'എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസാണെന്ന് പറയുന്നത്? പ്രസ്താവന പോലും നേരത്തെ തയാറാക്കിവെച്ചത്': പ്രതിപക്ഷ നേതാവ്
Jaihind TV News Report
Jaihind TV Web Desk
July 01, 2022
1 min read
•
Updated: June 05, 2026
തിരുവനന്തപുരം: എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് എകെജി സെന്‍റർ ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എകെജി സെന്‍റര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിനോ യുഡിഎഫിനോ പങ്കില്ല. സര്‍ക്കാരിനെതിരായ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാമെന്ന് കരുതുന്നവരാണ് അക്രമത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
ആരാണ്, എന്താണ് എന്ന് അറിയാതെ കോൺഗ്രസ് ആണ്, യുഡിഎഫ് ആണ് ആക്രമത്തിന് പിന്നിൽ എന്ന് പറയുന്നത് ശരിയല്ല. സംഭവം പോലീസ് അന്വേഷിക്കട്ടെ. പോലീസ് അന്വേഷിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് കുറ്റവാളി കോൺഗ്രസ് ആണെന്ന് തീരുമാനിക്കുന്നത് ശരിയല്ല. കോണ്‍ഗ്രസെന്ന പ്രസ്താവന പോലും നേരത്തെ തയാറാക്കി വെച്ചതാണ്. ഇപ്പോഴുള്ള സമരത്തിൽ നിന്ന് വഴിമാറി പോകില്ലെന്നും സർക്കാർ പ്രതിരോധത്തിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോണ്‍ഗ്രസും യുഡിഎഫും എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസ് ആക്രമിക്കുന്നതിന് അനുകൂലമായ നിലപാട് ഒരുകാലത്തും സ്വീകരിച്ചിട്ടില്ല. പാര്‍ട്ടി ഓഫീസുകള്‍ക്ക് അകത്തേക്ക് പടക്കമോ ബോംബോ എറിയുന്നത് കോണ്‍ഗ്രസിന്‍റെയോ യുഡിഎഫിന്‍റെയോ രീതിയല്ല. ആക്രമണം സംബന്ധിച്ച് നേതൃത്വത്തിന് യാതൊരു വിവരവുമില്ല. പോലീസ് അന്വേഷിക്കട്ടെ. സിസി ടിവിയില്‍ തെളിഞ്ഞിരിക്കുന്ന ദൃശ്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ അക്രമി ആരാണെന്ന് പോലീസ് കണ്ടെത്തട്ടെ.
മലയാളിയുടെ പൊതുബോധത്തെ വെല്ലുവിളിക്കരുത്. നിയമസഭ പോലും മാറ്റിവച്ച് രാഹുല്‍ ഗാന്ധിയുടെ പരിപാടികളില്‍ പങ്കെടുക്കാന്‍ നേതാക്കളെല്ലാം വയനാട്ടിലേക്ക് പോകുകയാണ്. സര്‍ക്കാരിനെ മൂന്ന് ദിവസമായി പ്രതിരോധത്തില്‍ വരിഞ്ഞ് മുറുക്കി നിര്‍ത്തിയിരിക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസോ യുഡിഎഫോ ഈ അക്രമത്തിന് മുതിരില്ലെന്ന് കേരളത്തിലെ സാമാന്യബുദ്ധിയുള്ളവര്‍ക്ക് അറിയാം. ഇത്തരം അക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന രീതി കോണ്‍ഗ്രസിനോ യുഡിഎഫിനോ ഇല്ലെന്ന് എല്ലാവര്‍ക്കും അറിയാം. വിഷയങ്ങളില്‍ നിന്ന് വ്യതിചലിച്ച് പുതിയ വിഷയങ്ങളുടെ പിന്നാലെ പോകുന്നത് ആരാണ്? ഞങ്ങള്‍ ആരും ബോംബാക്രമണം നടത്തി വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കില്ല. സര്‍ക്കാരിനെ പ്രതിരോധത്തില്‍ ആക്കിയുള്ള സമര പരിപാടികളാണ് യുഡിഎഫ് നടത്തുന്നത്. ആ വിഷയത്തില്‍ നിന്നും ശ്രദ്ധ മാറണമെന്ന് ചിന്തിക്കുന്നവരാണ് ഈ അക്രമത്തിന് പിന്നില്‍.
രാത്രി തന്നെ സിപിഎം ഇറക്കിയിരിക്കുന്ന പ്രസ്താവനയില്‍ അക്രമത്തിന് പിന്നില്‍ യുഡിഎഫ് ആണെന്നാണ് പറഞ്ഞിരിക്കുന്നത്. എന്ത് തെളിവിന്‍റെ അടിസ്ഥാനത്തിലാണ് സിപിഎം നേതാക്കള്‍ ഇങ്ങനെ പറയുന്നത്? സിസി ടിവി ദൃശ്യത്തില്‍ പോലും വ്യക്തതയില്ല. നേരത്തെ തയാറാക്കി വെച്ച പ്രസ്താവനയാണിത്. ഒന്നും അറിയാതെ അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസാണ് യുഡിഎഫാണെന്ന് പറയുന്നത് ശരിയായ രീതിയല്ല. എ.കെ ആന്‍റണി അകത്ത് ഇരിക്കുമ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി കെപിസിസി ഓഫീസ് ആക്രമിച്ചത്. അതിന് കൃത്യമായ തെളിവുകളുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് 42 കോണ്‍ഗ്രസ് ഓഫീസുകളാണ് തകര്‍ക്കപ്പെട്ടത്. അഞ്ച് ഓഫീസുകള്‍ കത്തിക്കുകയും പയ്യന്നൂരിലെ ഗാന്ധി പ്രതിമയുടെ തല അറുക്കുകയും കെപിസിസി ഓഫീസ് ആക്രമിക്കുകയും ചെയ്തു. ആദ്യം വിമാനത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന് പറഞ്ഞ് കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. രണ്ടാമത് രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ പ്രതിഷേധിച്ചു എന്നതിന്‍റെ പേരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ത്തു. ഇപ്പോള്‍ മൂന്നാമത്തെ റൗണ്ട് ആക്രമണമാണ് സിപിഎം നടത്തുന്നത്. കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് വ്യാപക അക്രമമാണ് സിപിഎം അഴിച്ചുവിടുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10