Logo
Thu, Jun 25, 2026 • 05:19 AM
LIVE TV
Watch

No business videos available

No Middle East videos available

തമിഴ് ജനതയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് രാഹുല്‍; നാളെ മുതല്‍ യാത്ര കേരളത്തിന്‍റെ മണ്ണില്‍


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 10, 2022
1 min read Updated: June 09, 2026
SHARE:
SAVE: Login to save

തമിഴ് ജനതയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞ് രാഹുല്‍; നാളെ മുതല്‍ യാത്ര കേരളത്തിന്‍റെ മണ്ണില്‍
  രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി. നാല് ദിവസം തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോയ പദയാത്രയ്ക്ക് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. ഇന്നും ആയിരങ്ങളാണ് രാഹുലിനൊപ്പം യാത്രയില്‍ അണിചേർന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുമായി സംവദിച്ച രാഹുല്‍ ഗാന്ധി യാത്രയ്ക്ക് തമിഴ് ജനത നല്‍കിയ ആവേശകരമായ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഉത്സവ ദിനങ്ങളിൽ നടത്താറുള്ള വിളക്കുകെട്ട് സംഘടിപ്പിച്ചാണ് രാഹുലിന് തമിഴ്നാട് യാത്രയപ്പ് നൽകിയത്. നാളെ മുതല്‍ യാത്ര കേരളത്തില്‍ പര്യടനം ആരംഭിക്കും. സെപ്റ്റംബര്‍ 7 ന് കന്യാകുമാരിയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. നാല് ദിവസം നടത്തിയ പദയാത്രയിലൂടെ തമിഴ് ജനതയുടെ മനസ് തൊട്ടറിഞ്ഞാണ് രാഹുല്‍ ഗാന്ധി യാത്രയുടെ അടുത്ത കർമ്മമണ്ഡലമായ കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഇന്ന് രാവിലെ 7 മണിക്ക് മുളകുമൂട്ടിൽ നിന്ന് തുടങ്ങിയ യാത്ര മാർത്താണ്ഡത്തെ നേസമണി മെമ്മോറിയൽ ക്രിസ്റ്റ്യൻ കോളേജിലെത്തിയതോടെ ആദ്യ ഘട്ടം പൂർത്തിയായി. വിശ്രമവേളയിൽ തൊഴിലുറപ്പ് തൊഴിലാളികളുമായും മത്സ്യത്തൊഴിലാളികളുമായും അംഗപരിമിതരുടെ അവകാശങ്ങള്‍ക്കായി പോരാടുന്നവരുമായും രാഹുൽ ഗാന്ധി സംവദിച്ചു. തുടർന്ന് നാല് മണിക്ക് പുനരാരംഭിച്ച യാത്ര കേരള അതിർത്തിയിലെത്തിച്ചേർന്നു. പാറശാലയിലെ സമാപനസ്ഥലത്ത് രാഹുല്‍ ഗാന്ധി തമിഴ്നാട് നല്‍കിയ സ്നേഹാദരങ്ങള്‍ക്ക് നന്ദി അറിയിച്ചു. ഭാഷയുടെ പേരിലും മതത്തിന്‍റെ പേരിലും വിഭജിക്കപ്പെടുന്ന രാജ്യത്ത് ഐക്യമുള്ള ഇന്ത്യക്കായാണ് തന്‍റെ യാത്രയെന്ന് രാഹുല്‍ പറഞ്ഞു. യാത്ര വിജയമാക്കിയ എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു. ഓട്ടോറിക്ഷ തൊഴിലാളികൾ, കർഷകർ, സർക്കാർ ജീവനക്കാർ, തൊഴിലാളികൾ, സ്ത്രീകൾ, കുട്ടികൾ, യുവാക്കൾ തുടങ്ങി സാധാരണക്കാരാണ് രാഹുലിനെ കാണാനും കേൾക്കാനും എത്തിയത്. എല്ലാവരുമായും ചിരിച്ചും കുശലം പറഞ്ഞും അവർ നൽകുന്ന സനേഹ സമ്മാനങ്ങൾ ഏറ്റുവാങ്ങിയുമാണ് ജനനേതാവിന്‍റെ യാത്ര. വെറുപ്പിന്‍റെയും വിഭജനത്തിന്‍റെയും ശ്രമങ്ങള്‍ ശക്തി പ്രാപിക്കുന്ന കാലഘട്ടത്തില്‍ സ്നേഹച്ചരട് കൊണ്ടു കോർത്തിണക്കി ഒന്നാകുന്ന രാജ്യത്തെയാണ് ജനങ്ങൾ ജനപ്രിയ നേതാവിലൂടെ സ്വപ്നം കാണുന്നത്. ഭാരത് ജോഡോ പദയാത്രയുടെ കേരളത്തിലെ പര്യടനത്തിന് നാളെ തുടക്കം കുറിക്കും. ഞായറാഴ്ച കേരളത്തില്‍ പ്രവേശിക്കുന്ന പദയാത്രയ്ക്ക് വന്‍ സ്വീകരണം ഒരുക്കാന്‍ കെപിസിസി എല്ലാ ഒരുക്കങ്ങളും കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പൂർത്തിയാക്കി. വാദ്യമേളം, കേരളീയ കലാരൂപങ്ങള്‍ എന്നിവയുടെ അകമ്പടിയോടെ പാറശാലയില്‍ നിന്നും രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും സ്വീകരിക്കും. കേരളത്തില്‍ നിന്നുള്ള പദയാത്രികരും യാത്രയ്‌ക്കൊപ്പം അണിചേരും. ഞായറാഴ്ച രാവിലെ 7 ന് പാറശാലയില്‍ നിന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി, പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എം.എം ഹസന്‍, ഭാരത് ജോഡോ യാത്ര സംസ്ഥാന കോർഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, ശശി തരൂര്‍ എംപി, അടൂര്‍ പ്രകാശ് എംപി, എം വിന്‍സന്‍റ് എംഎല്‍എ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, മറ്റ് എംപിമാര്‍, എംഎല്‍എമാര്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിക്കും. