കാലാവധി തീരും മുന്‍പേ പടിയിറങ്ങി സച്ചിദാനന്ദന്‍; സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചു
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ. സച്ചിദാനന്ദന്‍ രാജിവച്ചു. അക്കാദമി ഓഫീസിലെത്തിയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ബാക്കിയുണ്ടെന്നിരിക്കെയാണ് സച്ചിദാനന്ദന്റെ അപ്രതീക്ഷിത പടിയിറക്കം.
സംസ്ഥാനത്തെ ഭരണമാറ്റത്തിന്റെ പശ്ചാത്തലത്തിലാണ് രാജിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. 'ഗവണ്‍മെന്റ് മാറുമ്പോള്‍ സ്വാഭാവികമായും എല്ലാവരും ഒഴിയാറുണ്ട്, അതിന്റെ ഭാഗമായാണ് ഞാനും ഇപ്പോള്‍ രാജിവെക്കുന്നത്' എന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായ മറ്റൊന്നും ഇപ്പോള്‍ പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2022 മാര്‍ച്ചിലായിരുന്നു അദ്ദേഹം അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത്.
പിണറായി സര്‍ക്കാരിന്റെ കാലത്താണ് അധ്യക്ഷനായതെങ്കിലും ഭരണകൂടത്തിന്റെ തെറ്റായ നയങ്ങളെ നിശിതമായി വിമര്‍ശിക്കാന്‍ സച്ചിദാനന്ദന്‍ മടികാണിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ കാലയളവില്‍ അക്കാദമിയില്‍ ശ്രദ്ധേയമായ പല മാറ്റങ്ങളും സംഭവിച്ചു. തുടര്‍ച്ചയായ ഭരണം ജനാധിപത്യത്തിന് ഗുണകരമല്ലെന്ന സച്ചിദാനന്ദന്റെ നിരീക്ഷണം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ബംഗാളിലെ ഉദാഹരണം ചൂണ്ടിക്കാട്ടി, തുടര്‍ച്ചയായ അധികാരം പാര്‍ട്ടിയെ സ്വാര്‍ത്ഥമാക്കുമെന്നും നീതി നിഷേധത്തിന് കാരണമാകുമെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. മാറിമാറിയുള്ള ഭരണമാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ ജാഗ്രത നിലനിര്‍ത്താന്‍ സഹായിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.
തിരഞ്ഞെടുപ്പ് ഫലങ്ങള്‍ക്ക് പിന്നാലെയും അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ നിലപാടുകള്‍ അറിയിച്ചിരുന്നു. കേരളത്തില്‍ എന്‍.ഡി.എ വോട്ടുകള്‍ കുറഞ്ഞെങ്കിലും മതേതര പ്രസ്ഥാനങ്ങള്‍ ജാഗ്രത വെടിയരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നിരീക്ഷിക്കണമെന്നും കൂറുമാറ്റങ്ങളെയും രഹസ്യധാരണകളെയും ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.