'തീയേ തലൈവിയേ...'; ജി. മാര്‍ത്താണ്ഡന്റെ 'ഓട്ടംതുള്ളല്‍' ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി
കൊച്ചി: വിജയരാഘവന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ഓട്ടംതുള്ളലി'ലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്തിറങ്ങി. 'തീയേ തലൈവിയേ പാമ്പേ അണിഞ്ഞോളൂ...' എന്നു തുടങ്ങുന്ന ഗാനം പ്രശസ്ത നടി മഞ്ജു വാര്യരുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ധന്യാ സുരേഷ് മേനോന്റെ വരികള്‍ക്ക് രാഹുല്‍ രാജ് ഈണം പകര്‍ന്നിരിക്കുന്ന ഈ ഗാനം കൃഷ്ണ ഭദ്ര സുരേഷ്, ഭാമ യാമി ഗൗരി എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ക്ഷേത്രോത്സവത്തിന്റെ അന്തരീക്ഷത്തില്‍ ഒരുക്കിയിരിക്കുന്ന ഈ ഗാനം ചിത്രത്തിന്റെ ടൈറ്റില്‍ സോങ് ആയാണ് എത്തുന്നതെന്ന് സംവിധായകന്‍ ജി. മാര്‍ത്താണ്ഡന്‍ വ്യക്തമാക്കി. ഏതു വിശ്വാസികള്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ പാകത്തിലുള്ള ഒന്നാണ് ഈ ഗാനമെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
സെപ്റ്റംബര്‍ 18-ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. തികഞ്ഞ നാടന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഒരു കുടുംബചിത്രമാണിത്. സാധാരണക്കാര്‍ താമസിക്കുന്ന ഒരു ഗ്രാമത്തിലെ ഒരു കുടുംബത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആ ഗ്രാമത്തിന്റെ തന്നെ പ്രശ്‌നമായി മാറുന്നതും, തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് തികഞ്ഞ നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ ചിത്രം ദൃശ്യവത്കരിക്കുന്നത്.
ആദ്യാ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ചിത്രം ജെ.കെ.എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മോഹന്‍ നെല്ലിക്കാട്ടാണ് നിര്‍മ്മിക്കുന്നത്. സിറിയക്ക് ആലഞ്ചേരി കോ-പ്രൊഡ്യൂസറും, ഹിരണ്‍ മഹാജന്‍, ജി. മാര്‍ത്താണ്ഡന്‍ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. ബിനു ശിവറാമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണന്‍, ടിനി ടോം, ഹരിശ്രീ അശോകന്‍, മനോജ് കെ.യു, ജിയോ ബേബി, സിദ്ധാര്‍ത്ഥ് ശിവ, ബിബിന്‍ ജോര്‍ജ്, പൗളി വത്സന്‍, സേതുലക്ഷ്മി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
പ്രദീപ് നായര്‍ ഛായാഗ്രഹണവും ജോണ്‍കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കടവൂര്‍, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.