സംസ്ഥാനത്തെ അഴിമതിവിമുക്തമാക്കാന്‍ 'പ്രോജക്ട് സീറോ'; 1969-ലെ വിജിലന്‍സ് മാനുവല്‍ പരിഷ്‌കരിക്കുമെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: കേരളത്തെ പരിപൂര്‍ണ്ണമായും അഴിമതിവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പുതിയ കര്‍മപദ്ധതിയായ 'പ്രോജക്ട് സീറോ' ഉദ്ഘാടനം ചെയ്തു. വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തിയ ശേഷമാണ് പദ്ധതിയുടെ ഉദ്ഘാടനം രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചത്. അഴിമതി നടത്തുന്നവരുടെ ചെവിക്ക് പിടിക്കാന്‍ കഴിയുന്ന രീതിയില്‍ വിജിലന്‍സ് സംവിധാനത്തെ കൂടുതല്‍ ശക്തമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാര്‍ ഓഫീസുകളില്‍ കൈക്കൂലിയില്ലാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം ഉണ്ടാകണം. സര്‍ക്കാര്‍ സേവനം എന്നത് ജനങ്ങളുടെ അവകാശമാണെന്നും അത് കൃത്യമായി ലഭ്യമാക്കാന്‍ കൈക്കൂലി നല്‍കാതെയുള്ള ഫയല്‍ നീക്കം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനായി കാലഹരണപ്പെട്ട 1969-ലെ വിജിലന്‍സ് മാനുവല്‍ സമഗ്രമായി പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഡ്രാഫ്റ്റ് നിലവില്‍ തയ്യാറായിട്ടുണ്ടെന്നും ഇത് സൂക്ഷ്മമായി പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അഴിമതി പൂര്‍ണ്ണമായി ഇല്ലാതാകണമെങ്കില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുള്ള ശക്തമായ സഹകരണം വേണമെന്ന് രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. പൊതുജനങ്ങള്‍ ഒരുകാരണവശാലും അഴിമതിക്കാരെ പ്രോത്സാഹിപ്പിക്കരുത്. എവിടെ അഴിമതി കണ്ടാലും ജനങ്ങള്‍ അത് വിജിലന്‍സിനെ അറിയിക്കണം. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരും മറ്റ് വിവരങ്ങളും വിജിലന്‍സ് തികച്ചും രഹസ്യമായി സൂക്ഷിക്കും.
ഡിജിറ്റല്‍ ഇടപാടുകളിലൂടെയുള്ള അഴിമതികള്‍ നിലവില്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇതിനെയെല്ലാം പ്രതിരോധിക്കാന്‍ തികച്ചും 'വിജിലന്റ്' ആയ ഒരു പ്രവര്‍ത്തന ശൈലിയായിരിക്കും ഇനി ഈ സംവിധാനം കാഴ്ചവെയ്ക്കുക. അഴിമതിക്കാരായ ഒരുദ്യോഗസ്ഥനെയും വെറുതെ വിടില്ലെന്ന് മാത്രമല്ല, അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന നേതാക്കളുടെ പിന്നിലും ഇനി വിജിലന്‍സിന്റെ നിരീക്ഷണക്കണ്ണുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.