Logo
Tue, Jun 30, 2026 • 09:00 AM
LIVE TV
Watch

No business videos available

No Middle East videos available

'എല്ലാ ഇടപാടും മുഖ്യമന്ത്രിയുടെ അറിവോടെ; ഡാറ്റാ കച്ചവടത്തിലൂടെ മുഖ്യമന്ത്രിയുടെ മകള്‍ കോടികള്‍ സമ്പാദിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്നയുടെ പുസ്തകം പുറത്തിറങ്ങി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
October 13, 2022
1 min read Updated: June 10, 2026
SHARE:
SAVE: Login to save

'എല്ലാ ഇടപാടും മുഖ്യമന്ത്രിയുടെ അറിവോടെ; ഡാറ്റാ കച്ചവടത്തിലൂടെ മുഖ്യമന്ത്രിയുടെ മകള്‍ കോടികള്‍ സമ്പാദിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വപ്നയുടെ പുസ്തകം പുറത്തിറങ്ങി
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷ്. താനുമായി നടന്ന എല്ലാ ഇടപാടുകളും മുഖ്യമന്ത്രിയുടെ അറിവോടെയും സമ്മതത്തോടെയും കൂടിയാണ് സ്വപ്ന പറയുന്നു. സ്പ്രിങ്ക്ളര്‍ ഡാറ്റാബേസ് കച്ചവടത്തിലൂടെ വീണാ വിജയന്‍ കോടികളുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കി. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വന്‍ വെളിപ്പെടുത്തലുകളുമായി സ്വപ്നാ സുരേഷിന്‍റെ ആത്മകഥ 'ചതിയുടെ പത്മവ്യൂഹം' പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയും കടുത്ത ആരോപണങ്ങള്‍ സ്വപ്നയുടെ പുസ്തകത്തിലുണ്ട്. ശിവശങ്കറും സ്വപ്നയുമായുള്ള വളരെ അടുത്ത ബന്ധം വ്യക്തമാക്കുന്ന നിരവധി ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. '164 പ്രകാരം ഞാന്‍ കോടതിയില്‍ കൊടുത്ത മൊഴിയില്‍ ഇല്ലാത്തതൊന്നും ഈ പുസ്തകത്തിലില്ല' എന്ന മുഖവുരയോടെയാണ് സ്വപ്നാ സുരേഷ് ആത്മകഥ ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണമാണ് പുസ്തകത്തിലുള്ളത്. 2016 മുതല്‍ 2020 വരെയുള്ള കാലത്ത് ശിവശങ്കറിന് കീഴില്‍ എല്ലാവരും ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ ഡീലുകള്‍ക്കും മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഉണ്ടായിരുന്നതായും സ്വപ്ന തുറന്നുപറച്ചില്‍ നടത്തുന്നുണ്ട്. ഇത്തരത്തില്‍ നടത്തിയ എല്ലാ ഡീലുകള്‍ക്കും കമ്മീഷന്‍ പ്രധാനമാണ്. മാത്രവുമല്ല കോണ്‍സുലേറ്റ് വഴിയുള്ള മുഖ്യമന്ത്രിയുടെ ആവശ്യങ്ങള്‍ സ്വപ്നയാണ് സാധിച്ചു കൊടുത്തത് എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. 2016 ൽ ദുബായ് യാത്രയ്ക്കിടെ മുഖ്യമന്ത്രി മറന്നുവെച്ച ബാഗ് ശിവശങ്കറിന്‍റെ നിര്‍ദേശപ്രകാരം താൻ കടത്തി നൽകിയെന്നും അതിൽ കറൻസിയായിരുന്നുവെന്നും പുസ്തകത്തില്‍ സ്വപ്ന പറയുന്നു. ഇത് മറന്നുവെച്ചതാണോ അതോ ബോധപൂര്‍വമായിരുന്നോ എന്നതില്‍ സംശയമുണ്ടെന്നും പുസ്തകത്തില്‍ പറയുന്നു. ശിവശങ്കറുമായി തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ തുടങ്ങിയ പരിചയം വളരെ പെട്ടെന്ന് അടുത്ത ആത്മബന്ധമായി മാറുകയായിരുന്നുവെന്നും സ്വപ്ന പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെയും ഗുരുതര വെളിപ്പെടുത്തലാണ് പുസ്തകത്തിലുള്ളത്. വിവാദമായ സ്പ്രിങ്ക്ളര്‍ ഇടപാടിലൂടെ മുഖ്യമന്ത്രിയുടെ മകള്‍ സാമ്പത്തികനേട്ടമുണ്ടാക്കിയെന്ന് പുസ്തത്തില്‍ പറയുന്നു. കൊവിഡിന്‍റെ മറവില്‍ ജനങ്ങളുടെ ഡാറ്റാബേസ് ശിവശങ്കര്‍‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റു. അതിലൂടെ മുഖ്യമന്ത്രിയുടെ മകള്‍ കോടികളുടെ നേട്ടമുണ്ടാക്കി. പുസ്തകത്തിലെ ആനയും ആളും ആരവവും എന്ന 13 -ാം