കൊച്ചി: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് ഹൈക്കോടതിയിൽ വീണ്ടും തിരിച്ചടി. ചോറ്റാനിക്കര കോടതിയിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി വീണ്ടും തള്ളി.
കേസിലെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനായി തിങ്കളാഴ്ച കോടതിയിൽ ഹാജരാകണമെന്ന് ചോറ്റാനിക്കര കോടതി പ്രതികൾക്ക് നിർദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് അഗസ്റ്റിൻ സഹോദരന്മാർ ഹൈക്കോടതിയെ സമീപിച്ചത്.
വയനാട്ടിലും ചോറ്റാനിക്കരയിലുമുള്ള കേസുകൾ ഒരേ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതാണെന്നും അതിനാൽ കേസുകൾ ഒന്നായി പരിഗണിക്കണമെന്നുമായിരുന്നു പ്രതികളുടെ വാദം.
എന്നാൽ ചോറ്റാനിക്കരയിലെ വഞ്ചനാക്കേസിന് വയനാട്ടിലെ മരംമുറി കേസുമായി ബന്ധമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സർക്കാരിന്റെ വാദം അംഗീകരിച്ചാണ് അടിയന്തരമായി വിചാരണ സ്റ്റേ ചെയ്യണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളിയത്.
കേസ് ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
അഗസ്റ്റിൻ സഹോദരന്മാർക്ക് വീണ്ടും തിരിച്ചടി; ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്ന ആവശ്യം തള്ളി ഹൈക്കോടതി