ആലപ്പുഴ: സിപിഎം അമ്പലപ്പുഴ ഏരിയ കമ്മിറ്റി യോഗത്തിലും പാര്‍ട്ടി നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം. ജി. സുധാകരനെതിരെയുള്ള പിണറായി വിജയന്റെ 'ചെറ്റ' പ്രയോഗം തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കിയെന്ന് യോഗത്തില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. 'എവിടെ തോറ്റാലും അമ്പലപ്പുഴയില്‍ ജയിക്കണം' എന്ന എം.വി. ഗോവിന്ദന്റെ വാക്കുകളും തിരിച്ചടിയായാണ് ഭവിച്ചത്. മുഖ്യമന്ത്രി പങ്കെടുത്ത പൊതുയോഗത്തില്‍ പോലും ജനപങ്കാളിത്തം കുറവായിരുന്നുവെന്നും യോഗത്തില്‍ ആവേശം പ്രകടമായിരുന്നില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
ജി. സുധാകരന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യം തിരിച്ചറിയാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ല. അദ്ദേഹത്തെ നിരന്തരം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചത് പാര്‍ട്ടിക്ക് ദോഷം ചെയ്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കൊപ്പം പരസ്യമായി രംഗത്തുണ്ടായിരുന്ന ചിലര്‍ പോലും രഹസ്യമായി ജി. സുധാകരനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അമ്പലപ്പുഴയില്‍ നിഷ്പക്ഷ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിച്ചില്ലെന്ന് മാത്രമല്ല, പാര്‍ട്ടി വോട്ടുകളിലും ന്യൂനപക്ഷ വോട്ടുകളിലും വലിയ തോതില്‍ ചോര്‍ച്ചയുണ്ടായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഒരു പ്രത്യേക വിഭാഗത്തിന്റെ ആളായി എതിരാളികള്‍ ബ്രാന്‍ഡ് ചെയ്തപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ലെന്നും വിമര്‍ശനമുയര്‍ന്നു.
ജനവികാരം സര്‍ക്കാരിന് എതിരാണെന്ന് മനസ്സിലാക്കാന്‍ നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ഏരിയ കമ്മിറ്റി വിലയിരുത്തി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച സൂചനകളില്‍ നിന്ന് സര്‍ക്കാരും പാര്‍ട്ടി നേതൃത്വവും പാഠം പഠിച്ചില്ല. മുഖ്യമന്ത്രിയുടെയും എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെയുള്ള മറ്റ് നേതാക്കളുടെയും ശരീരഭാഷയും ധാര്‍ഷ്ട്യവും ജനങ്ങള്‍ക്കിടയില്‍ വെറുപ്പുണ്ടാക്കാന്‍ കാരണമായെന്നും വിമര്‍ശനമുയര്‍ന്നു.
പ്രാദേശിക തലത്തിലുള്ള അവഗണനയും പാര്‍ട്ടി അണികള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജ് അടക്കമുള്ള പ്രധാന സ്ഥാപനങ്ങളില്‍ താല്കാലിക ജോലി പോലും സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ലഭിച്ചില്ല. താല്കാലിക ജോലികളെല്ലാം പ്രമുഖ നേതാക്കളുടെ ബന്ധുക്കള്‍ക്കാണ് നല്‍കിയത്. താഴെത്തട്ടില്‍ നിന്നുള്ള പാര്‍ട്ടി കമ്മിറ്റികള്‍ നല്‍കിയ ശുപാര്‍ശ കത്തുകള്‍ പോലും ഉയര്‍ന്ന നേതാക്കള്‍ കീറിയെറിയുന്ന സാഹചര്യമാണുണ്ടായതെന്നും യോഗത്തില്‍ കടുത്ത ഭാഷയില്‍ വിമര്‍ശനമുയര്‍ന്നു.
അമ്പലപ്പുഴ സിപിഎമ്മിലും കടുത്ത അമര്‍ഷം; പിണറായിയുടെ പരാമര്‍ശവും നേതാക്കളുടെ ബന്ധുനിയമനങ്ങളും തിരിച്ചടിയായെന്ന് ഏരിയ കമ്മിറ്റി വിലയിരുത്തല്