ്ഞാറന്‍ ചമ്പാരന്‍, ഗോപാല്‍ഗഞ്ച്, സിവാന്‍, ഛാപ്ര, ആര എന്നിവിടങ്ങളിലൂടെ കടന്നുപോയി.
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ യാത്രയെ ബിഹാറിന്റെ ജനകീയ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലെന്നാണ് വിശേഷിപ്പിക്കുന്നത്. അഭൂതപൂര്‍വമായ പിന്തുണയാണ് ഇതിന് ലഭിച്ചത്. വോട്ടര്‍മാരുടെ അവകാശങ്ങള്‍ക്കുള്ള ഭീഷണികള്‍ക്കെതിരെ രാഹുല്‍ ഗാന്ധി പ്രതീക്ഷയുടെ പ്രകാശകിരണമായി മാറി,' അദ്ദേഹം പറഞ്ഞു. തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും അഖിലേഷ് യാദവ്, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കളും യാത്രയ്ക്ക് പിന്തുണയുമായി എത്തി. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സിപിഐ നേതാവ് ആനിരാജയും റാലിയില്‍ പങ്കുകൊണ്ടിരുന്നു.
യാത്രയുടെ വന്‍ ജനപിന്തുണ ഭരണപക്ഷത്തെ വിറളി പിടിപ്പിച്ചു. പല ഘട്ടങ്ങളിലും യാത്ര വിവാദങ്ങളിലും എത്തി. ദര്‍ഭംഗയില്‍ ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പട്നയില്‍ ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സദാക്കത്ത് ആശ്രമത്തിലെ ആസ്ഥാനം ബിജെപി ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്തു
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10