ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായ 'മുറസു' രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ത്യ നിര്‍ദ്ദേശിച്ച പേരാണിത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണി വരെയുള്ള സമയത്തിനുള്ളില്‍ തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് നെല്ലൂരിനും നരസാപുരത്തിനും ഇടയില്‍ മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ ഇത് ശക്തിയേറിയ ചുഴലിക്കാറ്റായി കരതൊടാന്‍ സാധ്യതയുണ്ട്.
ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും അടുത്ത 2-3 ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ ലഭിച്ചേക്കും. വടക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത പ്രവചിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്.
കൂടാതെ ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് നിലനില്‍ക്കും. ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ച് ദുര്‍ബലമാകുന്നതോടെ കേരളത്തില്‍ ഉച്ചയ്ക്ക് ശേഷമുള്ള സ്വാഭാവിക തുലാവര്‍ഷ മഴ വീണ്ടും സജീവമാകുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
ബംഗാള്‍ ഉള്‍ക്കടലില്‍ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു; കേരളത്തില്‍ 3 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, വിവധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്