ലണ്ടന്‍: നീണ്ട 22 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ആഴ്സണല്‍ ഫുട്ബോള്‍ ക്ലബ് സ്വന്തമാക്കി. കിരീടപ്പോരാട്ടത്തില്‍ നിര്‍ണായകമായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ബോര്‍ണ്‍മൗതിനോട് 1-1 ന് സമനില വഴങ്ങിയതോടെയാണ് ആഴ്സണല്‍ ചാമ്പ്യന്മാരായത്. ലീഗില്‍ ഇനി വെറും ഒരു മത്സരം മാത്രം അവശേഷിക്കെ, രണ്ടാമതുള്ള സിറ്റിയേക്കാള്‍ നാല് പോയിന്റിന്റെ വ്യക്തമായ ലീഡ് നേടിയാണ് അവസാന പോരാട്ടത്തിന് മുന്‍പ് തന്നെ ആഴ്സണല്‍ കിരീടം ഉറപ്പാക്കിയത്. ആഴ്സണലിന്റെ ചരിത്രത്തിലെ നാലാം പ്രീമിയര്‍ ലീഗ് കിരീടവും പതിനാലാം ഇംഗ്ലീഷ് ലീഗ് കിരീടവുമാണിത്.
സിറ്റിയെ തളച്ച് ബോര്‍ണ്‍മൗത്; ചരിത്രപരമായ സമനില
യൂറോപ്യന്‍ യോഗ്യത ലക്ഷ്യമിട്ട്, കഴിഞ്ഞ 16 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിച്ചെത്തിയ ബോര്‍ണ്‍മൗതിനു മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റി അക്ഷരാര്‍ത്ഥത്തില്‍ വിയര്‍ത്തു. മത്സരത്തിന്റെ 39-ാം മിനിറ്റില്‍ ഒരു മികച്ച ടീം നീക്കത്തിനൊടുവില്‍ ട്രുഫറ്റിന്റെ പാസില്‍ നിന്നും ജൂനിയര്‍ കുര്‍പി നേടിയ മനോഹര ഗോളിലൂടെ ബോര്‍ണ്‍മൗതാണ് ആദ്യം മുന്നിലെത്തിയത്.
രണ്ടാം പകുതിയിലും ബോര്‍ണ്‍മൗത് നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും പോസ്റ്റും സിറ്റി ഗോള്‍കീപ്പര്‍ ഡോണരൂമയും തടസ്സമായതോടെ അവര്‍ക്ക് ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മത്സരം അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, 95-ാം മിനിറ്റില്‍ ഏര്‍ലിങ് ഹാളണ്ട് നേടിയ ഗോളിലൂടെ സിറ്റി സമനില പിടിച്ചെങ്കിലും വിജയഗോള്‍ കണ്ടെത്താന്‍ അവര്‍ക്ക് സമയം ലഭിച്ചില്ല. ഈ സമനിലയോടെ ബോര്‍ണ്‍മൗത് യൂറോപ്യന്‍ ഫുട്ബോള്‍ കളിക്കാനുള്ള യോഗ്യതയും ചരിത്രപരമായി സ്വന്തമാക്കി.
ഇംഗ്ലീഷ് ജേതാക്കളായി ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന്
പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പാക്കിയതോടെ മിഖേല്‍ ആര്‍ട്ടെറ്റയുടെ പരിശീലനത്തിലിറങ്ങുന്ന ആഴ്സണലിന് ഇരട്ടി ആത്മവിശ്വാസത്തോടെ ഇനി ചാമ്പ്യന്‍സ് ലീഗ് ഫൈനലിനെ നേരിടാം. ഈ മാസം 30-ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജേതാക്കള്‍ എന്ന പദവിയോടെയാകും ആഴ്സണല്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ നേരിടുക.
22 വര്‍ഷത്തെ കാത്തിരിപ്പിന് അറുതി; മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ കുടുങ്ങി, ആഴ്സണലിന് പ്രീമിയര്‍ ലീഗ് കിരീടം