സ്പീക്കറായിരുന്നപ്പോള്‍ ശ്രീരാമകൃഷ്ണൻ സഭയിലെ നിർമ്മാണപ്രവൃത്തികള്‍ക്കായി ഊരാളുങ്കലിന് നൽകിയത് 75 കോടിയുടെ കരാര്‍; മകൾ ജോലി ചെയ്യുന്നത് ഊരാളുങ്കലിൽ! ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണയോ ജോലി? എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെ?
Jaihind TV News Report
Jaihind TV Web Desk
May 20, 2022
1 min read
•
Updated: June 10, 2026
തിരുവനന്തപുരം : കൂളിമാട് പാലം തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് ഊരാളുങ്കൽ ചെയ്ത പ്രവൃത്തികളെക്കുറിച്ച് നിരവധി ആക്ഷേപങ്ങളാണ് ഉയരുന്നത്. 2016-21 കാലഘട്ടത്തിൽ നിയമസഭയിലെ പ്രധാന പ്രവൃത്തികളെല്ലാം സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണൻ ഊരാളുങ്കലിനാണ് നൽകിയത്. ശ്രീരാമകൃഷ്ണന്‍റെ മകള്‍ ഭാരിച്ച ശമ്പളത്തില്‍ ജോലി ചെയ്യുന്നത് ഇതേ ഊരാളുങ്കലിലാണ് എന്നതാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത.
16 കോടി രൂപ മുടക്കി നിർമിച്ച നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാൾ, 52.33 കോടി രൂപയുടെ ഇ - നിയമസഭ തുടങ്ങിയ പ്രവൃത്തികൾ ടെണ്ടർ പോലും വിളിക്കാതെ ശ്രീരാമകൃഷ്ണൻ ഊരാളുങ്കലിന് നൽകി. ഇ- നിയമസഭയ്ക്കു വേണ്ടി ഊരാളുങ്കലിന് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് 13.53 കോടി രൂപയായിരുന്നു. ലോക കേരള സഭയുടെ നടത്തിപ്പിന് വേണ്ടി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത് 1.84 കോടി രൂപയ്ക്കാണ്. ആ പ്രവൃത്തിയും ഊരാളുങ്കലിനാണ് നൽകിയത്. 2020 ൽ ലോക കേരള സഭ ചേർന്നപ്പോഴാണ് 16 കോടി മുടക്കി ശങ്കരനാരായണൻ തമ്പി ഹാൾ നവീകരിച്ചത്.
ശ്രീരാമകൃഷ്ണനും ഊരാളുങ്കലുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് നിയമസഭയിലെ പ്രധാന പ്രവൃത്തി കളെല്ലാം ഊരാളുങ്കലിന് ലഭിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ശ്രീരാമകൃഷ്ണന്‍റെ മകൾ ജോലി ചെയ്യുന്നത് ഊരാളുങ്കലിനാണ്. നിയമസഭയിൽ കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികൾ നൽകിയതിനുള്ള ഉപകാരമാണ് ശ്രീരാമകൃഷ്ണന്റെ മകൾക്ക് ഊരാളുങ്കൽ ജോലി നൽകിയതെന്ന ആരോപണമാണ് ഉയരുന്നത്. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സൊസൈറ്റിയിലെ എച്ച്.ആർ വിഭാഗത്തിലാണ് മുന്‍ സ്പീക്കറുടെ മകള്‍ ജോലി ചെയ്യുന്നത്. ഒന്നരലക്ഷം രൂപയാണ് ശമ്പളമായി ഊരാളുങ്കൽ നൽകുന്നത്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന രീതിയിൽ ശ്രീരാമകൃഷ്ണന്‍റെ മകൾക്ക് മാത്രമല്ല, പ്രമുഖ സിപിഎം നേതാക്കളുടെ അടുത്ത ബന്ധുക്കളിൽ പലരും ജോലി ചെയ്യുന്നത് ഊരാളുങ്കലിലാണ്.
ശ്രീരാമകൃഷ്ണന്‍ സ്പീക്കറായിരുന്ന കാലയളവിൽ നടന്ന ഫെസ്റ്റിവൽ ഓൺ ഡെമോക്രസിക്ക് ചെലവായത് രണ്ടേകാൽ കോടി രൂപയാണ്. ആറ് പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് കാരണം രണ്ടെണ്ണമേ നടത്തിയിരുന്നുള്ളു. ഈ പരിപാടിക്ക് ഭക്ഷണ ചെലവ് മാത്രം 68 ലക്ഷം രൂപയായി. യാത്രാ ചെലവ് 42 ലക്ഷം, മറ്റ് ചെലവുകൾ 1.21 കോടി രൂപ , പരസ്യം 31 ലക്ഷം എന്നിങ്ങനെയാണ് ചെലവഴിച്ചത്. അഞ്ച് പേർക്കാണ് ഈ പരിപാടിയുടെ പേരിൽ കരാർ നിയമനം ലഭിച്ചത്. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞിട്ടും ഇവർ നിയമസഭയിൽ ജോലി ചെയ്തു. ഇവരുടെ ശമ്പളത്തിനായി ചെലവായത് 21.61 ലക്ഷം രൂപയാണ്. സഭാ ടിവിയുടെ പേരിലും ചെലവഴിച്ചത് കോടികളാണ്. നിയമസഭയിൽ ആലോചിക്കാതെ ശ്രീരാമകൃഷ്ണന്‍റെ തന്നിഷ്ട പ്രകാരമാണ് എല്ലാ പ്രവൃത്തികളും നടന്നത്. പരാതി നൽകിയപ്പോൾ മാത്രമാണ് സഭാ ടിവിയെ കുറിച്ച് കക്ഷി നേതാക്കളുടെ യോഗം വിളിക്കാൻ പോലും തയാറായത്. സെക്രട്ടേറിയേറ്റിലടക്കം കോടിക്കണക്കിന് രൂപയുടെ പ്രവൃത്തികളാണ് ടെണ്ടർ വിളിക്കാതെ എൽഡിഎഫ് സർക്കാർ ഊരാളുങ്കലിന് നൽകിയത്.
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം രവീന്ദ്രൻ പല ഉപകരണങ്ങളും വാങ്ങി ഊരാളുങ്കലിന് വാടകയ്ക്ക് നൽകുന്നുണ്ട് എന്ന വിവരവും പുറത്തുവന്നിരുന്നു. ഊരാളുങ്കൽ മാസം കൃത്യമായി രവീന്ദ്രന് വാടകയും നൽകുന്നുണ്ട്. എൽഡിഎഫ് ഭരണത്തിൽ തഴച്ച് കൊഴുത്ത് വളരുകയാണ് ഊരാളുങ്കൽ . സിപിഎമ്മിന്‍റെ വിശ്വസ്ത സൃഹൃത്തായി അറിയപ്പെടുന്ന ഊരാളുങ്കലിന്‍റെ വളർച്ചയ്ക്ക് പിന്നിലെ ചാലക ശക്തി മുഖ്യമന്ത്രി പിണറായി വിജയനാണെന്നത് പരസ്യമായ രഹസ്യമാണ്. ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ എന്ന പേരിലാണ് ഊരാളുങ്കലിൽ പലരുടെയും ജോലിയെന്ന് ആരെങ്കിലും ആക്ഷേപം ഉന്നയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ലെന്നതാണ് യാഥാർത്ഥ്യം.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10