ടിപിയുടെ ചോരയ്ക്ക് വടകരയിലൂടെ രമയുടെ പ്രതികാരം ; വിജയത്തേരിലേറി സഭയിലേക്ക്
Jaihind TV News Report
Jaihind TV Web Desk
May 02, 2021
1 min read
•
Updated: June 06, 2026
കോഴിക്കോട് : കെ.കെ.രമ 7014 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ നിയമസഭയിലേക്ക്. വടകരയിൽനിന്ന് എൽഡിഎഫ് സ്ഥാനാർഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയാണ് രമ ആർഎംപി എംഎൽഎ ആയി നിയമസഭയിലേക്ക് എത്തുന്നത്. 2008 ൽ ഒഞ്ചിയത്തെ സിപിഎം വിമതർ ചേർന്നു രൂപീകരിച്ച ആർഎംപിക്കു ചരിത്രത്തിൽ ആദ്യമായി എംഎൽഎ.
മേയ് 4 നു ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെട്ടിട്ട് 9 വർഷം പൂർത്തിയാകുമ്പോഴാണ് കെ.കെ.രമയുടെ നിയമസഭാ പ്രവേശം എന്നതും ശ്രദ്ധേയമാണ്. ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ള വോട്ടിങ്ങാണ് വടകരയിൽ നടന്നതെന്നായിരുന്നു രമയുടെ ആദ്യ പ്രതികരണം. വിജയം രമ ടി.പി.ചന്ദ്രശേഖരനു സമർപ്പിക്കുന്നു. സഭയിൽ രമയുടെ സാന്നിധ്യം സിപിഎമ്മിനെ അസ്വസ്ഥരാക്കുന്ന ഘടകമാണ്.
കൊല്ലപ്പെട്ട് 9 വർഷം കഴിഞ്ഞിട്ടും ടി.പി. ചന്ദ്രശേഖരൻ സജീവമായി ചർച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ വടകര രമയ്ക്കൊപ്പം ചേർന്നു നിന്നു. സ്ഥാനാർഥി പ്രഖ്യാപനം മുതൽ കെ.കെ. രമയ്ക്കൊപ്പം നിന്ന വടകര അവസാന നിമിഷം വരെ കൂടെ നിന്നുവെന്നു വിജയം തെളിയിക്കുന്നു .
വടകര സീറ്റ് ആർഎംപിക്കു നൽകാൻ യുഡിഎഫ് തീരുമാനിച്ചപ്പോൾത്തന്നെ രമയായിരിക്കണം സ്ഥാനാർഥി എന്ന് ആവശ്യപ്പെട്ടിരുന്നു. ആദ്യ ഘട്ടത്തിൽ വിസമ്മതിച്ചെങ്കിലും രമ മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് തിരിച്ചെടുക്കുമെന്നു കോൺഗ്രസ് കർശന നിലപാട് എടുത്തതോടെയാണ് രമ മത്സര രംഗത്തേക്ക് എത്തുന്നത്. ആർഎംപിയുടെയും യുഡിഎഫിന്‍റെയും വോട്ടുകൾക്കു പുറമേ നിഷ്പക്ഷ വോട്ടുകളും കൂടി ലഭിച്ചതാണു രമയുടെ വിജയത്തെ സഹായിച്ചത്.
സിപിഎമ്മിന്‍റെ അക്രമ–കൊലപാതക രാഷ്ട്രീയത്തിന്‍റെ ഇര എന്ന രീതിയിൽ തുടക്കം മുതലേ രമയ്ക്ക് അനുകൂല വികാരം മണ്ഡലത്തിലുണ്ടായിരുന്നു. പ്രചാരണ രംഗത്തു സ്ത്രീകളുടെ ഉയർന്ന സാന്നിധ്യം വടകരയിലെ ട്രെൻഡ് വ്യക്തമാക്കിയിരുന്നു. സാധാരണ പൊതു പരിപാടികളിൽ ഇല്ലാത്ത വിധത്തിലായിരുന്നു സ്ത്രീ പങ്കാളിത്തം. രാഹുൽഗാന്ധി പ്രചാരണത്തിനിറങ്ങിയതും രമയ്ക്കു ഗുണം ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10