തിരുവനന്തപുരം: വനംകൊള്ളയുമായി ബന്ധപ്പെട്ട റവന്യു വകുപ്പിന്റെ ഫയല്‍ പുറത്തുവന്നതിന് പിന്നാലെ പ്രതികാര നടപടിയുമായി സർക്കാർ. വിവരവകാശ പ്രകാരം മറുപടി നൽകിയ റവന്യു വകുപ്പ് അണ്ടര്‍ സെക്രട്ടറി ഒ.ജി.ശാലിനിക്കെതിരെയാണ് സര്‍ക്കാര്‍ നടപടി. ശാലിനിയോട് അവധിയില്‍ പോകാന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ആവശ്യപ്പെട്ടു.
വനംകൊള്ള സംബന്ധിച്ച വിവാദ ഉത്തരവില്‍ മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ പങ്ക് സൂചിപ്പിക്കുന്ന ഫയല്‍ പുറത്തുവന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂടിയായ ഒ.ജി. ശാലിനിയെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് ശാസിക്കുകയും രണ്ടു മാസം അവധിയില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അവര്‍ അവധിക്ക് അപേക്ഷയും നല്‍കി.
ഇക്കഴിഞ്ഞ 29 നാണ് തിരുവനന്തപുരം സ്വദേശിക്ക് വിവരാവകാശ പ്രകാരം മറുപടിയും രേഖകളും കൈമാറിയത്. ഇതിലെ മുന്‍മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഇടപെടല്‍ വ്യക്തമാക്കുന്ന വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവരികയും ചെയ്തിരുന്നു.