GANDHI JAYANTI| ഇന്ന് ഗാന്ധി ജയന്തി; യുഗപുരുഷന്റെ ജന്മംകൊണ്ട് ലോകത്തിന് മുമ്പില്‍ ഇന്ത്യ അഭിമാനംകൊള്ളുന്ന ദിവസം
Jaihind TV News Report
Jaihind TV Web Desk
October 02, 2025
1 min read
•
Updated: June 06, 2026
ഇന്ന് ഒക്‌ടോബര്‍ 2. ഗാന്ധി ജയന്തി. യുഗപുരുഷന്റെ ജന്മംകൊണ്ട് ലോകത്തിന് മുമ്പില്‍ ഇന്ത്യ അഭിമാനംകൊള്ളുന്ന ദിവസം.. ഹിംസയും, വെറുപ്പും, വിദ്വേഷവും, അരങ്ങുവാഴുന്ന ഈ കാലത്തില്‍ ദിനംപ്രതി നാം ഗാന്ധിജിയെ സ്മരിക്കുന്നു.. ഓരോ ഓര്‍മയും ധര്‍മവും കര്‍മവുമായി തീരുകയാണ്. നിഷ്‌കളങ്കരില്‍ നിഷ്‌കളങ്കനായ ഗാന്ധിജി സ്വന്തത്തെക്കുറിച്ച് ഒട്ടും ആലോചിക്കാതെ പറഞ്ഞ വാക്കുകള്‍ മാനവചരിത്രത്തിലെ മഹാത്മാക്കളുടെ നിരയില്‍ ഗാന്ധിജിയുടെ മഹിമ വിളിച്ചോതുന്നു. ഒരു പ്രവാചകനും ഒരു വിപ്‌ളവകാരിയും ഈ മഹാമനുഷ്യനെ പോലെ ആജീവനാന്തം സാഹസിയായിരുന്നിട്ടില്ല. 'മജ്ജയും മാംസവുമുള്ള ഇങ്ങനെയൊരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്നു എന്നുപറഞ്ഞാല്‍ വരുംതലമുറക്ക് അതു വിശ്വസിക്കാന്‍ പ്രയാസമാകും' എന്ന് മഹാത്മാഗാന്ധിയെക്കുറിച്ച് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പറഞ്ഞ വാക്കുകള്‍ മാത്രം മതി ആരാണ് ഗാന്ധിജി എന്നറിയാന്‍....
ഗാന്ധിജി ദൂരെയല്ലെന്നും മനസ്സരികെത്തന്നെയുണ്ടെന്നും നമ്മുടെ പ്രവൃത്തിയിലും ചിന്തയിലും ഉറപ്പാക്കണമെന്നു വീണ്ടും ഓര്‍മിപ്പിക്കുകയാണ് ഈ ജന്മദിനം. സ്മൃതിസുഗന്ധമുള്ള ഈ ഗാന്ധിജയന്തി നമുക്ക് ആത്മപരിശോധനയ്ക്കും സ്വയംപുതുക്കലിനുമുള്ള അവസരംകൂടിയായി മാറണം.. അതല്ല എങ്കില്‍ കേവലം ഒക്‌ടോബര്‍ രണ്ടായി മാത്രം ഇന്നേദിനം മാറും...
ആധുനികഭാരതത്തിന്റെ ആത്മാവ്.... മഹാത്മഗാന്ധിജിക്ക് പകരം വെക്കാനായി മറ്റാരാണ് ഉള്ളത്... ആ ആത്മാവിലേക്ക് അടുക്കുംതോറും ഇന്ത്യയും ഇന്ത്യക്കാരും ജയിക്കുന്നു. അതില്‍ നിന്ന് അകലുമ്പോള്‍ തോല്‍ക്കുകയും ചെയ്യുന്നു. ആധുനിക ഭാരതത്തിന്റെ ദേശീയോദ്യാനത്തില്‍ വിരിഞ്ഞ ഏറ്റവും വലിയ വസന്തമേതായിരുന്നു എന്ന ചോദ്യത്തിന് ഒരുത്തരമേ ഉണ്ടാവുകയുള്ളൂ മഹാത്മാ ഗാന്ധി.
ഇവിടെ ഇങ്ങനെയൊരു മനുഷ്യന്‍ ജീവിച്ചിരുന്നുവോ എന്നു വരുംതലമുറ അദ്ഭുതപ്പെടുമെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ പറഞ്ഞതിലും അദ്ഭുതമില്ല. ഗാന്ധിജി ഇന്ത്യയ്ക്കുവേണ്ടി കണ്ട സ്വാതന്ത്ര്യ സ്വപ്നത്തിലേക്കുള്ള ആ വഴി അത്രമേല്‍ കഠിനമായിരുന്നു. ഒരു ചര്‍ക്ക മാത്രം ആയുധമാക്കി, അഹിംസാമന്ത്രം മാത്രം മുഴക്കി അദ്ദേഹം ആ ലക്ഷ്യം യാഥാര്‍ഥ്യമാക്കിയതിലുള്ളത്ര വലിയ പാഠം നാം കേട്ടിട്ടില്ല; ഇനി കേള്‍ക്കാനും പോകുന്നില്ല. മഹാത്മജി പരീക്ഷിച്ചു വിജയിപ്പിച്ച സത്യഗ്രഹം, അസമത്വത്തിനും വിവേചനത്തിനും പാരതന്ത്യ്രത്തിനുമെതിരെ ലോകം ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും സഫലമായ സമരമാര്‍ഗമായി മാറുകയായിരുന്നു. ഇന്ത്യയിലെ ജനങ്ങളെ മുഴുവന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളാക്കാന്‍ കഴിഞ്ഞുവെന്നതായിരുന്നു ഗാന്ധിജിയുടെ ഏറ്റവും വലിയ വിജയം.
ലളിതവും കാലാതീതവുമാണു ഗാന്ധിയന്‍ ദര്‍ശനം. എന്നും കാലത്തിന് അഭിമുഖമായി നില്‍ക്കാനുള്ള ആത്മവിശ്വാസമാണു സ്വന്തം രാജ്യത്തിന് അദ്ദേഹം നല്‍കിയത്. ഇന്ത്യന്‍ രാഷ്ട്രീയവ്യവസ്ഥയെ ജനാധിപത്യത്തിന്റെ അടിത്തറയില്‍ കെട്ടിപ്പടുക്കാന്‍ മഹാത്മജി പരിശ്രമിച്ചു. ദരിദ്രനാരായണര്‍ എന്ന വിശേഷണം നല്‍കി, പാവപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചു ചിന്തിച്ചു. ഭാരതം ജീവിക്കുന്നതു ഗ്രാമങ്ങളിലാണെന്നു വിശ്വസിച്ചു. വിവിധ മതങ്ങള്‍ തോളോടു തോള്‍ ചേര്‍ന്നു കഴിയുന്ന രാജ്യമാണു തന്റെ സ്വപ്നത്തിലെ ഇന്ത്യയെന്ന് ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.
ഉച്ചനീചത്വങ്ങളില്ലാത്ത, മതവൈരമില്ലാത്ത, അയിത്തവും അനാചാരങ്ങളുമില്ലാത്ത, ഏവര്‍ക്കും തുല്യനീതിയും തുല്യപങ്കാളിത്തവുമുള്ള സമത്വസുന്ദരമായ ഇന്ത്യയാണ് മഹാത്മജി സ്വപ്നം കണ്ടത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10