ഏപ്രില്‍ 28, മുലൻപൂര്‍. ഏഴാം ജയം സ്വപ്നം കണ്ടിറങ്ങിയ ശ്രേയസ് അയ്യരിനേയും സംഘത്തേയും സംഗക്കാരയുടെ കുട്ടികള്‍ ദയയേതുമില്ലാതെ കീഴടക്കിയ ദിവസം. ഒരൊറ്റ സ്ലിപ്പിലൂടെ പഞ്ചാബ് കിങ്സിന്റെ വിജയക്കുതിപ്പിന്റെ മൊമന്റം അപ്പാടെ ഷിഫ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഗുജറാത്ത് ടൈറ്റൻസ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഡല്‍ഹി ക്യാപിറ്റല്‍സ്, മുംബൈ ഇന്ത്യൻസ് എന്നിവരോട് തുടർച്ചയായി അഞ്ച് തോല്‍വികൾ. കിരീടം ഉറപ്പിച്ചു എന്ന് തോന്നിച്ച ആദ്യ പകുതിയില്‍ നിന്ന്, ടൂർണമെന്റിന്റെ അവസാന ഘട്ടത്തിൽ പ്ലേ ഓഫിലെത്താൻ വിയര്‍ക്കുകയാണ് ഇപ്പോൾ പഞ്ചാബ്. റിക്കി പോണ്ടിങ്ങിന്റെ തന്ത്രങ്ങള്‍ക്കും ശ്രേയസ് അയ്യരിന്റെ നായകമികവിനും ടീമിനെ രക്ഷിക്കാനാകുന്നില്ല.
പാളിയ ബാറ്റിങ് ഘടനയും തകരുന്ന ഓപ്പണിങ്ങും
റിക്കി പോണ്ടിങ്ങിന്റെ തന്ത്രത്തില്‍ ജനിച്ച ടീമിന്റെ ബാറ്റിങ് ഘടന തന്നെയാണ് തിരിച്ചടികൾക്ക് പ്രധാന കാരണം. മുലൻപൂരും ധരംശാലയുമെല്ലാം റൺമഴ പെയ്യുന്ന ബാറ്റിങ് പറുദീസകളാണ്. ഇതിന് യോജിച്ച രൂപത്തിലായിരുന്നു പഞ്ചാബിന്റെ ബാറ്റിങ് നിര. പ്രഭ്‌സിമ്രാൻ സിങ്ങും പ്രിയാൻഷ് ആര്യയും നൽകുന്ന സ്ഫോടനാത്മക തുടക്കങ്ങളും, അതിന്റെ വേഗത കുറയാതെ നിയന്ത്രിക്കുന്ന മധ്യനിരയുമായിരുന്നു അവരുടെ കരുത്ത്. നായകൻ ശ്രേയസിന്റെ ബാറ്റിലായിരുന്നു ഈ നിയന്ത്രണം. ടോപ്-മിഡില്‍ ഓര്‍ഡറിന്റെ സ്ഥിരത കാരണം ലോവർ ഓർഡറിന് പലപ്പോഴും ബാറ്റ് ചെയ്യാൻ പോലും അവസരം ലഭിച്ചിരുന്നില്ല. എന്നാൽ, രണ്ടാം പകുതിയില്‍ എതിരാളികള്‍ ഈ ഘടനയെ പൂര്‍ണ്ണമായും തകർത്തു.
