തിരുവനന്തപുരം: പൊതുവേദികളിൽ സ്ത്രീകൾ പങ്കെടുക്കുന്നതിനെയും അവർ വീടിന് പുറത്തിറങ്ങുന്നതിനെയും എതിർത്തുകൊണ്ട് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ സ്ത്രീപക്ഷ നിലപാടുമായി പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ ലിംഗവിവേചനമില്ലെന്നും സ്ത്രീകൾ പൊതുരംഗത്തിറങ്ങരുതെന്ന് മതപ്രമാണങ്ങളിൽ എവിടെയും നിഷ്കർഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം പാളയം ജുമാ മസ്ജിദിൽ നടന്ന വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയിലാണ് ഖുർആൻ വചനങ്ങളും ഹദീസുകളും ഉദ്ധരിച്ചുകൊണ്ട് ഇമാം തന്റെ നിലപാട് പരസ്യമാക്കിയത്. സ്ത്രീകൾക്ക് അവരുടെ ആവശ്യങ്ങൾക്കായി പുറത്തിറങ്ങാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും, യാഥാസ്ഥിതിക വിഭാഗങ്ങൾ വ്യാഖ്യാനിക്കുന്നതുപോലെ അവരുടെ സാമൂഹിക ഇടപെടലുകൾ പരിമിതപ്പെടുത്തപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രവാചകന്റെ കാലത്തുതന്നെ ഇത്തരം വിഷയങ്ങളിൽ വ്യക്തത വരുത്തിയിട്ടുണ്ടെന്നും സ്ത്രീകൾക്ക് പൊതുരംഗത്തിറങ്ങാനും ആവശ്യങ്ങൾക്ക് പുറത്തുപോകാനും പ്രവാചകൻ തന്നെ അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെയും നേതൃനിരയിലേക്ക് ഉയരുന്നതിനെയും സമസ്ത ഉൾപ്പെടെയുള്ള യാഥാസ്ഥിതിക വിഭാഗങ്ങൾ തുടർച്ചയായി എതിർക്കുന്ന പശ്ചാത്തലത്തിൽ, പാളയം ഇമാമിന്റെ ഈ സ്ത്രീപക്ഷ പ്രസ്താവന വലിയ സാമൂഹിക പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.