Logo
Mon, Jun 08, 2026 • 07:24 AM
LIVE TV
Watch

No business videos available

No Middle East videos available

പൊലീസുകാരന് എസ്എഫ്ഐ പ്രവ‌ർത്തകരുടെ ക്രൂരമർദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
February 15, 2026
1 min read Updated: June 07, 2026
SHARE:
SAVE: Login to save

പൊലീസുകാരന് എസ്എഫ്ഐ പ്രവ‌ർത്തകരുടെ ക്രൂരമർദ്ദനം; പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്

തിരുവനന്തപുരത്ത് ട്രാവൻകൂർ മാളിൽ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരനെ മർദ്ദിച്ച കേസിൽ പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ്. ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ മിഥുൻ റോയിക്കാണ് (33) മർദ്ദനമേറ്റത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. മാളിലെത്തിയ മിഥുനെ എസ്എഫ്ഐ പ്രവർത്തകർ അസഭ്യം പറഞ്ഞ് പ്രകോപിതനാക്കാൻ ശ്രമിച്ചു. പിന്നാലെ മിഥുനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മിഥുനോടൊപ്പം സഹോദരിയും ഉണ്ടായിരുന്നു.

'നിന്റെ തിളപ്പ് മാറിയോ, ഇപ്പോൾ അടിക്കണ്ടേ '...എന്ന് ചോദിച്ചാണ് എസ്എഫ് ഐക്കാർ മിഥുനുമായി ഏറ്റുമുട്ടിയത്. മിഥുൻ നടന്ന് മാളിലെ കടയ്ക്കുള്ളിൽ കയറിയെങ്കിലും അവിടെ വച്ചും ഉന്തും തള്ളുമായി. സംഘത്തിലുണ്ടായിരുന്ന ഒരാൾ ചാടിച്ചവിട്ടി. മിഥുൻ മറിഞ്ഞ് സാധനങ്ങൾക്ക് പുറത്തുകൂടി വീണു. ഇതോടെ മാളിലുണ്ടായിരുന്നവരെല്ലാം പരിഭ്രാന്തരായി ഓടിക്കൂടി. മിഥുനും തിരിച്ചടിച്ചു. ഈ സമയം അവിടെയുണ്ടായിരുന്ന സുരക്ഷാജീവനക്കാർ ഇവരെ പിന്തിരിപ്പിക്കാൻ നോക്കിയെങ്കിലും ഫലം കണ്ടില്ല. പിന്നാലെ കൂടുതൽ സുരക്ഷാ ജീവനക്കാരെത്തി ഏറെനേരം പണിപ്പെട്ടാണ് സ്ഥിതി ശാന്തമാക്കിയത്

സംഭവത്തിൽ മിഥുന്റെ പരാതിയിലും എസ്എഫ്ഐ പ്രവർത്തകരുടെ പരാതിയിലും വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ മിഥുനും സഹോദരിയും ആയുധമുപയോഗിച്ച് ആക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്. പൊലീസുകാരൻ ഇടിവള ഉപയോഗിച്ച് പ്രവർത്തകരുടെ മുഖത്തും നെഞ്ചത്തും ഇടിച്ചെന്നും സഹോദരി അടിച്ചുകൊല്ലാൻ പറഞ്ഞെന്നും എഫ്ഐആറിൽ പറയുന്നു. ഇതനുസരിച്ച് മിഥുനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, മിഥുൻ നൽകിയ പരാതിയിൽ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ദൃശ്യങ്ങൾ പരിശോധിച്ച് സാക്ഷി മൊഴി എടുത്തതിനുശേഷമാകും തുടർനടപടി ഉണ്ടാകുകയെന്നാണ് വഞ്ചിയൂർ പൊലീസ് പറയുന്നത്.

കഴിഞ്ഞ ഡിസംബർ 31ന് പുതുവത്സരാഘോഷത്തിനിടെ ശംഖുംമുഖത്തെത്തിയ എസ്എഫ്ഐ പ്രവർത്തകരും, മിഥുൻ ഉൾപ്പെടെയുള്ള പൊലീസുമായി ഉന്തുംതള്ളുമുണ്ടായിരുന്നു. അന്ന് പൊലീസ് ലാത്തി വീശുകയും ചെയ്തു. ഇതിന്റെ പ്രതികാരമാണ് ഇന്നലത്തെ സംഭവത്തിന് പിന്നിലെന്നാണ് വിവരം. ശംഖുംമുഖത്തെ സംഭവത്തിനുശേഷം മിഥുൻ മെഡിക്കൽ അവധിയിലാണിപ്പോൾ.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10