Logo
Mon, Jun 08, 2026 • 09:03 AM
LIVE TV
Watch

No business videos available

No Middle East videos available

'സച്ചിതാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി: ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച': ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റത്തില്‍ തുറന്നടിച്ച് പ്രേം കുമാര്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 14, 2026
1 min read Updated: June 07, 2026
SHARE:
SAVE: Login to save

'സച്ചിതാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി: ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച': ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാന മാറ്റത്തില്‍ തുറന്നടിച്ച് പ്രേം കുമാര്‍
തിരുവനന്തപുരം: ഭരണത്തുടര്‍ച്ചയെ വിമര്‍ശിച്ച കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിതാനന്ദനെതിരെ കടുത്ത പരിഹാസവുമായി ചലച്ചിത്ര അക്കാദമി മുന്‍ അധ്യക്ഷന്‍ പ്രേംകുമാര്‍. ആശാ സമരത്തെ അനുകൂലിച്ചതിന്റെ പേരില്‍ തന്നെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയ സര്‍ക്കാര്‍, സച്ചിതാനന്ദന്റെ കാര്യത്തില്‍ കാണിക്കുന്നത് ഇരട്ടനീതിയാണെന്ന് പ്രേംകുമാര്‍ ആരോപിച്ചു. തനിക്ക് ഇല്ലാത്ത എന്തോ അത്ഭുതസിദ്ധി സച്ചിതാനന്ദനുണ്ടോ എന്ന് പ്രേംകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുപ്പതാം പതിപ്പിന്റെ ഒരുക്കങ്ങളും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയവും ദ്രുതഗതിയില്‍ നടക്കുമ്പോഴാണ് തന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ സ്ഥാനത്തുനിന്ന് നീക്കിയതെന്ന് പ്രേംകുമാര്‍ വെളിപ്പെടുത്തി. 'ഒരാളോടും ഒരു നന്ദി പോലും പറയാന്‍ അവസരം നല്‍കാതെയാണ് എന്നെ പുറത്താക്കിയത്. ഇതിന്റെ അടിയന്തിര സാഹചര്യം എന്തായിരുന്നു എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല,' അദ്ദേഹം കുറിച്ചു. തന്റെ പ്രവര്‍ത്തനങ്ങളെ സാംസ്‌കാരിക മന്ത്രി പോലും പരസ്യമായി പ്രശംസിച്ചതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തന്റെ പുറത്താക്കലിന് പിന്നിലെ യഥാര്‍ത്ഥ കാരണം പിന്നീട് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് പ്രേംകുമാര്‍ പറയുന്നു. കോടികള്‍ മുടക്കി സാംസ്‌കാരിക സംഗമങ്ങള്‍ നടത്തുമ്പോള്‍, സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ കൂടി പരിഗണിക്കണമെന്ന് ആലോചനായോഗത്തില്‍ ഉന്നയിച്ചതാണ് അധികാരികളെ ചൊടിപ്പിച്ചത്. മാനുഷികമായ ഈ ആവശ്യം ഉന്നയിച്ചതിനാണ് തന്നെ പടിയിറക്കിയതെന്നും എന്നാല്‍ ഈ നിമിഷം വരെ ഔദ്യോഗികമായ ഒരറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാം വട്ടം അധികാരം പിടിക്കാന്‍ സി.പി.എം നീക്കം നടത്തുന്നതിനിടെയാണ് സച്ചിതാനന്ദന്‍ തന്നെ സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഒരു അഭിമുഖത്തിലായിരുന്നു സച്ചിതാനന്ദന്റെ തുറന്നുപറച്ചില്‍. ബംഗാളില്‍ തുടര്‍ച്ചയായി ഭരണം ലഭിച്ചപ്പോള്‍ ഒരു വിഭാഗം ആളുകള്‍ അടിച്ചമര്‍ത്തപ്പെട്ടുവെന്നും അധികാരം പാര്‍ട്ടിയെ നശിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അധികാരത്തുടര്‍ച്ചയല്ല, മറിച്ച് ഭരണം മാറിമാറി വരുന്നതാണ് ജനാധിപത്യത്തില്‍ ജാഗ്രതയുണ്ടാക്കുകയെന്നും സച്ചിദാനന്ദന്‍ വ്യക്തമാക്കി. പോസ്റ്റിന്റെ പൂര്‍ണരൂപം:
സച്ചിദാനന്ദൻ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി...
