ടിവികെ വ്യാജ പിന്തുണക്കത്ത് ചമച്ചെന്ന ആരോപണവുമായി ദിനകരന്‍; വിജയിയെ പിന്തുണച്ച് കത്ത് എഴുതുന്ന എംഎല്‍എയുടെ വീഡിയോ പുറത്തുവിട്ട് ടിവികെ
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്. വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) വ്യാജ പിന്തുണക്കത്ത് ചമച്ചുവെന്ന ആരോപണവുമായി ടി.ടി.വി ദിനകരന്റെ എഎംഎംകെ രംഗത്തെത്തി. എഎംഎംകെയുടെ ഏക എംഎല്‍എയായ എസ്. കാമരാജിന്റെ പിന്തുണയെ ചൊല്ലിയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.
വിജയ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കാമരാജിന്റെ കത്ത് വ്യാജമാണെന്നും ഗവര്‍ണറെ തെറ്റിദ്ധരിപ്പിക്കാനാണ് ടിവികെ ശ്രമിക്കുന്നതെന്നും ദിനകരന്‍ ആരോപിച്ചു. സംഭവത്തില്‍ എഎംഎംകെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍, ഈ ആരോപണങ്ങളെ തെളിവ് സഹിതം ടിവികെ പ്രതിരോധിച്ചു. എംഎല്‍എ കാമരാജ് സ്വന്തം ഇഷ്ടപ്രകാരം കാറിലിരുന്ന് പിന്തുണക്കത്ത് എഴുതുന്ന ദൃശ്യങ്ങള്‍ ടിവികെ പുറത്തുവിട്ടു. ദിനകരന്റെ അനുമതിയോടെയാണ് താന്‍ വിജയ്യെ പിന്തുണയ്ക്കുന്നതെന്ന് കാമരാജ് വീഡിയോയില്‍ പറയുന്നുണ്ട്. ദിനകരന്‍ ഇപ്പോള്‍ നുണപ്രചാരണം നടത്തുകയാണെന്നും ടിവികെ നേതൃത്വം തിരിച്ചടിച്ചു.
അതേസമയം, വിജയ്യുടെ സത്യപ്രതിജ്ഞാ കാര്യത്തില്‍ രാജ്ഭവന്‍ ഇപ്പോഴും അയഞ്ഞിട്ടില്ല. ഭൂരിപക്ഷം തെളിയിക്കാന്‍ 117 എംഎല്‍എമാരുടെ പിന്തുണ വേണമെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനില്‍ക്കുകയാണ്. വിജയ് മൂന്ന് തവണ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കൃത്യമായ ബോധ്യം വന്നിട്ടില്ലെന്നാണ് ലോക്ഭവന്‍ അറിയിക്കുന്നത്.
ഇടതുപാര്‍ട്ടികള്‍ക്ക് പിന്നാലെ വിസികെ (വിടുതലൈ ചിരുതൈഗള്‍ കച്ചി) കൂടി പിന്തുണ പ്രഖ്യാപിച്ചാല്‍ വിജയ്ക്ക് ഭൂരിപക്ഷം ഉറപ്പിക്കാനാകും. വിസികെ നേതാക്കളുമായി വിജയ് ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിസികെ ഇന്ന് ഔദ്യോഗികമായി കത്ത് നല്‍കിയാല്‍ തമിഴ്നാട് രാഷ്ട്രീയത്തിലെ അനിശ്ചിതത്വങ്ങള്‍ക്ക് അന്ത്യമാകും. ഓരോ സീറ്റും നിര്‍ണ്ണായകമായ സാഹചര്യത്തില്‍ വരും മണിക്കൂറുകള്‍ തമിഴ്നാടിന് ഏറെ നിര്‍ണ്ണായകമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.