അധ്യായത്തിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉള്ളത്. ബിരിയാണി ചെമ്പില്‍ സ്വര്‍ണ്ണം കടത്തിയതുമായ വിവരങ്ങളും സ്വപ്ന വിശദമാക്കുന്നുണ്ട്. ഗ്രീന്‍ ചാനല്‍ ദുരുപയോഗം ചെയ്ത കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ വിമാനത്താവളത്തില്‍ ചെയ്തുകൊടുക്കുകയാണ് ശിവശങ്കര്‍ ചെയ്തത്. ഇതേ കോണ്‍സുലേറ്റിനേയും ഗ്രീന്‍ ചാനലിനേയും തങ്ങളുടെ ഇടപാടുകള്‍ നടത്തുന്നതിന് ഉപയോഗിച്ചു. സ്പേസ് പാര്‍ക്കില്‍ തന്നെ നിയമിച്ചതിനെക്കുറിച്ചും മറ്റ് നിയമനങ്ങളെക്കുറിച്ചും 'ചിലന്തിവല' എന്ന അധ്യായത്തില്‍ സ്വപ്ന വിവരിക്കുന്നുണ്ട്. ഐടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും ശിവശങ്കറിന്‍റെ നിയന്ത്രണത്തിലാണുള്ളത്. കോണ്‍സുലേറ്റിനെ ഇക്കാര്യത്തില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു ശിവശങ്കറിന്‍റെ നീക്കങ്ങള്‍. ഐടി വകുപ്പിലെ പദ്ധതികളില്‍ ഗള്‍ഫ് മേഖലയുമായി ബന്ധപ്പെട്ട ഒരുപാട് കൊടുക്കല്‍ വാങ്ങലുകള്‍ നടന്നിരുന്നു. ശിവശങ്കര്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ നടത്തിയെടുത്തത് പോലെ കോണ്‍സുലേറ്റിലെ അറബി ചില ഫേവറുകള്‍ തിരിച്ചും ആവശ്യപ്പെട്ട് തുടങ്ങി. ഒരു നയതന്ത്ര ഉദ്യോഗസ്ഥന് ലഭിക്കാന്‍ സാധ്യതയില്ലാത്ത എക്സ് കാറ്റഗറി സുരക്ഷ ശിവശങ്കറിനെ ഉപയോഗിച്ച് അറബിക്ക് നേടിക്കൊടുത്തുവെന്ന് സ്വപ്ന വെളിപ്പെടുത്തുന്നു. കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് രൂപപ്പെട്ട ചിലന്തിവല ഒരു കെണിയാണെന്ന് തിരിച്ചറിയാന്‍ വൈകി. ചിലന്തിവല എന്ന് പേരിട്ടിരിക്കുന്ന ഒമ്പതാം അധ്യായത്തിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറഞ്ഞുവെക്കുന്നത്. ശിവശങ്കറുമായുള്ള ആഴത്തിലുള്ള ബന്ധവും പുസ്തകത്തിലൂടെ സ്വപ്ന വ്യക്തമാക്കുന്നു. എന്നെ പാര്‍വതിയെന്നാണ് ശിവശങ്കര്‍ വിളിച്ചത്. ഒരു കൗമാരക്കാരനെ പോലെ ഭ്രാന്ത് പിടിച്ചതായിരുന്നു ശിവശങ്കറിന് എന്നോടുള്ള പ്രണയം. എന്‍റെ പ്രണയം നേടാനും നിലനിര്‍ത്താനും എന്തു വില കൊടുക്കാനും എത്ര വേണമെങ്കിലും താഴാനും ശിവശങ്കര്‍ തയാറായിരുന്നു. ഇത്രയേറെ അധികാരങ്ങളും പദവികളുമുള്ളൊരാൾ ഒരു കൗമാരക്കാരനെ പോലെ പ്രണായാതുരനാവുന്നതും കരയുന്നതും വാശി പിടിക്കുന്നതുമൊക്കെ തന്നെ അത്ഭുതപ്പെടുത്തുകയും ഒരുപാട് ആനന്ദിപ്പിക്കുകയും ചെയ്തുവെന്ന് പുസ്തകത്തിൽ സ്വപ്ന പറയുന്നു. സ്വര്‍ണ്ണക്കടത്തില്‍ എൻഐഎയുടെ പിടിയിലാവും വരെ ശിവശങ്കറിന് താന്‍ പാര്‍വതിയായിരുന്നുവെന്നും സ്വപ്ന പറയുന്നു. പലയിടത്തും താന്‍ സര്‍ക്കാരിന്‍റെ ഇടനിലക്കാരിയായി സമീപിച്ചു. എന്നാല്‍ മറ്റുള്ളവരുടെ കാപട്യം പിടിക്കപ്പെട്ടപ്പോള്‍ ജയിലിലനകത്തും പുറത്തും വെച്ച് തന്നെ ഇല്ലാതാക്കാനുള്ള നീക്കം നടന്നതായും ജയില്‍ ഡിഐജി മോശമായി പെരുമാറിയെന്നും സ്വപ്ന വെളിപ്പെടുത്തുന്നുണ്ട്.  മുന്‍ മന്ത്രി ലൈംഗിക താല്‍പര്യത്തോടെ ഇടപെട്ടുവെന്നുമുള്ള അതിഗുരുതരമായ ആരോപണവും സ്വപ്ന മുന്നോട്ടു വെക്കുന്നുണ്ട്. തൃശൂര്‍ ആസ്ഥാനമായ കറന്‍റ് ബുക്സാണ് സ്വപ്നാ സുരേഷിന്‍റെ ആത്മകഥയായ 'ചതിയുടെ പത്മവ്യൂഹം' പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്നാ സുരേഷ് തന്‍റെ ജീവിതം പറയുന്നു എന്ന പരസ്യവാചകത്തോടെയാണ് പുസ്തകം വിപണിയിലെത്തിച്ചിരിക്കുന്നത്. 250 രൂപ വിലയുള്ള പുസ്തകം  ആമസോണിലും ലഭ്യമാണ്. വരും ദിവസങ്ങളില്‍ സ്വപ്നയുടെ ആത്മകഥ രാഷ്ട്രീയ കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10