അഥവാ
ഇരട്ടനീതിയുടെ നേർക്കാഴ്ച്ച —
ചില കാര്യങ്ങൾ അങ്ങനെയാണ്. എത്ര ആലോചിച്ചാലും അതിനു പിന്നിലെ യുക്തി നമുക്ക് മനസ്സിലാകില്ല!!
IFFK യുടെ മുപ്പതാം എഡിഷൻറെ മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയായിരുന്നു ഒരുഭാഗത്ത്.
സംസ്ഥാന സിനിമ അവാർഡിന്റെ നിർണയം ജൂറി മാരുടെ ചൂട് പിടിച്ച ചർച്ചകളുമായി മറ്റൊരുഭാഗത്ത്. അക്കാദമിയുടെ നിരവധിയായ മറ്റു പരിപാടികളും പ്രവർത്തനങ്ങളും വേറൊരുഭാഗത്ത്. ചലച്ചിത്രഅക്കാദമി ചെയർമാൻ എന്നനിലയിൽ ഇതിനെല്ലാം മേൽനോട്ടം വഹിച്ചും നേതൃത്വം നൽകിയും എന്റെ ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച കർമനിരതമായ നാളുകൾ....
സിനിമാ നയരൂപീകരണ സമിതി അംഗം എന്ന നിലയിൽ നയരൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും അവസാനഘട്ടത്തിൽ എത്തിനിൽക്കുന്നു.
അപ്പോൾ —
ഇത്തവണത്തെ സിനിമാഅവാർഡ് പ്രഖ്യാപനത്തിൻറെ കൃത്യം തലേ ദിവസം. ഒരു മുന്നറിയിപ്പുമില്ലാതെ ചലച്ചിത്രഅക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും ഞാൻ പുറത്താകുന്നു. ഒരാളോടും ഒരു നന്ദി പോലും പറയാൻ അവസരം നൽകാതെ പുറത്താക്കുന്നു. ഇത്ര ധൃതി പിടിച്ചു തിടുക്കപ്പെട്ട് എന്നെ പുറത്താക്കാനുള്ള അടിയന്തിര സാഹചര്യം എന്തായിരുന്നു എന്നുള്ളത് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ചലച്ചിത്രമേഖലയും
സാംസ്‌കാരികപ്രവർത്തകരും മാധ്യമങ്ങളും പൊതു സമൂഹവും എല്ലാം എന്റെ പ്രവർത്തനങ്ങളെ വാനോളം പ്രശംസിച്ചിരുന്നു.
ഒരവസരത്തിൽ സാംസ്കാരിക മന്ത്രി പോലും അക്കാദമി ചെയർമാനെന്ന നിലയിൽ 'പ്രേംകുമാറിൻറെ പ്രവർത്തനം ഏറ്റവും മികച്ചതാണെന്ന്' പരസ്യമായി പ്രകീർത്തിക്കുകയുണ്ടായി. ആ എൻറെ പ്രവർത്തനമികവും സംഘാടനശേഷിയും ലഭിച്ച പ്രശംസകളും പ്രകീർത്തനങ്ങളും എല്ലാം എത്ര വേഗത്തിലാണ് എത്ര നിസ്സാരമായാണ് അലിഞ്ഞില്ലാതായത്.
ഔദ്യോഗികസ്ഥാനത്ത് തികഞ്ഞ ആത്മാർത്ഥതയോടും അർപ്പണബോധത്തോടും സത്യസന്ധതയോടുമുള്ള എൻറെ കർമനിരത ഒരു കുറ്റമാണോ? എന്ന് പിന്നീട് ഞാൻ സന്ദേഹിയായി. മാസങ്ങൾക്കുമുമ്പ്- മനുഷ്യസ്നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറിൽ സംഘടിപ്പിക്കാൻ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തിൻറെ മുന്നോടിയായി നടന്ന ആലോചനായോഗത്തിൽ 'ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങൾ സംഘടിപ്പിക്കുമ്പോൾ സെക്രട്ടേറിയറ്റിനു മുന്നിൽ തെരുവിൽ നിരാഹാര സമരം ചെയ്യുന്ന 'ആശാവർക്കർമാരായ സഹോദരിമാരെയും' നാം ഓർക്കേണ്ടതല്ലേയെന്ന' തീർത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് - ആശാസമരം പരിഹരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടതാണ് - എൻറെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങൾ വഴി അറിയാൻ കഴിഞ്ഞു.