അക്കങ്ങൾ പറയുന്ന കഥ
തോല്‍വിയേറ്റുവാങ്ങിയ അവസാന അഞ്ച് മത്സരങ്ങളില്‍ ഓപ്പണിങ് സഖ്യത്തിന്റെ സമ്പാദ്യം വെറും 171 റണ്‍സാണ്; ശരാശരി 34 മാത്രം! (രാജസ്ഥാനെതിരെ 37, ഗുജറാത്തിനെതിരെ 2, ഹൈദരാബാദിനെതിരെ 4 എന്നിങ്ങനെയായിരുന്നു ഓപ്പണിങ് കൂട്ടുകെട്ടുകൾ). എന്നാൽ വിജയിച്ച മത്സരങ്ങളിലാകട്ടെ ഇതേ സഖ്യം 53 ശരാശരിയിൽ 323 റൺസ് വാരിക്കൂട്ടിയിരുന്നു. ഓപ്പണിങ് കൂട്ടുകെട്ടിലെ ഈ വീഴ്ച മധ്യനിരയുടെ ഉത്തരവാദിത്തം വര്‍ധിപ്പിച്ചു. പക്ഷേ, അവസരത്തിനൊത്ത് ഉയരാൻ ശ്രേയസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കഴിഞ്ഞില്ല. അവസാന അഞ്ച് മത്സരങ്ങളില്‍ ശ്രേയസിന്റെ സ്കോര്‍ 30 കടന്നത് ഒരു തവണ മാത്രമാണ്. കൂപ്പര്‍ കനോലി, ശശാങ്ക് സിങ്, നേഹല്‍ വധേര എന്നിവരുടെ ഫോമില്ലായ്മ പഞ്ചാബിന്റെ വലിയ സങ്കടമായി മാറി. മാര്‍ക്കസ് സ്റ്റോയിനിസ് അവസാന ഓവറുകളില്‍ ചില ആശ്വാസ പ്രകടനങ്ങൾ നടത്തുന്നുണ്ടെങ്കിലും സ്ഥിരത പുലർത്താൻ അദ്ദേഹത്തിനും കഴിയുന്നില്ല.
ബൗളിങ്ങിലെ പോരായ്മകളും കൈവിടുന്ന ക്യാച്ചുകളും
ബാറ്റിങ് നിരയുടെ തകർച്ച ബൗളർമാരുടെ ദൗർബല്യങ്ങളെയും പുറത്തുകൊണ്ടുവന്നു. ആദ്യ പകുതിയിലെ ആറ് ജയങ്ങളിൽ അഞ്ചും പഞ്ചാബ് നേടിയത് ചെയ്സ് ചെയ്താണ് (ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചെയ്‌സും ഇതിൽപ്പെടും). എന്നാൽ രണ്ടാം പകുതിയിൽ പരാജയപ്പെട്ട അഞ്ചിൽ നാലിലും പഞ്ചാബായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. ബാറ്റിങ് നിര തകർന്നതോടെ ബൗളർമാർക്ക് താളം കണ്ടെത്താനായില്ല. അര്‍ഷദീപ് സിങ്ങും (13 വിക്കറ്റ്) യുസുവേന്ദ്ര ചഹലും (9 വിക്കറ്റ്) മാത്രമാണ് വിക്കറ്റ് വേട്ട നടത്തുന്നത്. പവർപ്ലേയിലും ഡെത്ത് ഓവറുകളിലും അർഷദീപിന് പിന്തുണ നൽകേണ്ടിയിരുന്ന മാർക്കൊ യാൻസൺ 12 കളികളിൽ നിന്ന് വെറും 7 വിക്കറ്റുകൾ മാത്രമാണ് നേടിയത്; എക്കോണമിയാകട്ടെ 11ന് അടുത്തും. റൺസ് വിട്ടുകൊടുക്കുന്നതിൽ ലോഭമില്ലാത്ത പഞ്ചാബ് നിരയിൽ എക്കോണമി 9ന് താഴെയുള്ള ഒരു ബൗളർ പോലുമില്ല. ഇതിനെല്ലാം പുറമെ, 20 ക്യാച്ചുകളാണ് ഫീൽഡർമാർ കൈവിട്ടത്. ഫീൽഡിങ്ങിലെ പിഴവുകൾ കാരണം മാത്രം കൈവിട്ടതാണ് രണ്ടാം പകുതിയിലെ ഭൂരിഭാഗം മത്സരങ്ങളും.
ഇനി മുന്നോട്ട് എങ്ങനെ?
റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ലഖ്നൗ സൂപ്പർ ജയന്റ്സ് എന്നിവർക്കെതിരെയാണ് പഞ്ചാബിന്റെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങൾ. പ്ലേ ഓഫ് ഉറപ്പാക്കാൻ ഈ രണ്ട് മത്സരങ്ങളിലും പഞ്ചാബിന് ജയം അനിവാര്യമാണ്. ഒന്നിൽ പരാജയപ്പെട്ടാൽ പോലും മറ്റ് ടീമുകളുടെ മത്സരഫലങ്ങളെ ആശ്രയിച്ച് മാത്രമേ പഞ്ചാബിന് മുന്നോട്ട് പോകാനാകൂ.