Logo
Sun, Jun 07, 2026 • 06:15 PM
LIVE TV
Watch

No business videos available

No Middle East videos available

ആരാധനാലയങ്ങളിലുള്‍പ്പെടെ കർശന നിയന്ത്രണം ; വോട്ടെണ്ണല്‍ ദിനം ആഹ്ളാദപ്രകടനം വേണ്ട ; നിയന്ത്രണങ്ങള്‍ ഇങ്ങനെ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
April 26, 2021
1 min read Updated: June 06, 2026
SHARE:
SAVE: Login to save

ആരാധനാലയങ്ങളിലുള്‍പ്പെടെ കർശന നിയന്ത്രണം ; വോട്ടെണ്ണല്‍ ദിനം ആഹ്ളാദപ്രകടനം വേണ്ട ; നിയന്ത്രണങ്ങള്‍ ഇങ്ങനെ
  തിരുവനന്തപുരം : വിദേശ മദ്യശാലകൾ, ബാറുകൾ, സിനിമാ തിയേറ്റര്‍, ഷോപ്പിംഗ് മാള്‍, ജിംനേഷ്യം, ക്ലബ്, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളം, വിനോദ പാര്‍ക്ക് എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലം വേണ്ടെന്ന് വെക്കാന്‍ സര്‍വകക്ഷിയോഗത്തില്‍ തീരുമാനമായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാന്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നതാണ് സര്‍വകക്ഷിയോഗത്തിന്‍റെ പൊതു അഭ്യര്‍ത്ഥനയെന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ടെണ്ണല്‍ ദിനമായ മെയ് രണ്ടിനും അടുത്തദിവസങ്ങളിലും ആഹ്ളാദപ്രകടനങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം എന്ന നിലപാടാണ് യോഗം ഏകകണ്ഠമായി സ്വീകരിച്ചത്. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ അതുമായി ബന്ധപ്പെട്ട ചുമതലയുളളവര്‍ മാത്രം പോയാല്‍ മതി. പൊതുജനങ്ങള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പോകരുതെന്നാണ് തീരുമാനം. വോട്ടെണ്ണല്ലിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടികളുടെ കൗണ്ടിംഗ് ഏജന്‍റുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനമുളളൂ. രണ്ടുഡോസ് വാക്‌സിനെടുത്തവര്‍ക്കും 72 മണിക്കൂറിനകം നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവ് ആയവര്‍ക്കും മാത്രമായി വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്കുളള പ്രവേശനം പരിമിതപ്പെടുത്തും. ഉദ്യോഗസ്ഥരായാലും ഈ നിബന്ധന പാലിക്കണം. ആരാധനാലയങ്ങളിലും കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമുണ്ട്. റമദാന്‍ കാലമായതിനാല്‍ പളളികളില്‍ പൊതുവേ ആളുകള്‍ കൂടാന്‍ സാധ്യതയുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുളളൂ. ചെറിയ പള്ളികളാണെങ്കില്‍ എണ്ണം ഇതിലും ചുരുക്കണം. ഇക്കാര്യം ജില്ലാകളക്ടര്‍മാര്‍ അതാതിടത്തെ മതനേതാക്കന്മാരുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. നമസ്‌കരിക്കാന്‍ പോകുന്നവര്‍ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്തുന്നതിന് പൈപ്പുവെള്ളം ഉപയോഗിക്കണം. പല പളളികളും ഇത്തരം നിയന്ത്രണങ്ങള്‍ നേരത്തേ പാലിച്ചതാണ്. ആരാധാനാലയങ്ങളില്‍ ഭക്ഷണവും തീര്‍ഥവും നല്‍കുന്ന സമ്പ്രദായവും തല്‍ക്കാലത്തേക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. എല്ലാവിധ ആള്‍ക്കൂട്ടങ്ങളും കൂടിച്ചേരലുകളും ഒഴിവാക്കുക എന്നതാണ് രോഗവ്യാപനം തടയാനുളള മാര്‍ഗങ്ങളില്‍ പ്രധാനം. അടച്ചിട്ട സ്ഥലങ്ങളില്‍ രോഗവ്യാപനത്തിന് വലിയ സാധ്യതയുണ്ടെന്ന് നാം മനസിലാക്കണം. വിവാഹ ചടങ്ങുകള്‍ക്ക് 75 പേരെയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. ഗുരുതര സാഹചര്യം കണക്കിലെടുത്ത് അത് അമ്പതിലേക്ക് ചുരുക്കാനാണ് ധാരണ. വിവാഹം, ഗൃഹപ്രവേശം, തുടങ്ങിയ പരിപാടികള്‍ നടത്തുന്നതിന് മുന്‍കൂറായി കോവിഡ് ജാഗ്രതാപോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 പേര്‍ എന്ന് നിജപ്പെടുത്തി. ഒരുകാരണവാശാലും പരാമവധിയില്‍ അപ്പുറം പോകാന്‍ പാടില്ല. എല്ലാ യോഗങ്ങളും ഓണ്‍ലൈന്‍ വഴി മാത്രമേ നടത്താനാവൂ. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഹാജരായാല്‍ മതിയെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യം, റവന്യൂ, പൊലീസ് വകുപ്പുകളും ദുരന്തനിവാരണവുമായി ബന്ധപ്പെട്ട മറ്റു ഓഫീസുകളും നിര്‍ബന്ധമായും എല്ലാ ദിവസവും പ്രവര്‍ത്തിക്കണം. സ്വകാര്യ സ്ഥാപനങ്ങളും അവരുടെ ജീവനക്കാരുടെ എണ്ണം കഴിയാവുന്നത്ര പരിമിതപ്പെടുത്തണം. ജനിതകമാറ്റം വന്നതും തീവ്രരോഗവ്യാപനശേഷിയുളളതുമായ വൈറസ് സംസ്ഥാനത്തിന്‍റെ പലഭാഗത്തും കണ്ടെത്തിയിട്ടുണ്ട്. അത്തരം പ്രദേശങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടി വന്നിട്ടുണ്ട്. ആള്‍ക്കൂട്ടമുണ്ടാകുന്ന എല്ലാവിധ സാമൂഹിക,സാംസ്‌കാരിക, രാഷ്ട്രീയ പരിപാടികളും മതപരമായ ചടങ്ങുകളും ഒഴിവാക്കണം. വാരാന്ത്യത്തില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക നിയന്ത്രണം തുടരും. അത്യാവശ്യ സര്‍വീസുകള്‍ മാത്രമേ അന്ന് അനുവദിക്കൂ. സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10