കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവും ആസൂത്രണ-സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രിയുമായ ഡി. സുധാകർ അന്തരിച്ചു. 66 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.
ഇലക്ട്രോണിക് സിറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.15-നായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ശ്വാസകോശ അണുബാധയെത്തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം.
ചിത്രദുർഗ ജില്ലയിലെ ഹിരിയൂർ നിയോജക മണ്ഡലത്തിൽ നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം. നിലവിൽ കർണാടക സർക്കാരിന്റെ ആസൂത്രണ - സ്ഥിതിവിവരക്കണക്ക് വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2004-ൽ ചല്ലക്കെരെ മണ്ഡലത്തിൽ നിന്നാണ് സുധാകർ ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ മണ്ഡല പുനർനിർണ്ണയത്തെത്തുടർന്ന് ചല്ലക്കെരെ എസ്.ടി സംവരണ മണ്ഡലമായതോടെ അദ്ദേഹം ഹിരിയൂരിലേക്ക് മാറുകയും അവിടെ നിന്ന് വിജയം ആവർത്തിക്കുകയും ചെയ്തു.
ജനകീയനായ നേതാവ് എന്ന നിലയിൽ ചിത്രദുർഗ മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവായിരുന്നു ഡി. സുധാകർ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ തുടങ്ങി പ്രമുഖ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ഭൗതികദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. തുടർന്ന് ജന്മനാടായ ചിത്രദുർഗയിൽ സംസ്കാര ചടങ്ങുകൾ നടക്കും.