KAROOR TRAGEDY| കരൂര്‍ ദുരന്തം: വിജയ്ക്കും സ്റ്റാലിന്‍ സര്‍ക്കാരിനും ഇന്ന് നിര്‍ണായകം
Jaihind TV News Report
Jaihind TV Web Desk
October 03, 2025
1 min read
•
Updated: June 05, 2026
കരൂരില്‍ അടുത്തിടെയുണ്ടായ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് നിര്‍ണായക നീക്കം. ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയും, ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൂടാതെ, കേസില്‍ പ്രതിപ്പട്ടികയിലുള്ള ടിവികെ ഭാരവാഹികളായ ബുസി ആനന്ദ്, നിര്‍മല്‍ കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ മധുര ബെഞ്ചും ഇന്ന് പരിഗണിക്കുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിനെതിരായ നീക്കമായതിനാല്‍, സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെയുടെ ഹര്‍ജിയെ ഡിഎംകെ സര്‍ക്കാര്‍ ശക്തമായി എതിര്‍ക്കും. കരൂര്‍ ദുരന്തത്തില്‍ വിജയ്ക്കെതിരെ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന വിവരം ഇന്നലെ പുറത്തുവന്നിരുന്നു. സ്റ്റാലിന്റെ ഈ മൃദുസമീപനമാണ്, വിജയ് ആദ്യം തയ്യാറാക്കിയ വിമര്‍ശനാത്മകമായ വീഡിയോ പുറത്തുവിടാതിരിക്കാന്‍ ടിവികെയെ പ്രേരിപ്പിച്ചത്.
ആദ്യം തയ്യാറാക്കിയ വീഡിയോയില്‍, കരൂര്‍ അപകടം ഒരു അട്ടിമറിയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന വിജയും ടിവികെ നേതാക്കളും ഡിഎംകെയെ കടന്നാക്രമിച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ മൃദുസമീപനവും, ആരെയും പഴിചാരാതെയുള്ള സ്റ്റാലിന്റെ വീഡിയോയും ടിവികെയെ ആശയക്കുഴപ്പത്തിലാക്കി. തുടര്‍ന്നാണ്, കടുത്ത വിമര്‍ശനങ്ങളും സെന്തില്‍ ബാലാജിയുടെ പേരെടുത്ത് പറയുന്ന ഭാഗങ്ങളും ഒഴിവാക്കി പുതിയ വീഡിയോ ചിത്രീകരിച്ച് പുറത്തിറക്കിയത്.
സംഭവത്തില്‍ വിജയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ സ്വദേശിയായ പി.എച്ച്. ദിനേശ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. വിജയ്യെ കേസില്‍ പ്രതിയാക്കാത്തത് ജീവന്‍ നഷ്ടമായ 41 പേരോടുള്ള അനീതിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഉച്ചയ്ക്ക് 12 മണിക്ക് എത്തുമെന്ന് തെറ്റിദ്ധരിപ്പിച്ച വിജയ് ആണ് ദുരന്തത്തിന് കാരണക്കാരനെന്നും, ടിവികെ പ്രസിഡന്റിനെ ഒഴിവാക്കിയത് രാഷ്ട്രീയപരമായ കാരണങ്ങളാലാണെന്നും ഹര്‍ജി ആരോപിക്കുന്നു. ജസ്റ്റിസ് സെന്തില്‍ കുമാറിന്റെ ബെഞ്ച് ഇന്ന് ഈ കേസ് പരിഗണിക്കും.
സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ടിവികെ ഹര്‍ജിയും മറ്റു മുന്‍കൂര്‍ ജാമ്യാപേക്ഷകളും ഇന്ന് ഹൈക്കോടതിയുടെ മുന്നിലെത്തുന്നതിനാല്‍, രാഷ്ട്രീയപരമായും നിയമപരമായും ഇന്നത്തെ ദിവസം വിജയ്ക്കും ഡിഎംകെ സര്‍ക്കാരിനും ഏറെ നിര്‍ണായകമാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10