ഐഎസ്ആര്‍ഒയുടെ കരുത്ത് തെളിയിക്കാന്‍ പിഎസ്എല്‍വി-സി 62; വിക്ഷേപണം ജനുവരി 12-ന്
Jaihind TV News Report
Jaihind TV Web Desk
January 07, 2026
1 min read
•
Updated: June 04, 2026
ശ്രീഹരിക്കോട്ട: ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ രംഗത്ത് നിര്‍ണ്ണായകമായ ഒരു നാഴികക്കല്ലിന് കൂടി ശ്രീഹരിക്കോട്ട ഒരുങ്ങുന്നു. ഐഎസ്ആര്‍ഒയുടെ ഏറ്റവും വിശ്വസനീയമായ വിക്ഷേപണ വാഹനമായ പിഎസ്എല്‍വി-സി 62 (PSLV-C62) ജനുവരി 12-ന് വിക്ഷേപിക്കും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 10.17-നാണ് റോക്കറ്റ് കുതിച്ചുയരുന്നത്.
പിഎസ്എല്‍വി പരമ്പരയിലെ 64-ാം വിക്ഷേപണമാണിത്. കഴിഞ്ഞ വര്‍ഷം പിഎസ്എല്‍വി സി 61 വിക്ഷേപണത്തിലുണ്ടായ തിരിച്ചടിക്ക് ശേഷം പിഎസ്എല്‍വി നടത്തുന്ന ആദ്യ ദൗത്യമെന്ന നിലയില്‍ ഇതിന് വലിയ പ്രാധാന്യമുണ്ട്. ചന്ദ്രയാന്‍, മംഗള്‍യാന്‍ ദൗത്യങ്ങളിലൂടെ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ പിഎസ്എല്‍വിയുടെ അഞ്ചാമത്തെ ഡിഎല്‍ വേരിയന്റ് വിക്ഷേപണമായിരിക്കും സി 62. രണ്ട് സ്ട്രാപ്പ്-ഓണ്‍ ബൂസ്റ്ററുകളാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്.
കൃഷി, നഗരാസൂത്രണം, പരിസ്ഥിതി നിരീക്ഷണം എന്നിവയ്ക്കായി ഉപയോഗിക്കുന്ന ഇഒഎസ് എന്‍1 (EOS N1) ആണ് ഈ ദൗത്യത്തിലെ പ്രധാന പേലോഡ്. ഇതിനുപുറമെ 18 ഉപഗ്രഹങ്ങളെ കൂടി ഈ വിക്ഷേപണത്തിലൂടെ ഭ്രമണപഥത്തിലെത്തിക്കും. അന്താരാഷ്ട്ര സഹകരണത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഇന്തോ-മൗറീഷ്യസ് സംയുക്ത ഉപഗ്രഹവും ദൗത്യത്തില്‍ ഉള്‍പ്പെടുന്നു.
ദൗത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ സാന്നിധ്യം ബെംഗളൂരു ആസ്ഥാനമായുള്ള ഓര്‍ബിറ്റ് എയ്ഡ് എയ്‌റോസ്‌പേസ് വികസിപ്പിച്ച 'ആയുഷ് സാറ്റ്' ആണ്. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളില്‍ ഇന്ധനം നിറയ്ക്കുന്ന സാങ്കേതികവിദ്യ പരീക്ഷിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണിതെന്ന പ്രത്യേകതയുമുണ്ട്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10