Logo
Sat, Jun 06, 2026 • 10:58 PM
LIVE TV
Watch

No business videos available

No Middle East videos available

എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ ഗൂഢലക്ഷ്യത്തോടെ; എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് കെ.സി. വേണുഗോപാല്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 01, 2026
1 min read Updated: June 05, 2026
SHARE:
SAVE: Login to save

എഫ്.സി.ആര്‍.എ ഭേദഗതി ബില്‍ ഗൂഢലക്ഷ്യത്തോടെ; എന്തുവിലകൊടുത്തും പ്രതിരോധിക്കുമെന്ന് കെ.സി. വേണുഗോപാല്‍
കുറ്റ്യാടി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച എഫ്‌സിആര്‍എ ബില്‍ എന്തുവില കൊടുത്തും പ്രതിപക്ഷം തടയുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ എംപിമാരുടെ അസാന്നിധ്യം മുതലെടുത്താണ് സര്‍ക്കാര്‍ തിരക്കിട്ട് ഈ നീക്കം നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. കേരളം, ബംഗാള്‍, തമിഴ്നാട്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പ്രതിപക്ഷത്തെ ഒട്ടേറെ എംപിമാര്‍ പ്രചാരണ തിരക്കിലാണ്. ഈ സമയം നോക്കി ഗൂഢലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ത്തതും സഭ പിരിയുന്നതിന് തൊട്ടുമുന്‍പായി ബില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റ്യാടിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. ന്യൂനപക്ഷ സമുദായങ്ങളും സന്നദ്ധ സംഘടനകളും നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്താനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭകളും മറ്റും നടത്തുന്ന ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിദേശ സംഭാവനകള്‍ ഉപയോഗപ്പെടുത്തി സാധാരണക്കാര്‍ക്ക് വലിയ സേവനങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് ഈ ഭേദഗതി. നേരത്തെ വഖഫ് നിയമ ഭേദഗതി വഴി മുസ്ലിം സ്വത്തുക്കള്‍ ലക്ഷ്യമിട്ടവര്‍ നാളെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ളവരിലേക്ക് എത്തുമെന്ന് താന്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. അത് ഇപ്പോള്‍ അക്ഷരംപ്രതി ശരിയായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അത്യാവശ്യം പ്രചാരണത്തിലുള്ളവരൊഴികെ എല്ലാ എംപിമാരെയും കോണ്‍ഗ്രസ് ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും അദ്ദേഹം രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി. 51 വെട്ടിന്റെ രാഷ്ട്രീയം സിപിഎം ഇന്നും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വടകരയെ ബോംബിന്റെ നാടാക്കി മാറ്റി ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് ടി.പി. ചന്ദ്രശേഖരനെ 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ മണ്ണാണിത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബാക്രമണം നടത്തുന്നതും കൊലവിളി നടത്തുന്നതും രാഷ്ട്രീയ പ്രത്യയശാസ്ത്രമല്ല. ബംഗാളിനെ തകര്‍ത്തതുപോലെ വടകരയെയും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും സമാധാനപൂര്‍ണ്ണമായ വടകരയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. ബിജെപിയുടെ മത പ്രീണന രാഷ്ട്രീയത്തെയും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചെയ്തു. ശബരിമലയും മതങ്ങളുമെല്ലാം ബിജെപിക്ക് വോട്ട് തട്ടാനുള്ള ഉപകരണം മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം കേക്കുമായി ക്രൈസ്തവ ഭവനങ്ങളിലെത്തുന്ന ബിജെപി നേതാക്കള്‍ തന്നെയാണ് നിര്‍ണ്ണായക സമയത്ത് അവരെ വേട്ടയാടാന്‍ നിയമങ്ങള്‍ നിര്‍മ്മിക്കുന്നത്. ഉത്തരേന്ത്യയില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ചയാണിതെന്നും, ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്ന നിലപാടാണ് ബിജെപിയുടേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10