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി കന്യാകുമാരി മുതല്‍ യാത്രയെ അനുഗമിക്കുന്നുണ്ട്. കേരളത്തില്‍ ഏഴുജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്ന് പോകുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാത വഴിയും തുടര്‍ന്ന് നിലമ്പൂര്‍ വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. യാത്രകടന്ന് പോകാത്ത ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പങ്കാളിത്തവും യാത്രയിലുണ്ടാകും. രാവിലെ 7 മുതല്‍ 11 വരെയും വൈകുന്നേരം 4 മുതല്‍ 7 വരെയുമാണ് യാത്രയുടെ സമയക്രമം. ഇതിനിടെയുള്ള സമയത്തില്‍ സംസ്ഥാനത്തെ വിവിധ മേഖലയിലുള്ള തൊഴിലാളികള്‍, കര്‍ഷകര്‍, യുവാക്കള്‍, സാംസ്‌കാരിക പ്രമുഖര്‍ തുടങ്ങിയവരുമായി ജാഥാ ക്യാപ്റ്റന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഭാരത് ജോഡോ യാത്രയില്‍ മുന്നൂറ് പദയാത്രികരാണുള്ളത്. ഇവര്‍ക്കുള്ള താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള ഒരുക്കാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. 19 ദിവസം കേരളത്തിലൂടെ കടന്നുപോകുന്ന യാത്ര വിജയിപ്പിക്കാന്‍ ചിട്ടയായ പ്രവര്‍ത്തനമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും ജോഡോ യാത്ര സംസ്ഥാന കോർഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെയും നേതൃത്വത്തില്‍ നടന്നുവരുന്നത്. യാത്രയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തേണ്ടവരുടെ പട്ടിക തയാറാക്കല്‍, പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുക, ഭക്ഷണം, താമസം എന്നിവ ക്രമീകരിക്കുക, യാത്ര വിജയിപ്പിക്കുന്നതിനാവശ്യമായ പ്രചാരണം സംഘടിപ്പിക്കുക, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതെ അടുക്കും ചിട്ടയുമായി യാത്രയെ മുന്നോട്ട് നയിക്കുക, പരിസ്ഥിതി സൗഹൃദാന്തരീക്ഷം നിലനിര്‍ത്തുക, നിയമപരമായ തടസങ്ങള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ക്കായി കെപിസിസി സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ വിവിധ സബ് കമ്മിറ്റികളുടെ യോഗം ഓണ്‍ ലൈനായി കഴിഞ്ഞ ദിവസം ചേര്‍ന്ന് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. കെപിസിസി ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും പാര്‍ട്ടി ജില്ലാ കേന്ദ്രങ്ങളില്‍ സ്വാഗതസംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ചുവരെഴുത്തും കൊടിതോരണങ്ങളുമായി ജാഥ കടന്ന് പോകുന്ന ഇടങ്ങള്‍ അലങ്കരിക്കും. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് വലിയ ആവേശം കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ പ്രകടമാണ്. രാജ്യം നേരിടുന്ന വെല്ലുവിളിയും അതിന്‍റെ അപകടവും തിരിച്ചറിഞ്ഞ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും നല്ല സഹകരണമാണ് ലഭിക്കുന്നത്. കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത വലിയ ജനപങ്കാളിത്തമാണ് കെപിസിസി പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാകാത്തവിധവും ഗതാഗത തടസം സൃഷ്ടിക്കാത്തവിധവും യാത്ര കടന്ന് പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ വരുത്താനാവശ്യമായ സഹകരണം സംസ്ഥാന പോലീസ് മേധാവിയോടും ജില്ലാ ഭരണാധികാരികളോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. യാത്ര കടന്നുപോകുന്ന സ്ഥലങ്ങളും അതുമായി ബന്ധപ്പെട്ട ഗതാഗതനിയന്ത്രങ്ങളെ കുറിച്ചുമുള്ള വിവരങ്ങള്‍ നേരത്തെ തന്നെ പൊതുജനത്തിന് ലഭ്യമാകുന്നതിന് ആവശ്യമായ മുന്‍കരുതലും നടപടികളും സ്വീകരിക്കണമെന്ന് ജില്ലാ ഭരണാധികളോടും പോലീസ് മേധാവികളോടും കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ 11, 12, 13, 14 തീയതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15, 16 തീയതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്ന് പോകുന്ന യാത്ര 17, 18, 19, 20 തീയതികളില്‍ ആലപ്പുഴയിലും 21, 22 തീയതികളില്‍ എറണാകുളം ജില്ലയിലും 23, 24, 25 തീയതികളില്‍ തൃശൂര്‍ ജില്ലയിലും 26 നും 27 ന് ഉച്ചവരെ പാലക്കാടും പര്യടനം പൂര്‍ത്തിയാക്കും. 28, 29 തീയതികളില്‍ മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കും. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലൂടെയുമാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30 ന് യാത്ര കശ്മീരില്‍ സമാപിക്കും. 22 നഗരങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കും.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10