AIR INDIA| എയര്‍ ഇന്ത്യയില്‍ ഗുരുതര സുരക്ഷാ വീഴ്ച: ഡിജിസിഎയുടെ ശക്തമായ താക്കീത്
Jaihind TV News Report
Jaihind TV Web Desk
June 20, 2025
1 min read
•
Updated: June 06, 2026
a
ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയുടെ വിമാനങ്ങളില്‍ ഗുരുതരമായ സുരക്ഷാ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയതായി റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കേണ്ട സുരക്ഷാ ഉപകരണങ്ങളുടെ കാലാവധി കഴിഞ്ഞിട്ടും മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ സര്‍വീസ് നടത്തിയെന്നും, ഈ വിഷയത്തില്‍ നടപടിയെടുക്കാന്‍ വൈകിയെന്നും ചൂണ്ടിക്കാട്ടിയാണ് ഡിജിസിഎയുടെ നടപടി ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അടുത്തിടെ 242 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ ബോയിംഗ് 787-8 വിമാനാപകടവുമായി ഈ സംഭവത്തിന് യാതൊരു ബന്ധവുമില്ല. അപകടത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ മുന്നറിയിപ്പ് നോട്ടീസുകളും അന്വേഷണ റിപ്പോര്‍ട്ടും അയച്ചതെന്ന് രേഖകള്‍ വ്യക്തമാക്കുന്നതായി റോയിട്ടേഴ്‌സ് വാര്‍്ത്താ റിപ്പോര്‍ട്ടില്‍ പറയുന്നു.
കണ്ടെത്തിയ വീഴ്ചകള്‍
മേയ് മാസത്തില്‍ ഡിജിസിഎ നടത്തിയ മിന്നല്‍ പരിശോധനയിലാണ് എയര്‍ ഇന്ത്യയുടെ മൂന്ന് എയര്‍ബസ് വിമാനങ്ങളില്‍ സുരക്ഷാ വീഴ്ച കണ്ടെത്തിയത്. വിമാനങ്ങളിലെ ഏറ്റവും നിര്‍ണായകമായ സുരക്ഷാ ഉപകരണങ്ങളിലൊന്നായ 'എമര്‍ജന്‍സി എസ്‌കേപ്പ് സ്ലൈഡുകളുടെ' കാലാവധി കഴിഞ്ഞിട്ടും പരിശോധന നടത്താതെ വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു എയര്‍ബസ് എ320 വിമാനത്തില്‍, പരിശോധന ഒരു മാസത്തിലധികം വൈകിയാണ് നടത്തിയത്. ഈ കാലയളവില്‍ വിമാനം ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തിയിരുന്നു. ആഭ്യന്തര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന മറ്റൊരു എയര്‍ബസ് എ319 വിമാനത്തില്‍ പരിശോധന മൂന്ന് മാസത്തിലധികം വൈകി. മൂന്നാമതൊരു വിമാനത്തില്‍ പരിശോധന രണ്ട് ദിവസം വൈകിയതായും കണ്ടെത്തി.
'കാലഹരണപ്പെട്ടതോ പരിശോധന നടത്താത്തതോ ആയ അടിയന്തര സുരക്ഷാ ഉപകരണങ്ങളുമായി വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു എന്നത് വ്യോമയാന നിയമങ്ങളുടെയും സുരക്ഷാ മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണ്,' ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിസിഎ ചൂണ്ടിക്കാട്ടിയ പിഴവുകള്‍ക്ക് കൃത്യസമയത്ത് മറുപടി നല്‍കുന്നതിലും എയര്‍ ഇന്ത്യ പരാജയപ്പെട്ടെന്നും, ഇത് കമ്പനിയുടെ നടപടിക്രമങ്ങളിലെ നിയന്ത്രണക്കുറവും മേല്‍നോട്ടത്തിലെ പാളിച്ചയുമാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.
എയര്‍ ഇന്ത്യയുടെ പ്രതികരണം
2022-ല്‍ സര്‍ക്കാരില്‍ നിന്ന് ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ, എല്ലാ അറ്റകുറ്റപ്പണികളുടെയും രേഖകള്‍ പരിശോധിക്കുന്നത് ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും, എസ്‌കേപ്പ് സ്ലൈഡുകളുടെ കാലാവധി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ പൂര്‍ത്തിയാക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. ഒരു കേസില്‍, എഐ എഞ്ചിനീയറിംഗ് സര്‍വീസസിലെ ഒരു എഞ്ചിനീയര്‍ അറ്റകുറ്റപ്പണികള്‍ക്കിടയില്‍ അബദ്ധത്തില്‍ എസ്‌കേപ്പ് സ്ലൈഡ് പ്രവര്‍ത്തിപ്പിച്ചപ്പോഴാണ് വിഷയം ശ്രദ്ധയില്‍പ്പെട്ടതെന്നും കമ്പനി വിശദീകരിച്ചു.
എയര്‍ ഇന്ത്യയുടെ ആഭ്യന്തര മേല്‍നോട്ട സംവിധാനം അപര്യാപ്തമാണെന്ന് ഡിജിസിഎയുടെ അന്വേഷണ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. 'മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും, കമ്പനിയുടെ ആഭ്യന്തര ഗുണനിലവാര, ആസൂത്രണ വിഭാഗങ്ങള്‍ ഫലപ്രദമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ഇത് സംവിധാനത്തിലെ മൊത്തത്തിലുള്ള നിയന്ത്രണ വീഴ്ചയാണ് (Systemic Control Failure) സൂചിപ്പിക്കുന്നത്,' റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ വര്‍ഷം വ്യോമയാന കമ്പനികള്‍ക്ക് സുരക്ഷാ വീഴ്ചകളുടെ പേരില്‍ 23 തവണ മുന്നറിയിപ്പ് നല്‍കുകയോ പിഴ ചുമത്തുകയോ ചെയ്തിരുന്നു. ഇതില്‍ പകുതിയോളം (12 എണ്ണം) എയര്‍ ഇന്ത്യയ്ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസിനും എതിരെയായിരുന്നു. അടുത്തിടെയുണ്ടായ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍, പുതിയ സുരക്ഷാ വീഴ്ചകള്‍ എയര്‍ ഇന്ത്യയുടെ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകും.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10