ഇടതിൽ ഇളക്കം; 'സിപിഎം ചതിച്ചു'; ആർ.ജെ.ഡിയിൽ ആഭ്യന്തര കലഹം രൂക്ഷം

ഇടതുമുന്നണിയിൽ തങ്ങൾ കടുത്ത അവഗണന നേരിടുകയാണെന്ന പരാതിയുമായി ആർ.ജെ.ഡി (RJD) രംഗത്തെത്തിയതോടെ മുന്നണി ബന്ധത്തിൽ വിള്ളൽ വീഴുന്നു. മുന്നണിയിൽ നിന്ന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ രാജി സന്നദ്ധത അറിയിച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ആഭ്യന്തര കലഹങ്ങളും മുന്നണിയോടുള്ള അതൃപ്തിയും പരസ്യമായത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കോഴിക്കോട് കോർപ്പറേഷനിലെ തോൽവിയാണ് നിലവിലെ പൊട്ടിത്തെറിക്ക് പ്രധാന കാരണം. മത്സരിച്ച അഞ്ച് സീറ്റുകളിലും പാർട്ടി പരാജയപ്പെട്ടത് പ്രാദേശിക സിപിഎം നേതാക്കളുടെ ഇടപെടൽ മൂലമാണെന്നാണ് ആർ.ജെ.ഡി ആരോപിക്കുന്നത്. തങ്ങളെ തോൽപ്പിക്കാൻ സിപിഎം ഗൂഢാലോചന നടത്തിയെന്ന് കാണിച്ച് പാർട്ടി സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് രേഖാമൂലം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷനെ നിയോഗിച്ചെങ്കിലും പാർട്ടി പ്രവർത്തകർക്കിടയിലെ അമർഷം ശമിച്ചിട്ടില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ഇടതുമുന്നണിയുടെ മേഖലാ ജാഥ കോഴിക്കോട് എത്തുമ്പോൾ അത് ബഹിഷ്കരിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ആഹ്വാനം ചെയ്തിട്ടുണ്ട്. മുന്നണി മര്യാദകൾ ലംഘിക്കപ്പെടുന്നു എന്ന വാദമുയർത്തിയാണ് ബഹിഷ്കരണ നീക്കം. പാർട്ടിക്കുള്ളിൽ നേതൃത്വത്തിനെതിരെ വിമർശനം കടുത്തതോടെയാണ് ശ്രേയാംസ് കുമാർ പദവി ഒഴിയാൻ താല്പര്യം പ്രകടിപ്പിച്ചത്. ചില പ്രമുഖ നേതാക്കൾ പാർട്ടി വിടുമെന്ന സൂചനകളും നിലവിലുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതുമുന്നണിയുമായുള്ള സഹകരണം സംബന്ധിച്ച് ആർ.ജെ.ഡിയിൽ കടുത്ത അനിശ്ചിതത്വമാണ് നിലനിൽക്കുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.