Bihar Election | ചിരാഗ് പാസ്വാന്‍ ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക്? കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്ന് സൂചന
Jaihind TV News Report
Jaihind TV Web Desk
June 02, 2025
1 min read
•
Updated: June 04, 2026
പാട്‌ന: ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയ ചിത്രങ്ങള്‍ മാറുകയാണ്. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ എന്‍ ഡി എയില്‍ ആശയക്കുഴപ്പം ഉടലെടുക്കുന്നതായാണ് സൂചന. ലോക് ജന്‍ശക്തി പാര്‍ട്ടി (റാം വിലാസ്) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ചിരാഗ് പാസ്വാനാണ് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കരുക്കള്‍ നീക്കുന്നത്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന പാര്‍ട്ടിയിലെ ആവശ്യം ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വത്തിനായി കേന്ദ്രമന്ത്രി സ്ഥാനം ചിരാഗ് രാജിവെച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ ഇതോടെ സജീവമായി.
ചിരാഗിന്റെ ഭാര്യാസഹോദരനും എംപിയുമായ അരുണ്‍ ഭാരതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഈ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്. ജൂനിയര്‍ പാസ്വാന്റെ ഭാവി രാഷ്ട്രീയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് ഇത് ശക്തി പകര്‍ന്നു. ചിരാഗ് ഒരു സംവരണ മണ്ഡലത്തില്‍ നിന്നല്ലാതെ, പൊതു മണ്ഡലത്തില്‍ നിന്ന് മത്സരിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആഗ്രഹം. ഇത് അദ്ദേഹം ദളിത് സമൂഹത്തിന്റെ മാത്രം നേതാവല്ല, മറിച്ച് സംസ്ഥാനത്തെ നയിക്കാന്‍ തയ്യാറായ വ്യക്തിയാണെന്ന ശക്തമായ സന്ദേശം നല്‍കുമെന്നും വിലയിരുത്തപ്പെടുന്നു.
നിലവില്‍ കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായ ചിരാഗ്, ഡല്‍ഹിയില്‍ തുടരുന്നതിനേക്കാള്‍ ബീഹാര്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പ്പര്യമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ബീഹാര്‍ ഫസ്റ്റ്, ബീഹാറി ഫസ്റ്റ്' എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മൂന്ന് തവണ പാര്‍ലമെന്റ് അംഗമായ ചിരാഗ് പാസ്വാന്‍, 2014-ലും 2019-ലും ജമുയി (എസ്സി) മണ്ഡലത്തില്‍ നിന്നും 2024-ല്‍ ഹാജിപൂര്‍ (എസ്സി) മണ്ഡലത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടു. 2024-ല്‍ ആദ്യമായി കേന്ദ്രമന്ത്രിസഭയില്‍ അംഗമായെങ്കിലും, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് സംസ്ഥാനത്തെ നയിക്കണമെന്ന പാര്‍ട്ടി നിലപാട്, അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണ്.
അതേസമയം, ജനപ്രീതി കുറഞ്ഞുവെങ്കിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലായിരിക്കും എന്‍ഡിഎ സഖ്യം ബീഹാര്‍ തിരഞ്ഞെടുപ്പിനെ നേരിടുക എന്ന് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ ആരോഗ്യസ്ഥിതി മോശമാകുന്നതും ജനപ്രീതി കുറയുന്നതും ചിരാഗ് മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. എന്നാല്‍, എന്‍ഡിഎയിലെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ചിരാഗിന്റെ തന്ത്രമാണെന്നും ഒരു വാദമുണ്ട്.
നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ബിജെപി ഇതിനകം പ്രഖ്യാപിച്ച സാഹചര്യത്തില്‍, ചിരാഗിന്റെ പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ എന്‍ഡിഎ സഖ്യത്തില്‍ അസ്വാരസ്യങ്ങളുണ്ടാക്കിയേക്കും. ബീഹാര്‍ തിരഞ്ഞെടുപ്പിനുള്ള എന്‍ഡിഎയിലെ സീറ്റ് വിഭജന ഫോര്‍മുല ഇതുവരെ അന്തിമമായിട്ടില്ലെങ്കിലും, സഖ്യകക്ഷികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10