ന്യൂഡല്‍ഹി: രാജ്യത്ത് ഭരണഘടനയേക്കാള്‍ വലുത് മറ്റൊന്നുമില്ലെന്നും എത്ര ശക്തിയും ധനവുമുണ്ടെങ്കിലും ഭരണഘടനയാണ് പരമപ്രധാനമെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാംലീല മൈതാനത്ത് നടന്ന ഇന്ത്യാ മുന്നണിയുടെ മഹാറാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വോട്ട് മോഷണമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഭാവിയില്‍ നിയമത്തിന് മുന്നില്‍ മറുപടി പറയേണ്ടി വരുമെന്നും രാഹുല്‍ മുന്നറിയിപ്പ് നല്‍കി.
തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷം ലക്ഷക്കണക്കിന് വോട്ടര്‍മാരുടെ വോട്ടുകള്‍ നഷ്ടപ്പെടുന്നുണ്ടെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എയും ഇന്ത്യാ മുന്നണിയും തമ്മില്‍ മൂന്ന് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണുണ്ടായിരുന്നത്. വോട്ട് മോഷണം സാധാരണ കാര്യമല്ല, മറിച്ച് ഇന്ത്യന്‍ പൗരന്മാരുടെ മൗലികാവകാശങ്ങളാണ് അതുവഴി കവര്‍ന്നെടുക്കപ്പെടുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകേണ്ടി വരുമെന്നും, അദ്ദേഹത്തിന് ശേഷം ഞങ്ങള്‍ അധികാരത്തില്‍ വരുമ്പോള്‍ നരേന്ദ്ര മോദിയും അമിത് ഷായും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അതിന് അനുവദിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി. തങ്ങള്‍ക്ക് ഇവരോട് വ്യക്തിപരമായ ശത്രുതയൊന്നുമില്ല, എന്നാല്‍ അവര്‍ രാജ്യത്തിന്റെ ഭരണഘടനയെയും അസ്തിത്വത്തെയുമാണ് ആക്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സമസ്ത മേഖലകളിലും ആര്‍.എസ്.എസ് പിടിമുറുക്കിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. രാജ്യത്തെ മുഴുവന്‍ സമ്പത്തും വെറും മൂന്ന് ആളുകളുടെ കൈകളിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇന്ത്യയെ മുഴുവന്‍ അദാനിക്ക് തീറെഴുതി നല്‍കുന്ന രാജ്യമായി മാറ്റാന്‍ ഞങ്ങള്‍ ഒരിക്കലും അനുവദിക്കില്ല. മൂവരും ചേര്‍ന്ന് രാജ്യത്ത് വിദ്വേഷം പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അതല്ല ഇന്ത്യന്‍ ജനതയും യുവജനങ്ങളും ആഗ്രഹിക്കുന്നത്. വിദ്വേഷത്തിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ഇതൊരു പ്രത്യേക പാര്‍ട്ടിയുടെ മാത്രം പ്രതിഷേധമല്ല, മറിച്ച് മുഴുവന്‍ ഇന്ത്യന്‍ ജനതയുടെയും പ്രതിഷേധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയാണ് ഏറ്റവും വലുത്; ഗ്യാനേഷ് കുമാറും മോദിയും അമിത് ഷായും നിയമത്തിന് മുന്നില്‍ മറുപടി പറയേണ്ടിവരും: രാഹുല്‍ ഗാന്ധി