Live TV
Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സംശയം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; തീവ്രവാദബന്ധം സംശയിച്ച് പോലീസ്

കോഴിക്കോട് ട്രെയിനില്‍ തീയിട്ടു, മൂന്നു പേർക്ക് ദാരുണാന്ത്യം: അക്രമി യുപി സ്വദേശിയെന്ന് സംശയം; സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; തീവ്രവാദബന്ധം സംശയിച്ച് പോലീസ്
  കോഴിക്കോട്/കണ്ണൂർ: എലത്തൂരിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ യാത്രികൻ കോച്ചില്‍ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് മൂന്ന് യാത്രക്കാർ കൊല്ലപ്പെട്ടു. എലത്തൂരിലെ റെയിൽവെ ട്രാക്കില്‍ നിന്നാണ് രാത്രി ഒന്നരയോടെ ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസുകാരി സഹല, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവർക്കാണ് ദാരുണാന്ത്യം ഉണ്ടായത്. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവം ആസൂത്രിതമെന്നാണ് പോലീസിന്‍റെ നിഗമനം. ഭീകരവാദ, മാവോയിസ്റ്റ് ബന്ധവും പോലീസ് പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി. സംഭവത്തില്‍ റെയിൽവേയും അന്വേഷണം പ്രഖ്യാപിച്ചു. യുപി സ്വദേശിയാണ് അക്രമിയെന്നാണ് പ്രാഥമിക നിഗമനം. രാത്രി 9.30 ഓടെയാണ് ആലപ്പുഴ - കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ അക്രമി പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ട്രെയിൻ എലത്തൂർ പിന്നിട്ടപ്പോഴാണ് സംഭവം. ഒരു പ്രകോപനവുമില്ലാതെ പെട്ടെന്ന് അക്രമി പെട്രോളൊഴിക്കുകയായിരുന്നു. ഡി കമ്പാർട്ട്മെന്‍റിലാണ് അക്രമം നടന്നത്. തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ചതോടെ കോരപ്പുഴ പാലത്തിനു മുകളിൽ ട്രെയിൻ നിന്നു. അക്രമം നടന്നപ്പോൾ യാത്രക്കാർ പരിഭ്രാന്തരായി പല കമ്പാർട്ട്മെന്‍റുകളിലേക്കും ഓടിയിരുന്നു. പിന്നീടാണ് മൂന്നു പേരെ കാണാനില്ലെന്ന വിവരം വന്നത്. തീ കൊളുത്തിയപ്പോൾ ട്രെയിൻ നിർത്തിയ കോരപ്പുഴ പാലത്തിനും എലത്തൂർ റെയിൽവെ സ്റ്റേഷനും ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കണ്ണൂർ മട്ടന്നൂർ സ്വദേശി റഹ്മത്ത്, സഹോദരിയുടെ മകൾ രണ്ട് വയസുകാരി സഹല, കണ്ണൂർ സ്വദേശി നൗഫിക്ക് എന്നിവരാണ് മരിച്ചത്.  9 പേർക്ക് സാരമായി പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീ കൊളുത്തുന്നതുകണ്ട് ഭയന്ന് പുറത്തുചാടിയവരാകാം മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. കാട്ടിലപ്പീടികയിലെ ഒരു പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന സിസി ടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. ബാഗ് ധരിച്ച ഒരാൾ ഇടറോഡിലൂടെ നടന്നുവന്ന് പ്രധാന റോഡിന് സമീപം നിൽക്കുന്നതാണ് സിസി ടിവി ദൃശ്യങ്ങളിലുള്ളത്. സംഭവത്തിനു പിന്നാലെ പൊലീസ് സംഘം പള്ളിയിലെ സിസി ടിവി പരിശോധിച്ച് ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. ചുവപ്പു കള്ളി ഷർട്ട് ധരിച്ചയാള്‍ ഫോണില്‍ സംസാരിച്ചുനില്‍ക്കുന്നത് കാണാം. അൽപനേരത്തിനുശേഷം പ്രധാന റോഡിലൂടെ വരുന്ന ഒരു ബൈക്ക് സമീപത്തു നിർത്തുന്നതും ഇയാൾ അതിൽ കയറിപ്പോകുന്നതും ദൃശ്യങ്ങളിൽ കാണാം. അക്രമിയുടേതെന്ന് കരുതുന്ന ഒരു ബാഗ് ട്രാക്കിൽ നിന്ന് കണ്ടെത്തി. ബാഗ് വിശദമായി പോലീസ് പരിശോധിച്ചു. ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമാണ് എഴുതിയിരിക്കുന്നത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. ഡൽഹി, നോയിഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്. ബാഗിൽ നിന്ന് മൊബൈൽ ഫോൺ, കണ്ണട, പഴ്സ്, ബ്രൗൺ നിറമുള്ള ടീഷർട്ട്, ഒരു ട്രാക്ക് പാന്‍റ്, ഓവർകോട്ട്, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ഒരു കുപ്പി പെട്രോൾ, ഒരു സ്റ്റിക്കി നോട്ട്, കുറച്ച് ആണികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. പകുതി ദ്രാവകമുള്ള കുപ്പിയും ബാഗിൽ ഉണ്ടായിരുന്നു. ബോംബ് സ്ക്വാഡ് പരിശോധന നടത്തി. കണ്ണൂരിലെത്തിയ ട്രെയിനിലെ രണ്ട് ബോഗികൾ സീൽ ചെയ്തു.  
ചിത്രം: മരിച്ച നൗഫിക്ക്, സഹല, റഹ്മത്ത്

Related articles

See all
Latest News

അപകടാവസ്ഥയിലുള്ള മാഹി പാലം പുതുക്കി പണിയണം ; താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ പരിഹാരമല്ലെന്...

Latest News

ജനസാഗരമാകാൻ വടക്കൻ മലബാർ: രാഹുൽ ഗാന്ധിയുടെ പര്യടനം ഇന്ന് കണ്ണൂരിലും കോഴിക്കോട്ടും

Latest News

കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Latest News

കൂത്തുപറമ്പിൽ ഷാഫി പറമ്പിലിനും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ സിപിഎം കൊലവിളി

Save your stories

Sign in