'മോദിക്ക് അന്ധമായ ഭക്തി, ഇസ്രയേല്‍ 'മോദാനി' സാമ്രാജ്യത്തിന്റെ ഭാഗം'; നെതന്യാഹുവിന്റെ പരാമര്‍ശത്തില്‍ നരേന്ദ്ര മോദിക്കെതിരെ കടുത്ത ആക്ഷേപവുമായി കോണ്‍ഗ്രസ്
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുലർത്തുന്ന മൗനത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. അമേരിക്ക മാത്രമാണ് ഇസ്രയേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ പ്രസ്താവന തള്ളിക്കൊണ്ട്, തങ്ങൾക്ക് ഇന്ത്യയുടെ വലിയ പിന്തുണയുണ്ടെന്ന് നെതന്യാഹു അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്സിലൂടെ കേന്ദ്ര സർക്കാരിനെതിരെ രംഗത്തുവന്നത്. ഇസ്രയേലിന്റെ ക്രൂരമായ നടപടികളിൽ 'വിശ്വഗുരു' എന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി മോദി പുലർത്തുന്ന മൗനം അന്യായമാണെന്നും, ഇത് ഇന്ത്യയുടെ കാലങ്ങളായുള്ള മൂല്യങ്ങളെയും പാരമ്പര്യത്തെയും ഒറ്റിക്കൊടുക്കുന്നതിന് തുല്യമാണെന്നും കോൺഗ്രസ് ആരോപിച്ചു.
ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് 140 കോടി ജനങ്ങളുള്ള ഇന്ത്യയിൽനിന്ന് തങ്ങൾക്ക് വലിയ പിന്തുണയുണ്ടെന്ന് നെതന്യാഹു അവകാശപ്പെട്ടത്. ഫേസ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വലിയ രീതിയിലുള്ള പിന്തുണ ഇന്ത്യൻ ജനതയിൽ നിന്ന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, നെതന്യാഹുവിൻ്റെ ഈ അവകാശവാദം ഇന്ത്യയ്ക്ക് അഭിമാനകരമായ ഒന്നല്ലെന്ന് ജയറാം രമേശ് വ്യക്തമാക്കി. മിസ്റ്റർ നെതന്യാഹുവിന് ഇവിടെ തെറ്റുപറ്റിയെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, ഇസ്രയേൽ 'മോദാനി' സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും നരേന്ദ്ര മോദിക്ക് ഇസ്രയേലിനോട് അന്ധമായ ഭക്തിയാണെന്നും പരിഹസിച്ചു.
കുട്ടികളെപ്പോലും ബാക്കിവെക്കാതെയുള്ള ഗാസയിലെ വംശഹത്യയെയും വെസ്റ്റ് ബാങ്കിലെ പലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കുന്നതിനെയും കോടിക്കണക്കിന് ഇന്ത്യക്കാർ ശക്തമായി അപലപിക്കുന്നുണ്ടെന്ന് ജയറാം രമേശ് ഓർമ്മിപ്പിച്ചു. ഇറാനിലെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ ഉൾപ്പെടെയുള്ള ബോംബാക്രമണങ്ങളും ലെബനനിലെ ക്രൂരമായ സൈനിക നീക്കങ്ങളും മനുഷ്യത്വത്തിന് നേരെയുള്ള കടന്നാക്രമണങ്ങളാണ്. നെതന്യാഹുവിന്റെ ഭരണകൂടം ഇന്ന് ലോകരാഷ്ട്രങ്ങൾക്കിടയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. വൈറ്റ് ഹൗസിൽനിന്നുപോലും നെതന്യാഹു പ്രതിഷേധം നേരിടുമ്പോൾ മോദി പുലർത്തുന്ന മൗനം അംഗീകരിക്കാനാവില്ല. മാനവികതയ്ക്ക് എതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളെ ഇന്ത്യൻ ജനത ഒരിക്കലും പിന്തുണയ്ക്കുന്നില്ലെന്നും കോൺഗ്രസ് നേതാവ് വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.