ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍; ഇരട്ടഗോളുമായി രക്ഷകനായി കിലിയന്‍ എംബാപ്പെ
ഫിലാഡല്‍ഫിയ: കിലിയന്‍ എംബാപ്പെയുടെ ഇരട്ടഗോള്‍ കരുത്തില്‍ ഇറാഖിനെ തകര്‍ത്തുവിട്ട് ഫ്രാന്‍സ് ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചു. ഫിലാഡല്‍ഫിയയില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് പട വിജയം കൊയ്തത്. മത്സരത്തില്‍ രണ്ട് ഗോളുകള്‍ സ്വന്തമാക്കിയതോടെ ലോകകപ്പ് ചരിത്രത്തിലെ മികച്ച ഗോള്‍വേട്ടക്കാരില്‍ ജര്‍മ്മനിയുടെ ഇതിഹാസ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയുടെ റെക്കോര്‍ഡിനൊപ്പമെത്താനും (16 ഗോളുകള്‍) എംബാപ്പെയ്ക്ക് സാധിച്ചു.
മത്സരത്തിന്റെ തുടക്കം മുതല്‍ ഫ്രാന്‍സ് ഇറാഖ് പ്രതിരോധത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 13-ാം മിനിറ്റില്‍ എംബാപ്പെയിലൂടെ ഫ്രാന്‍സ് ആദ്യ വെടിപൊട്ടിച്ചു. ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ഒന്നാന്തരമൊരു ഇടങ്കാലന്‍ ബുള്ളറ്റ് ഷോട്ടിലൂടെ താരം ഫ്രാന്‍സിനെ മുന്നിലെത്തിക്കുകയായിരുന്നു (1-0). ഈ ഗോളോടെ ലോകകപ്പിലെ തന്റെ ആകെ ഗോള്‍നേട്ടം 15 ആയി ഉയര്‍ത്തിയ എംബാപ്പെ, ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ റെക്കോര്‍ഡിനൊപ്പമെത്തി.
ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡിലാണ് ഫ്രാന്‍സ് കളം വിട്ടത്. എന്നാല്‍ ഒന്നാം പകുതിക്ക് പിന്നാലെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് രണ്ടാം പകുതിയിലെ മത്സരം ആരംഭിക്കാനായത്. രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ തന്നെ ഇറാഖ് പ്രതിരോധത്തിലെ ഗുരുതരമായ പിഴവ് മുതലെടുത്ത് എംബാപ്പെ തന്റെ രണ്ടാം ഗോളും ടീമിന്റെ ലീഡും ഉയര്‍ത്തി (2-0). പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ഇറാഖ് പ്രതിരോധ താരം നല്‍കിയ പാസ് നിയന്ത്രിക്കുന്നതില്‍ ഗോള്‍കീപ്പര്‍ക്ക് പിഴച്ചു. പന്ത് തട്ടിയെടുത്ത് മുന്നേറിയ ഉസ്മാന്‍ ഡെംബലെ നല്‍കിയ പാസ് എംബാപ്പെ അനായാസം വലയിലെത്തിക്കുകയായിരുന്നു.
വൈകാതെ തന്നെ മികച്ചൊരു മുന്നേറ്റത്തിലൂടെ ഉസ്മാന്‍ ഡെംബലെ ഫ്രാന്‍സിന്റെ മൂന്നാം ഗോളും കണ്ടെത്തിയതോടെ (3-0) ഇറാഖ് പൂര്‍ണ്ണമായും തകര്‍ന്നു. പിന്നീട് മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരാന്‍ ഇറാഖിന് സാധിച്ചതുമില്ല. തുടര്‍ച്ചയായ വിജയങ്ങളോടെ ഫ്രാന്‍സ് അടുത്ത റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.