Air India flight crash| അഹമ്മദാബാദിലേത് അതിദാരുണ ദുരന്തം: പറന്നുയര്‍ന്ന ഉടന്‍ വിമാനം അഗ്നിഗോളമായി തകര്‍ന്നു വീണത് പാര്‍പ്പിട സമുച്ചയത്തില്‍
Jaihind TV News Report
Jaihind TV Web Desk
June 12, 2025
1 min read
•
Updated: June 10, 2026
അഹമ്മദാബാദ്: ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ തകര്‍ന്നു വീണു. 230 യാത്രക്കാരും 12 ജീവനക്കാരും ഉള്‍പ്പെടെ 242 പേരുമായി യാത്ര തിരിച്ച ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് വ്യാഴാഴ്ച ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്. വിമാനം തകര്‍ന്നു വീണ മേഘാനി ഏരിയയില്‍ നിന്ന് കനത്ത കറുത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1:10-ന് ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ 171 വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഓണ്‍ലൈന്‍ ഫ്‌ലൈറ്റ് ട്രാക്കറുകള്‍ സ്ഥിരീകരിച്ചു. ക്യാപ്റ്റന്‍ സുമീത് സബര്‍വാളും ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്.
അപകടവിവരം അറിഞ്ഞയുടന്‍ ഏഴ് ഫയര്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവനങ്ങള്‍ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തി. വിമാനം തകര്‍ന്ന് ഒരു തീഗോളമായി മാറുന്ന നിമിഷം ചിത്രീകരിച്ച ഒരു വീഡിയോ ഉള്‍പ്പെടെ, അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന നിരവധി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളില്‍ നിന്ന് വിമാനം കെട്ടിടങ്ങളിലേക്ക് ഇടിച്ചുകയറിയതായാണ് പ്രാഥമിക നിഗമനം.
ഗാന്ധിനഗറില്‍ നിന്ന് 90 പേരടങ്ങുന്ന മൂന്ന് ദേശീയ ദുരന്ത നിവാരണ സേന (എന്‍.ഡി.ആര്‍.എഫ്) സംഘങ്ങളെ അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. വഡോദരയില്‍ നിന്ന് മൂന്ന് അധിക ടീമുകളെ കൂടി എത്തിക്കുമെന്ന് എന്‍.ഡി.ആര്‍.എഫ് അറിയിച്ചു.എയര്‍ ഇന്ത്യ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ സംഭവം സ്ഥിരീകരിച്ചു. 'അഹമ്മദാബാദ്-ലണ്ടന്‍ ഗാറ്റ്വിക്ക് സര്‍വീസ് നടത്തിയിരുന്ന AI171 വിമാനം ഒരു അപകടത്തില്‍പ്പെട്ടിരിക്കുന്നു. ഞങ്ങള്‍ വിശദാംശങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്, കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പങ്കുവെക്കും,' എന്ന് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തു.
VT-ANB എന്ന രജിസ്ട്രേഷനുള്ള ബോയിംഗ് 787-8 യാത്രാ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് ഏവിയേഷന്‍ ട്രാക്കറായ ഫ്‌ലൈറ്റ്‌റഡാര്‍24 റിപ്പോര്‍ട്ട് ചെയ്തു. അപകടത്തിന് മുന്‍പ് വിമാനം ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്ക് സര്‍വീസ് നടത്തിയിരുന്നു. യാത്രക്കാരുടെ പട്ടിക പ്രകാരം ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും വിമാനത്തില്‍ ഉണ്ടായിരുന്നു.
ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) ഭയാനകമായ അപകടം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി. കോ-പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് (എ.ടി.സി) 'മെയ്‌ഡേ' (അടിയന്തര സഹായ അഭ്യര്‍ത്ഥന) സന്ദേശം നല്‍കിയെന്നും അതിനുശേഷം വിമാനത്തില്‍ നിന്ന് പ്രതികരണമൊന്നും ലഭിച്ചില്ലെന്നും ഡി.ജി.സി.എ അറിയിച്ചു.
'വിമാനത്തില്‍ രണ്ട് പൈലറ്റുമാരും 10 ക്യാബിന്‍ ക്രൂവും ഉള്‍പ്പെടെ 242 പേരുണ്ടായിരുന്നു. 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയസമ്പത്തുള്ള ക്യാപ്റ്റന്‍ സുമീത് സബര്‍വാളിന്റെയും 1100 മണിക്കൂര്‍ പ്രവര്‍ത്തി പരിചയമുള്ള ഫസ്റ്റ് ഓഫീസര്‍ ക്ലൈവ് കുന്ദറിന്റെയും നിയന്ത്രണത്തിലായിരുന്നു വിമാനം. ഇന്ത്യന്‍ സമയം 13:39-ന് റണ്‍വേ 23-ല്‍ നിന്ന് വിമാനം പുറപ്പെട്ടു. എ.ടി.സിക്ക് മെയ്‌ഡേ സന്ദേശം നല്‍കിയെങ്കിലും പിന്നീട് പ്രതികരണമുണ്ടായില്ല. റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ വിമാനം എയര്‍പോര്‍ട്ട് പരിധിക്ക് പുറത്ത് നിലത്തേക്ക് പതിക്കുകയായിരുന്നു. അപകടസ്ഥലത്ത് നിന്ന് കനത്ത കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു,' ഡി.ജി.സി.എ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10