കുമാരിയുടെ പേര് വോട്ടർ പട്ടികയില്‍ അഞ്ചുതവണ ചേർത്തത് എങ്ങനെ ? നാല് കാർഡുകള്‍ ആരുടെ കൈവശം ? പ്രശ്നം അതീവ ഗൗരവകരമെന്ന് രമേശ് ചെന്നിത്തല
Jaihind TV News Report
Jaihind TV Web Desk
March 17, 2021
1 min read
•
Updated: June 06, 2026
തിരുവനന്തപുരം : വോട്ടർ പട്ടികയില്‍ ക്രമക്കേട് കൂടുതല്‍ ഗൌരവകരമായ കാര്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ മണ്ഡലങ്ങളിലും ഒരേ ആളുകളുടെ പേരുകള്‍ തന്നെ നിരവധി തവണ ആവർത്തിച്ചിട്ടുണ്ട്. ഉദുമ മണ്ഡലത്തില്‍ കുമാരി എന്ന വോട്ടറുടെ പേര് പട്ടികയില്‍ അഞ്ചിടത്തുള്ളത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കുമാരി കോണ്‍ഗ്രസ് അനുഭാവിയാണെന്നും ഇവരുടെ കൈവശം ഒരു ഐഡന്‍റിറ്റി കാർഡ് മാത്രമേയുള്ളുവെന്നും പുറത്തുവന്ന വാർത്തകള്‍ പ്രശ്നത്തിന്‍റെ ഗൌരവം കൂടുതല്‍ വർധിപ്പിക്കുന്നതാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. കുമാരി കോണ്‍ഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്‌നം. കുമാരിയുടെ പേരില്‍ അവരറിയാതെ നാല് ഇലക്ടറല്‍ കാർഡുകള്‍ വാങ്ങിയത് ആരാണെന്നും ഇത്തരത്തില്‍ അഞ്ചുതവണ പേര് ചേർക്കപ്പെട്ടത് എങ്ങനെയെന്നും കണ്ടെത്തണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
അതേസമയം വോട്ടർ പട്ടികയിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. പരാതി പരിശോധിച്ച് 20 നകം റിപ്പോർട്ട് നൽകണമെന്ന് കാസർഗോഡ്, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
രമേശ് ചെന്നിത്തലയുടെ പ്രസ്താവനയുടെ പൂർണരൂപം :
സംസ്ഥാനത്തെ വോട്ടര്‍ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകളെക്കുറിച്ച് തെളിവ് സഹിതം ഞാന്‍ ഇന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കുകയും ആ വിവരം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുകയും ചെയ്തിരുന്നു. ഓരോ മണ്ഡലത്തിലും വോട്ടര്‍ പട്ടികയില്‍ ഒരേ പേരുകാര്‍ തന്നെ നിരവധി തവണ ആവര്‍ത്തിക്കപ്പെടുകയും ഒരേ ആള്‍ക്ക് നിരവധി തവണ ഇലക്ടറല്‍ ഐഡന്‍റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓരോ മണ്ഡലത്തിലും ഇത്തരത്തില്‍ ആയിരക്കണക്കിന് വോട്ടുകളാണ് ആവര്‍ത്തിച്ചിരിക്കുന്നത്. ഇതിന് ഉദാഹരണമായി ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കുമാരിയുടെ പേര് വോട്ടര്‍ പട്ടികയില്‍ അഞ്ചിടത്താണുള്ളത്. എന്നാല്‍ കുമാരി കോണ്‍ഗ്രസ് അനുഭാവിയാണെന്നും അവരുടെ കൈവശം ഒരു ഇലക്ടറല്‍ കാര്‍ഡ് മാത്രമേ ഉള്ളൂ എന്നും ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് ശ്രദ്ധയില്‍പ്പെട്ടു. ഇത് പ്രശ്‌നത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കുമാരി കോണ്‍ഗ്രസ് അനുഭാവിയാണോ എന്നതല്ല പ്രശ്‌നം. കുമാരിയുടെ പേരില്‍ അവരറിയാതെ മറ്റ് നാല് ഇലക്ടറല്‍ കാര്‍ഡുകള്‍ വാങ്ങിയതാരാണ്? ആരുടെ കൈവശമാണ് അവരുടെ പേരിലുള്ള മറ്റ് ഇലക്ടറല്‍ കാര്‍ഡുകള്‍ ഇപ്പോള്‍ ഇരിക്കുന്നത്? കുമാരിയുടെ പേരും പടവും ഉപയോഗിച്ച് അഞ്ചു തവണ എങ്ങനെയാണ് പേര് ചേര്‍ക്കപ്പെട്ടത്? ഇതാണ് കണ്ടെത്തേണ്ടത്. കാസര്‍കോട് ഉള്‍പ്പടെ പലയിടങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് മറ്റു ചില പ്രത്യേക പാര്‍ട്ടിക്കാര്‍ കള്ളവോട്ട് ചെയ്യുന്നതായി വ്യാപകമായ പരാതി ഉണ്ടായിട്ടുണ്ട്. കുമാരിയെപ്പോലുള്ളവരുടെ പേരില്‍ അവരറിയാതെ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഉണ്ടാക്കി ഇങ്ങനെ കള്ളവോട്ട് ചെയ്യുകയാണ് ചെയ്യുന്നത്. അതു കൊണ്ടു കൂടിയാണ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കാന്‍ ഞങ്ങള്‍ തയ്യാറായത്. കോണ്‍ഗ്രസുകാരുടെ പേരില്‍ കള്ളക്കാര്‍ഡുണ്ടാക്കി കള്ള വോട്ട് ചെയ്യുന്നവരെ പിടികൂടുകയാണ് വേണ്ടത്. ഉദുമയില്‍ മാത്രമല്ല, തൃക്കരിപ്പൂര്‍, കൊയിലാണ്ടി, കൊല്ലം, കഴക്കൂട്ടം, നാദാപുരം, കൂത്തുപറമ്പ്, അമ്പലപ്പുഴ എന്നീ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയിലെ ഇരട്ടിപ്പുകളും ഞാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒന്നും രണ്ടുമല്ല, ആയിരക്കണക്കിന് ഇരട്ടിപ്പുകളാണ് വോട്ടര്‍ പട്ടികയിലുണ്ടയിരിക്കുന്നത്. നാദാപുരത്ത് അത് ആറായിരത്തിനും മുകളിലാണ്. ഇത് യഥാര്‍ത്ഥ ജനഹിതത്തെ അട്ടിമറിക്കുന്നതാണ്. അതിനാലാണ് ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10