ചെയർമാൻ സ്ഥാനത്തുനിന്നും എന്നെ ഒഴിവാക്കിയതായ ഔദ്യോഗികമായ ഒരറിയിപ്പും ഈ നിമിഷം വരെ എനിക്കു ലഭിച്ചിട്ടില്ല. സംഘാടകസമിതിയുടെ ചുമതല ഉണ്ടായിരുന്നിട്ടുകൂടി ഡിസംബറിൽ കൊച്ചിയിൽ നടന്ന അന്താരാഷ്ട്ര സാംസ്കാരിക സംഗമത്തെക്കുറിച്ച് ഒരറിയിപ്പോ, ക്ഷണമോ എനിക്ക് ലഭിച്ചതുമില്ല.
ഇക്കാര്യങ്ങളെല്ലാം ഇപ്പോൾ ഓർക്കാൻ കാരണം.
കേരള സാഹിത്യഅക്കാദമി ചെയർമാനായ സച്ചിദാനന്ദൻ മാഷ് പാർട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വർത്തമാനങ്ങൾ നിരന്തരം പറഞ്ഞിട്ടും ഒരു തുടർഭരണം പോലും ഉണ്ടാകാൻ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിൻറെ ചെയർമാൻ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ല.
ചെയർമാന്റെ ഔദ്യോഗിക കാലാവധിയൊക്കെ എന്നേ കഴിഞ്ഞിട്ടും ഇപ്പോഴും അദ്ദേഹം ആ സ്ഥാനത്ത് തുടരുന്നതും തുടരാനനുവദിക്കുന്നതും, സംസ്ഥാനത്തെ രണ്ടു പ്രധാന സാംസ്‌കാരിക സ്ഥാപനങ്ങളിലൊന്നായ ചലച്ചിത്രഅക്കാദമി ചെയർമാൻ ആയിരുന്ന എനിക്ക് ഇല്ലാത്ത എന്തോ അപാരമായ - അതിമാനുഷമായ അത്ഭുതസിദ്ധി സാഹിത്യ അക്കാദമിചെയർമാനായ സച്ചിദാനന്ദൻ മാഷിനുണ്ടെന്നതോന്നലുളവാക്കുന്നു. അത് എന്നെ ശരിക്കും അത്ഭുതപെടുത്തുന്നു. ഇരട്ടനീതിയുടെ പ്രത്യക്ഷകാഴ്ചയാണ് ഇവിടെ കാണാനാവുന്നത്. വരേണ്യതാബോധത്തിലൂന്നിയ വിനീതത്വമാണോ വിധേയത്വമാണോ ഇവിടെ സച്ചിദാനന്ദൻ മാഷിൻറെ കാര്യത്തിൽ സംഭവിക്കുന്നത് ? എന്ന ചോദ്യം ബാക്കിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസമെന്ന മുദ്രാവാക്യം സവിശേഷവിഭാഗത്തിനു മാത്രമായി സംവരണം ചെയ്തുപോയോ എന്ന് ന്യായമായും സംശയിക്കാം. കുറച്ചുപേർക്ക് ഒരു നീതി മറ്റു ചിലർക്ക് വേറൊരു നീതി എന്ന നിർവചനം ഏതു നീതിദേവതയുടേതാവും ? വിശ്വപ്രസിദ്ധനായ ഏണസ്റ്റ് ഹെമിങ് വെയുടെ 'കിഴവനും കടലും' എന്ന നോവലിലെ 'കൊല്ലാം, പക്ഷേ തോൽപ്പിക്കാനാവില്ല' എന്ന ആ പ്രസിദ്ധമായ വാക്യം ഇപ്പോൾ ഞാൻ ഓർക്കുന്നത് ഒട്ടും യാദൃശ്ചികമല്ല. സാമാന്യനീതിയെന്നത് ഏതൊരാൾക്കും അവകാശപ്പെട്ടതാണല്ലോ...
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10